Asianet News MalayalamAsianet News Malayalam

അഞ്ച് വര്‍ഷത്തിനു ശേഷം 'പിച്ചൈക്കാരന്' രണ്ടാംഭാഗം; സംവിധാന അരങ്ങേറ്റത്തിന് വിജയ് ആന്‍റണി

തെലുങ്കില്‍ 'ബിച്ചഗഡു 2'

vijay antony to debut as director with pichaikkaran 2
Author
Thiruvananthapuram, First Published Jul 24, 2021, 5:08 PM IST

തമിഴ് താരം വിജയ് ആന്‍റണിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു 2016ല്‍ പുറത്തെത്തിയ പിച്ചൈക്കാരന്‍. തമിഴിന് പുറമെ 'ബിച്ചഗഡു' എന്ന പേരിലെത്തിയ തെലുങ്ക് മൊഴിമാറ്റ പതിപ്പും വലിയ ഹിറ്റ് ആയിരുന്നു. തെലുങ്ക്, ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ക്കു പുറമെ ചിത്രം ഒഡിയ, മറാത്തി, കന്നഡ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയുമുണ്ടായി. ചിത്രത്തിന്‍റെ രണ്ടാംഭാഗം കഴിഞ്ഞ വര്‍ഷം വിജയ് ആന്‍റണി പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു പ്രധാന അപ്ഡേറ്റ് പുറത്തെത്തിയിരിക്കുകയാണ്. 

'പിച്ചൈക്കാരന്‍ 2' (തെലുങ്കില്‍ ബിച്ചഗഡു 2) ന്‍റെ സംവിധാനം നിര്‍വ്വഹിക്കുക വിജയ് ആന്‍റണി തന്നെയാവും എന്നതാണ് അത്. കഴിഞ്ഞ വര്‍ഷം ചിത്രത്തിന്‍റെ പ്രഖ്യാപനവേളയില്‍ ദേശീയ പുരസ്കാരം നേടിയ സംവിധായിക പ്രിയ കൃഷ്‍ണസ്വാമി ചിത്രം സംവിധാനം ചെയ്യുമെന്നാണ്  പറഞ്ഞിരുന്നത്. എന്നാല്‍ അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് അവര്‍ പിന്മാറുകയും 'കോടിയില്‍ ഒരുവന്‍' സംവിധായകന്‍ അനന്ദകൃഷ്‍ണന്‍ പകരം എത്തുകയും ചെയ്‍തു. ആ തീരുമാനവും മാറ്റിയാണ് വിജയ് ആന്‍റണി തന്നെ ചിത്രം സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. സംവിധായകന്‍ എ ആര്‍ മുരുഗദോസ് ആണ് വിജയ് ആന്‍റണി സംവിധായകനാവുന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചത്.

വിജയ് ആന്‍റണി ആദ്യമായി ഒരു സിനിമയുടെ രചയിതാവാകുന്ന ചിത്രം കൂടിയാണ് ഇത്. ശശിയാണ് പിച്ചൈക്കാരന്‍ ആദ്യഭാഗം സംവിധാനം ചെയ്‍തത്. വിജയ് ആന്‍റണി ഫിലിം കോര്‍പ്പറേഷന്‍റെ ബാനറില്‍ നായകന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലുമായി ഒരേ സമയം പൂര്‍ത്തിയാക്കും. 'ബിച്ചഗഡു 2' എന്നായിരിക്കും തെലുങ്കിലെ പേര്. സംഗീതവും വിജയ് ആന്‍റണി തന്നെ നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം തേനി ഈശ്വര്‍ ആണ്. 

Follow Us:
Download App:
  • android
  • ios