വിജയ് ആരാധക സംഘടനയുടെ പേരില്‍ വിജയ്‍യുടെ അച്ഛന്‍ രാഷ്ട്രീയ പാര്‍ട്ടി രജിസ്ട്രേഷന് ശ്രമിച്ചത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇത് വാര്‍ത്തായതിനു തൊട്ടുപിന്നാലെ അത് തന്‍റെ അറിവോടെയല്ലെന്ന വെളിപ്പെടുത്തലുമായി വിജയ്‍യുടെ ഓഫീസും രംഗത്തെത്തി. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ അച്ഛനും മകനുമിടയില്‍ അസ്വാരസ്യങ്ങളുണ്ടെന്നും അച്ഛനോട് വിജയ് ഇപ്പോള്‍ സംസാരിക്കാറില്ലെന്നും അമ്മ ശോഭയും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇപ്പോഴിതാ പുതിയ സാഹചര്യത്തില്‍ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തിയിരിക്കുകയാണ് വിജയ് ആരാധകര്‍.

ALSO READ: വിജയ് ഫാന്‍സ് അസോസിയേഷന്‍റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി; തന്‍റേതല്ല, അച്ഛന്‍റേതെന്ന് വിജയ്

വിജയ് ആരാധക സംഘടനയായ 'വിജയ് മക്കള്‍ ഇയക്കം' പ്രവര്‍ത്തകരാണ് മധുരയില്‍ യോഗം കൂടിയത്. പാലംഗനാഥത്തെ ഒരു സിനിമാ തീയേറ്ററില്‍ നടന്ന യോഗത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടെന്നാണ് ആരാധകരുടെ തീരുമാനം. തങ്ങളുടെ പ്രിയതാരത്തിന്‍റെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുന്ന ഏതൊരു പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനില്‍ക്കാനും യോഗം തീരുമാനമെടുത്തു.

ALSO READ: അച്ഛനോട് വിജയ് ഇപ്പോള്‍ സംസാരിക്കാറില്ലെന്ന് അമ്മ ശോഭ; മകന്‍ അപകട വൃത്തത്തിലെന്ന് ചന്ദ്രശേഖര്‍

പുതിയ വിവാദത്തെത്തുടര്‍ന്ന് ഉയര്‍ന്നുവരുന്ന അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കണമെന്നും വിജയ്‍ക്കൊപ്പമാണ് തങ്ങള്‍ എന്നത് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണമെന്നും യോഗം തീരുമാനിച്ചു. വിജയ് മക്കള്‍ ഇയക്കം മധുര നോര്‍ത്ത് പ്രസിഡന്‍റ് വിജയ് അന്‍പന്‍ കല്ലനൈയുടെ അധ്യക്ഷതയിലായിരുന്നു യോഗം. "അദ്ദേഹത്തിന്‍റെ അച്ഛന്‍ എസ് എ ചന്ദ്രശേഖര്‍ നമ്മുടെയും അച്ഛനെപ്പോലെയാണ്. പക്ഷേ നമ്മള്‍ ദളപതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. അദ്ദേഹം പറയുന്നതുപോലെയേ നമ്മള്‍ പ്രവര്‍ത്തിക്കൂ", യോഗാധ്യക്ഷന്‍ പറഞ്ഞു. വിജയ് മക്കള്‍ ഇയക്കത്തിന്‍റെ എല്ലാ ജില്ലാ ഘടകങ്ങളിലേക്കും യോഗതീരുമാനം എത്തിക്കാനും അംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.