വിജയ് ആരാധകരുടെ ഹൃദയം കീഴടക്കി റെക്കോർഡ് നേട്ടവുമായി ‘മാസ്റ്ററി‘ന്റെ ടീസർ. നവംബർ 14 ന് റിലീസ് ചെയ്ത ടീസറിന് യൂട്യൂബില്‍  ഇതിനോടകം 40 മില്യൺ വ്യൂ ആണ്  ലഭിച്ചിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഈ നേട്ടം ടീസർ സ്വന്തമാക്കിയത്. 

യൂട്യൂബില്‍ ഏറ്റവുമധികം ലൈക്കുകൾ നേടിയിട്ടുള്ള ടീസറുകളിൽ ഒന്ന് മാസ്റ്റേഴ്സിന്റേതെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. ചിത്രത്തിൽ കോളജ് പ്രൊഫസറുടെ വേഷമാണ് വിജയ് അവതരിപ്പിക്കുന്നത്. വിജയ് സേതുപതിയാണ് പ്രതിനായക വേഷത്തിലെത്തുന്നത്. മാളവിക മോഹനൻ, ആൻഡ്രിയ ജെറമിയ, അർജുന്‍ ദാസ്, ശന്തനു ഭാഗ്യരാജ് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

'കൈതി'യുടെ വന്‍ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും കാത്തിരിപ്പേറ്റുന്ന ചിത്രമാണ് മാസ്റ്റർ. ആക്ഷന് പ്രാധാന്യമുള്ള ചിത്രമായിരിക്കും ഇതെന്നായിരുന്നു ടീസര്‍ നല്‍കിയ സൂചന. കോളിവുഡ് ഈ വര്‍ഷം ഏറ്റവും പ്രതീക്ഷ അര്‍പ്പിച്ചിരുന്ന സിനിമകളില്‍ ഒന്നായിരുന്ന ചിത്രം ഏപ്രില്‍ ഒന്‍പതിന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്നതാണ്.