ചെന്നൈ: രാഷ്ട്രീയത്തിലേക്ക് ഉടന്‍ ഇല്ലെന്ന് സൂചന നല്‍കി നടന്‍ വിജയ്. തിടുക്കപ്പെട്ട് പാർട്ടി പ്രഖ്യാപനമല്ല വേണ്ടതെന്നും ആദ്യം ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലണമെന്ന് ആരാധക സംഘടനയോട് വിജയ് പറഞ്ഞു. സന്നദ്ധസഹായങ്ങൾ വർധിപ്പിക്കണമെന്ന് ആരാധക സംഘടനയോട് വിജയ് നിര്‍ദ്ദേശിച്ചു. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങണമെന്ന് നിർദേശം. 

രാഷ്ട്രീയ പ്രവേശനം വീണ്ടും ചർച്ചയാക്കുന്നതിനിടെ ഫാൻസ് അസോസിയേഷൻ പ്രതിനിധികളുമായി നടൻ വിജയ് കൂടിക്കാഴ്ച നടത്തിയത്. ചെന്നൈയിലെ വസതിയിലായിരുന്നു യോഗം. വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് ആവശ്യം ആരാധക സംഘടന ആവർത്തിച്ചു. 2021 ൽ മത്സരിക്കണമെന്നായിരുന്നു വിജയ് മക്കൾ ഇയക്കത്തിന്‍റെ അഭ്യര്‍ത്ഥന. എന്നാല്‍, ജനങ്ങൾക്കിടയിൽ ആദ്യം ഇറങ്ങി പ്രവർത്തിക്കുകയാണ് വേണ്ടതെന്ന് വിജയ് യോഗത്തിൽ പറഞ്ഞു. വിജയ് മക്കൾ ഇയത്തിന്റെ പ്രവർത്തനം വിപുലമാക്കണമെന്ന് വിജയ് നിര്‍ദ്ദേശിച്ചു. പ്രത്യേക കർമ്മ പദ്ധതികൾ തകാറാക്കാനും നിർദ്ദേശം. 

അതിനിടെ, വിജയ് വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് തമിഴ്നാട്ടിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. 2021 ലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്ന് വിശേഷിപ്പിച്ചാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ജയലളിതക്കും കരുണാനിധിക്കും ഒപ്പം വിജയ്‍യുടെ ചിത്രവും ഉള്‍പ്പെടുത്തിയാണ് പോസ്റ്ററുകള്‍. വിജയ് മക്കൾ ഇയക്കമാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.