മോഹന്‍ലാല്‍ നായകനാവുന്ന 'ദൃശ്യം 2'ന്‍റെ പ്രധാന ലൊക്കേഷന്‍ തൊടുപുഴ ആയിരുന്നു. കൊവിഡ് പ്രതിസന്ധിക്കുശേഷം ആരംഭിച്ച ആദ്യ സൂപ്പര്‍സ്റ്റാര്‍ ചിത്രം എന്ന നിലയില്‍ സിനിമാമേഖലയുടെയും പ്രേക്ഷകരുടെയും വലിയ ശ്രദ്ധ നേടിയ പ്രോജക്ട് ആണിത്. മലയാളസിനിമയുടെ ഇഷ്ട ലൊക്കേഷനുകളിലൊന്നായ തൊടുപുഴയില്‍ ഇപ്പോഴിതാ മറ്റൊരു സിനിമകൂടി ചിത്രീകരണം ആരംഭിച്ചിരിക്കുന്നു. വിജയ് സേതുപതിക്കൊപ്പം നിത്യ മേനന്‍, ഇന്ദ്രജിത്ത്, ഇന്ദ്രന്‍സ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 19 (1)(എ) എന്ന സിനിമയാണ് തൊടുപുഴയില്‍ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നത്. ഷെഡ്യൂളില്‍ വിജയ് സേതുപതി ജോയിന്‍ ചെയ്തിട്ടുമുണ്ട്.

വിജയ് സേതുപതിയുടെ രണ്ടാമത്തെ മലയാളചിത്രമാണ് ഇത്. നേരത്തെ ജയറാം നായകനായ 'മാര്‍ക്കോണി മത്തായി'യില്‍ വിജയ് സേതുപതിയായിത്തന്നെ താരം എത്തിയിരുന്നു. ഇതൊരു അതിഥി വേഷവുമായിരുന്നു. നവാഗതയായ ഇന്ദു വി എസ് ആണ് 19 (1)(എ)യുടെ സംവിധാനം. ആന്‍റോ ജോസഫ് ആണ് നിര്‍മ്മാണം.

 

പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്നത് എന്ന് കരുതപ്പെടുന്ന ചിത്രത്തിന്‍റെ രചനയും സംവിധായികയാണ്. ഛായാഗ്രഹണം മനേഷ് മാധവന്‍. എഡിറ്റിംഗ് വിജയ് ശങ്കര്‍. സംഗീതം ഗോവിന്ദ് വസന്ത. ഇന്ത്യന്‍ ഭരണഘടനയില്‍ അഭിപ്രായ, ആവിഷ്കാര സ്വാതന്ത്ര്യങ്ങള്‍ പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്ന ആര്‍ട്ടിക്കിള്‍ ആണ് ആര്‍ട്ടിക്കിള്‍ 19.