വിജയ് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന 'മാസ്റ്റര്‍' സിനിമയുടെ ടീസര്‍ റിലീസ് പ്രഖ്യാപിച്ചു.  നവംബര്‍ 14 ദീപാവലി ദിനത്തിൽ 6മണിക്കാണ്  ടീസര്‍ പുറത്തിറങ്ങുന്നത്. മാസ്റ്ററിന്‍റെ ഒരു പ്രധാന അപ്‍ഡേറ്റ് ഇന്ന് വൈകിട്ട് ആറിന് പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കപ്പെടുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടീസർ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. 

ടീസറിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചതോടെ ഏറെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 'ക്ഷമയ്ക്കും പിന്തുണയ്ക്കും എല്ലാവർക്കും നന്ദി'എന്നാണ് ലോകേഷ് കനകരാജ് ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. വിജയ്‍യും വിജയ് സേതുപതിയും ഒരുമിക്കുന്ന ചിത്രം എന്ന നിലയിലും 'കൈതി'യുടെ വന്‍ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും പ്രഖ്യാപനസമയം മുതലേ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് മാസ്റ്റര്‍. 

കോളിവുഡ് ഈ വര്‍ഷം ഏറ്റവും പ്രതീക്ഷ അര്‍പ്പിച്ചിരുന്ന സിനിമകളില്‍ ഒന്നായിരുന്ന ചിത്രം ഏപ്രില്‍ ഒന്‍പതിന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്നതാണ്. എന്നാൽ കൊവിഡിനെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. മാളവിക മോഹന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ശന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ ജെറമിയ, ബ്രിഗദ, ഗൗരി കിഷന്‍, അര്‍ജുന്‍ ദാസ് തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം സത്യന്‍ സൂര്യന്‍. 

Read More:'ഇന്ന് വൈകിട്ട് ആറിന്'! എന്താവും വിജയ് കാത്തുവച്ചിരിക്കുന്ന ദീപാവലി സര്‍പ്രൈസ്?