ചെന്നൈ: കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള നടൻ വിജയകാന്തിന്‍റെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ. മരുന്നുകളോട് നല്ല രീതിയിൽ പ്രതികരിക്കുന്നു. ഉടൻ ആശുപത്രി വിടാനായേക്കുമെന്നും വിദഗ്ധ ഡോക്ടർമാരുടെ സംഘത്തിന്‍റെ പ്രത്യേക നിരീക്ഷണത്തിലാണ് വിജയകാന്ത് എന്നും ആശുപത്രി അധികൃതർ അറിയിച്ചു.

സെപ്റ്റംബർ 24 നാണ് വിജയകാന്തിന് കൊവിഡ് സ്ഥിരീകരിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടാഴ്ച മുമ്പ് ആശുപത്രി വിട്ടെങ്കിലും ആരോഗ്യനില മോശമായതോടെ ചൊവ്വാഴ്ച വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

2005 ല്‍ സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ചതിന് ശേഷം കുറച്ചു ചിത്രങ്ങളിലേ അദ്ദേഹം അഭിനയിച്ചിട്ടുള്ളൂ. മൂന്ന് തവണ തമിഴ്‍നാട് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2011-16ല്‍ ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലത്ത് നിയമസഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനവും വഹിച്ചിട്ടുണ്ട്. നിലവില്‍ ഡിഎംഡികെ ജനറല്‍ സെക്രട്ടറി ആണ്. സൗത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍റെ പ്രസിഡന്‍റുമാണ് അദ്ദേഹം.