മുംബൈ: മരിച്ച ബോളിവുഡ് നടൻ ഇർഫാൻ ഖാന് ആദരവുമായി മഹാരാഷ്ട്രയിലെ ഇഗട്പുരി ​ഗ്രാമം. ഒരു പ്രദേശത്തിന് 'നായകന്റെ ദേശം'(ഹീറോ-ചി-വാഡി)എന്ന് പേര് നൽകിയാണ് ഈ ഗ്രാമം ഇർഫാൻ ഖാനോടുള്ള ആദരം പ്രകടിപ്പിച്ചത്. 

എളിമയുള്ള മനുഷ്യൻ എന്നാണ് ഇർ‌ഫാനെ‌ പലപ്പോഴും വിശേഷിപ്പിച്ചിരുന്നത്. ഇർഫാൻ ഇഗട്പുരി ഗ്രാമീണരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. കൂടാതെ പല അവസരങ്ങളിലും അവരുടെ സഹായത്തിനായി എത്തിയിരുന്നതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഈ ഗ്രാമത്തിൽ ഇർഫാൻ ഭൂമി വാങ്ങിയതിനു ശേഷമാണ് ഗ്രാമീണരുമായി അടുത്ത ബന്ധം ആരംഭിച്ചത്. ഇവരുമായി സംസാരിക്കുകയും അവരുടെ ബുദ്ധിമുട്ടുകളെ കുറിച്ച് മനസിലാക്കുകയും ചെയ്തതോടെ ഇർഫാൻ അവരെ സഹായിക്കുകയായിരുന്നു.

ഗ്രാമത്തിലെ ആദിവാസി വിഭാഗത്തിലുള്ള വിദ്യാർഥികൾക്ക് ബുക്കുകളും മഴക്കോട്ടുകളും മധുരപലഹാരങ്ങളും മറ്റ് അവശ്യ വസ്തുക്കളും ഇർഫാൻ നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ​ഗ്രാമത്തിൽ ഇർഫാന്റെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് അദ്ദേഹത്തോടുള്ള ആദരസൂചകമായി 'നായകന്റെ ദേശം' എന്ന് പേര് നൽകിയത്. ക്യാൻസർ ബാധയെ തുടർന്ന് ഏപ്രിൽ 29നായിരുന്നു ഇർഫാൻ ഖാൻ അന്തരിച്ചത്.