'കളങ്കാവൽ' സിനിമയുടെ പ്രൊമോഷൻ അഭിമുഖത്തിൽ, നടൻ വിനായകൻ പൊതുവേദികളിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ കാരണം വ്യക്തമാക്കി. തനിക്ക് പൊതുവേദികളിൽ സംസാരിക്കാനോ ആൾക്കൂട്ടത്തെ കൈകാര്യം ചെയ്യാനോ അറിയില്ലെന്ന് വിനായകന്‍ പറയുന്നു.

ഡാൻസിലൂടെ സിനിമയിൽ എത്തി ഇന്ന് പാൻ ഇന്ത്യൻ ലെവലിൽ തിളങ്ങി നിൽക്കുന്ന നടനാണ് വിനായകൻ. മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന കളങ്കാവൽ ആണ് വിനായകന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. പടത്തിൽ പൊലീസ് വേഷത്തിലാണ് വിനായകൻ എത്തുന്നത്. സിനിമയിലെ നായകനാണ് വിനായകനെന്നാണ് പറയപ്പെടുന്നതും. എന്ത് കഥാപാത്രമാണ് അല്ലെങ്കിൽ എന്ത് വിരുന്നാണ് വിനായകൻ പ്രേക്ഷകർക്കായി കരുതി വച്ചിരിക്കുന്നതെന്ന് ഡിസംബർ 5ന് അറിയാനാകും.

സിനിമകളിൽ അഭിനയിച്ച ശേഷം അങ്ങനെ പൊതുവേദികളിലൊന്നും തന്നെ വിനായകനെ അധികം കാണാറില്ല. അതെന്താണെന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് നടൻ ഇപ്പോൾ. കളങ്കാവൽ പ്രൊമോഷൻ ഇന്റർവ്യൂവിൽ ആയിരുന്നു വിനായകന്റെ പ്രതികരണം.

"സിനിമ, സിനിമയുടെ ബിസിനസ്. അതാണ് പ്രധാനമായും ഞാൻ നോക്കാറുള്ളത്. ജനങ്ങൾക്ക് മുന്നിൽ സംസാരിക്കാനറിയില്ല. പൊതുവേദിയിൽ സംസാരിക്കാൻ അറിയില്ല. അതിന്റേതായ കുറേ പ്രശ്നങ്ങളുണ്ട്. പൊതുവേദികളിൽ എത്താൻ താല്പര്യമില്ലെന്നല്ല, താല്പര്യമുണ്ട്. പക്ഷേ പറ്റുന്നില്ല. പിന്നെ പത്ത് പേരിൽ രണ്ടുപേർ എന്നെ ചൊറിയും. എന്റെ സ്വഭാവം അനുസരിച്ച് ഞാൻ എന്തെങ്കിലും പറയും അത് പ്രശ്നമാവും. അതിനെക്കാൾ നല്ലത് വീടിനകത്ത് ഇരിക്കുക", എന്നാണ് ജുവൽ മേരിയുടെ ചോദ്യത്തിന് വിനായകൻ നൽകിയ മറുപടി.

"ആൾക്കൂട്ടം കാണുന്നത് എനിക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല. എനിക്കത് കൈകാര്യം ചെയ്യാൻ അറിയില്ല. ശരിക്കും അതെന്റെ പ്രശ്നമാണ്. ഞാനായിട്ട് പുറത്തിറങ്ങുമ്പോൾ വേറെ പ്രശ്നങ്ങളുണ്ടാകുന്നുണ്ട്. അതാണ് യാഥാർത്ഥ്യം. അല്ലാതെ നാട്ടുകാരെ വിട്ടിട്ട് ഓടുന്നതല്ല. എന്റെ കഴിവുകേടാണത്. അല്ലാതെ ആരോടും ദേഷ്യമില്ല", എന്നും വിനായകൻ കൂട്ടിച്ചേർത്തു.

Crossing The Yellow Tape with Vinayakan | Kalamkaval Special | Mammootty | MammoottyKampany

ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവല്‍. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്