ഹണി റോസ് ടൈറ്റിൽ റോളിലെത്തുന്ന 'റേച്ചൽ' ഡിസംബർ 12-ന് തിയേറ്ററുകളിലെത്തും. നവാഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഈ റിവഞ്ച് ത്രില്ലറിന്റെ സഹരചന നിർവഹിച്ചിരിക്കുന്നത് എബ്രിഡ് ഷൈനാണ്. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യും.

പ്രണയവും നൊമ്പരവും പകയും സംഘർഷവും രക്തചൊരിച്ചിലും എല്ലാം ചേർന്നൊരു സിനിമാനുഭവം സമ്മാനിക്കാനായി തിയേറ്റുകളിൽ എത്താനൊരുങ്ങുകയാണ് ഹണി റോസ് നായികയായെത്തുന്ന 'റേച്ചൽ'. ഡിസംബർ 12നാണ് സിനിമയുടെ റിലീസ്. കരിയറിലെ ഏറ്റവും ശക്തമായ വേഷത്തിൽ എത്താൻ ഹണി റോസ് ഒരുങ്ങുകയാണ്. ഈ അവസരത്തിൽ പടത്തിന്റെ ടൈറ്റിൽ ട്രാക്ക് വരുന്നുവെന്ന വിവരം പുറത്തുവരികയാണ്. നാളെ വൈകുന്നേരം അഞ്ച് മണിക്ക് ടൈറ്റ് ട്രാക്ക് ലിറിക് വീഡിയോ പുറത്തുവരും.

പാലായിൽ നിന്നെത്തിയ വേട്ടക്കാരൻ പോത്തുപാറ ജോയിച്ചന്‍റെ മകള്‍ റേച്ചലായി കരിയറിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ ഹണി റോസ് ഞെട്ടിക്കാനെത്തുന്ന 'റേച്ചൽ' 5 ഭാഷകളിലായാണ് റിലീസിനെത്തുന്നത്. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹരചയിതാവാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് ഇറച്ചി വെട്ടുകാരിയായി ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ചിത്രമെന്നതാണ് സിനിമയുടെ ഹൈലൈറ്റ്. ജോയിച്ചനായി ബാബുരാജും ശ്രദ്ധേയ വേഷത്തിലുണ്ട്.

മലയാളം കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഹണി റോസിനേയും ബാബുരാജിനേയും റോഷനേയും കൂടാതെ ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി കെ ജോൺ, ദിനേശ് പ്രഭാകര്‍, ഡേവിഡ്, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഒരു റിവ‌ഞ്ച് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് അറിയാനാകുന്നത്.

ബാദുഷാസ് സിൽവർ സ്ക്രീൻ എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറില്‍ മഞ്ജു ബാദുഷ, ഷാഹുൽ ഹമീദ്, രാജന്‍ ചിറയിൽ എന്നിവർ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ മണപ്പാട്ടിന്‍റെ കഥയ്ക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു. ദേശീയ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളായ പ്രഗത്ഭർ റേച്ചലിന്‍റെ സാങ്കേതികമേഖലയിൽ അണിനിരക്കുന്നുണ്ട്. ശ്രീ പ്രിയ കമ്പയിൻസിലൂടെ ബാദുഷാസ് സിൽവർ സ്ക്രീൻ എന്‍റർടെയ്ൻമെന്‍റ് ആണ് ചിത്രത്തിന്‍റെ വിതരണം നിർവ്വഹിക്കുന്നത്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്