ബിഗ് ബജറ്റ് ചിത്രത്തില്‍ സിജു വില്‍സണ്‍ ആണ് നായകന്‍

തന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് പിരീഡ് ഡ്രാമയിലെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ അവതരിപ്പിച്ച് വിനയന്‍ (Vinayan). പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ 16-ാമത്തെ ക്യാരക്റ്റര്‍ പോസ്റ്ററാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. 'കുഞ്ഞുപിള്ള' എന്ന പ്രമാണിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ടിനി ടോം (Tiny Tom) ആണ്. ഈ കഥാപാത്രത്തിനുവേണ്ടി ആറ് മാസത്തെ തയ്യാറെടുപ്പാണ് ടിനി നടത്തിയതെന്നും വ്യത്യസ്‍തമായ ഒരു അബിനയശൈലി പ്രേക്ഷകര്‍ക്ക് കാണാമെന്നും വിനയന്‍ പറയുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിലെ 'കുഞ്ഞുപിള്ള'യെക്കുറിച്ച് സംവിധായകന്‍

പത്തൊൻപതാം നൂറ്റാണ്ടിന്‍റെ പതിനാറാമത് ക്യാരക്റ്റര്‍ പോസ്റ്റര്‍ കുഞ്ഞുപിള്ള എന്ന കുതന്ത്രശാലിയായ പ്രമാണിയുടേതാണ്. അടിയാളന്മാർക്ക് തമ്പുരാക്കൻമാരുടെ അടുത്തു പോലും നിൽക്കാൻ അവകാശമില്ലാതിരുന്ന ആ കാലത്ത്, എല്ലാരോടും ചിരിച്ചു കളിച്ചു സംസാരിക്കുകയും പെരുമാറുകയും ചെയ്തിരുന്ന ആളാണ് കുഞ്ഞുപിള്ള. പക്ഷേ അയാളുടെ മനസ്സിൽ അധസ്ഥിതരോട് തികഞ്ഞ അവജ്ഞയാണ് ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ അടിയാളൻമാരുടെ രക്ഷകനായ ആറാട്ടുപുഴ വേലായുധച്ചേകവരെ നശിപ്പിക്കാൻ കൂട്ടം ചേർന്നവരുടെ കൂടാരത്തിൽ കുഞ്ഞുപിള്ളയും എത്തി. പ്രിയങ്കരനായ ടിനി ടോം ആണ് കുഞ്ഞുപിള്ളയെ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തിനായി ആറു മാസത്തോളം പ്രിപ്പറേഷൻ നടത്തിയ ടിനിടോമിൽ നിന്ന് അദ്ദേഹം ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത വ്യത്യസ്തമായ ഒരു അഭിനയശൈലി പ്രേക്ഷകനു കാണാം. ശ്രീ ഗോകുലം ഗോപാലന്‍റെ നിർമ്മാണത്തിൽ വലിയ ക്യാൻവാസിൽ എടുക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ആ കാലഘട്ടത്തോടു തികച്ചും നീതി പുലർത്തുന്ന ആവിഷ്‍കരണശൈലിയാണ് ഉപയോഗിച്ചിരിക്കുന്നത്. 2022 വിഷുവിന് ചിത്രം തീയറ്ററിൽ എത്തിക്കാമെന്നു പ്രതീക്ഷിക്കുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ ആണ് സിനിമയുടെ പശ്ചാത്തലം. നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധ പണിക്കരുടെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സിജു വില്‍സണ്‍ ആണ്. കയാദു ലോഹര്‍ ആണ് നായിക. ചെമ്പന്‍ വിനോദ്, അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത്ത് രവി, അശ്വിന്‍, ജോണി ആന്‍റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, മണിക്കുട്ടന്‍, വിഷ്ണു വിനയ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ചേര്‍ത്തല ജയന്‍, കൃഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ഗോകുലന്‍, വി കെ ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര രാധാകൃഷ്ണന്‍, സലിം ബാവ, ജയകുമാര്‍, നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയചന്ദ്രന്‍, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്ത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, ദുര്‍ഗ കൃഷ്ണ, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.