ജയസൂര്യ ആദ്യമായി നായകവേഷത്തില്‍ അഭിനയിച്ച ചിത്രമാണ് ഊമപ്പെണ്ണിനു ഉരിയാട പയ്യൻ. ചിത്രത്തിന് നേരെ വിലക്കിനു ശ്രമമുണ്ടായിരുന്നെന്ന് സംവിധായകൻ വിനയൻ പറഞ്ഞു. തന്നെ മലയാള സിനിമാ വ്യവസായത്ത് നിന്നു തന്നെ പുറത്താക്കുമെന്ന് ദിലീപ് ഒരിക്കല്‍ പറഞ്ഞിരുന്നുവെന്നും അതിന്റെ തുടര്‍ച്ചയാണ് വിലക്കുണ്ടായതെന്നും വിനയൻ പറഞ്ഞു. ജയസൂര്യയുടെ ഫോട്ടോ നല്‍കാൻ പോലും ചലച്ചിത്ര വാരികയെ വിലക്കിയവരുണ്ടെന്നും വിനയൻ പറഞ്ഞു. പ്രേംനസീർ സാംസ്‍കാരിക സമിതിയും കണ്ണൂരിലെ എയറോസിസ് കോളജും ചേർന്നു ഏർപ്പെടുത്തിയ പ്രേംനസീർ ചലച്ചിത്ര രത്നം അവാർഡ് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു വിനയൻ.

ഊമപ്പെണ്ണിനു ഉരിയാട പയ്യൻ എന്ന സിനിമ ചെയ്യുന്ന കാലത്ത് നടൻ ജയസൂര്യയുടെ ചിത്രം നൽകാൻ പോലും ചലച്ചിത്ര വാരികയെ വിലക്കിയവരാണ് സിനിമ രംഗത്തുള്ളവർ. പുതിയവർ വന്നാൽ തങ്ങളുടെ അവസരം നഷ്‍ടപ്പെടുമോയെന്നു ഭയന്ന ചിലരായിരുന്നു ഇതിനു പിന്നിൽ- വിനയൻ പറഞ്ഞു. മാക്ടയുടെ നേതൃത്വത്തിലുണ്ടായിരുന്ന കാലത്ത് 40 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയിട്ട് ഒരു സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ തയാറാകാതിരുന്നപ്പോള്‍ അതു ശരിയല്ലെന്നു കര്‍ശനമായി പറഞ്ഞിരുന്നു,അന്ന് മലയാള സിനിമ വ്യവസായത്തില്‍ നിന്നു തന്നെ പുറത്താക്കുമെന്നായിരുന്നു നടന്‍ ദിലീപ് പറഞ്ഞത്. അതിന്റെ തുടര്‍ച്ചയായിരുന്നു തനിക്കെതിരെയുള്ള വിലക്കെന്ന് വിനയന്‍ വെളിപ്പെടുത്തുന്നു.