മലയാളം സീരിയലുകൾക്ക് സെൻസർഷിപ്പ് ആവശ്യമാണെന്ന് നടി വിന്ദുജ മേനോൻ. സിനിമയിലെന്ന പോലെ മിനിസ്ക്രീനിലും മാറ്റം അനിവാര്യമാണെന്നും വിന്ദുജ കൂട്ടിച്ചേർത്തു.

കൊച്ചി: മലയാളം സീരിയലുകൾക്ക് സെൻസർഷിപ്പ് ആവശ്യമെന്ന് നടി വിന്ദുജ മേനോൻ. സീരിയലുകൾ മാറേണ്ട സമയം കഴിഞ്ഞെന്നും സിനിമയിലുണ്ടായ മാറ്റം മിനിസ്ക്രീനിലും അനിവാര്യമാണെന്നും താരം കൂട്ടിച്ചേർത്തു. ടൈംസ് ഓഫ് ഇന്ത്യക്കു നൽകിയ അഭിമുഖത്തിലാണ് വിന്ദുജ മേനോൻ നിലപാട് വ്യക്തമാക്കിയത്.

''മലയാളം സീരീയലുകൾക്ക് തീർച്ചയായും സെൻസർഷിപ്പ് ആവശ്യമാണ്, സിനിമയെക്കാളും അധികം. കാരണം എല്ലാ ദിവസം ജനങ്ങൾ കാണുന്നതാണ് ഈ സീരിയലുകൾ. മലയാളം സിനിമയിൽ പുതിയ പരീക്ഷണങ്ങളും സാങ്കേതികപരമായ മാറ്റങ്ങളും നടക്കുമ്പോഴും നമ്മുടെ സീരീയലുകൾ ഇപ്പോഴും പഴയ ആ രീതിയിൽ തന്നെയാണ് മുൻപോട്ടു പോകുന്നത്. അതി നാടകീയമായ ഫോർമുലകളാണ് ഇപ്പോഴും കാണുന്നത്. 

സിനിമയിൽ എപ്പോഴേ റിയലിസ്റ്റിക് അപ്രോച്ച് വന്നുകഴിഞ്ഞു. പക്ഷേ, ടിവി സീരിയലുകൾ ഇപ്പോഴും പറഞ്ഞു പഴകിയ കാര്യങ്ങൾ കാണിച്ചുകൊണ്ടേയിരിക്കുകയാണ്. സീരിയലിൽ കാണുന്നതുപോലെയല്ല എല്ലാ അമ്മായിഅമ്മമാരും മരുമക്കളും. ഇതേക്കുറിച്ചെല്ലാം ചില തെറ്റായ ധാരണകളാണ് സീരിയലുകൾ സൃഷ്ടിക്കുന്നത്. മലയാളം സീരിയലുകൾക്കു പിന്നിൽ പ്രവർത്തിക്കുന്നവർ കൂടുതൽ ഉത്തരവാദിത്തപരമായ സമീപനത്തോടെ ഇനിയെങ്കിലും മുൻപോട്ടു പോകും എന്നു ഞാൻ പ്രതീക്ഷിക്കുന്നു'', വിന്ദുജ മേനോൻ പറ‍ഞ്ഞു.

കഥാപാത്രങ്ങളിൽ പുതുമയില്ലാത്തതു കൊണ്ടു തന്നെ പല സീരിയൽ ഓഫറുകളും താൻ നിരസിച്ചിട്ടുണ്ടെന്നും വിന്ദുജ മേനോൻ പറഞ്ഞു. മലയാളം സീരിയലുകളിൽ കുട്ടികളെ കാണിക്കുന്ന രീതിയോടും തനിക്ക് വിയോജിപ്പുണ്ടെന്ന് വിന്ദുജ മേനോൻ കൂട്ടിച്ചേർത്തു.

''പ്രതികാരദാഹികളായ കുട്ടികളെയാണ് സീരിയലുകളിൽ കാണിക്കുന്നത്. മറ്റുള്ളവർക്ക് വിഷം വരെ നൽകുന്ന കുട്ടികൾ... എനിക്കിതൊന്നും ഉൾക്കൊള്ളാനേ കഴിയുന്നില്ല. ഇത്തരം സീനുകൾ ടെലിവിഷനിൽ കാണിക്കാനേ പാടില്ല. ഇത്തരം നെഗറ്റിവിറ്റി നിറഞ്ഞ കണ്ടന്റുകൾ സെൻസർ ചെയ്യുക തന്നെ വേണം'', വിന്ദുജ മേനോൻ പറ‍ഞ്ഞു.

'ഞാൻ എന്ത് പറയാനാണ്': രേണുവിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ഷിയാസ് കരീം

കരഞ്ഞുകൊണ്ടിരിക്കുന്ന കഥാപാത്രം അവതരിപ്പിക്കാൻ താത്പര്യമില്ല; വിശേഷങ്ങളുമായി പ്രേക്ഷകരുടെ വേദ