'ഹൃദയം' എന്ന ചിത്രത്തില്‍ നായകൻ ഭക്ഷണം കഴിക്കുന്ന കടയെ കുറിച്ച് വിനീത് ശ്രീനിവാസൻ.
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലുള്ള ചിത്രം 'ഹൃദയ'ത്തിന്റെ (Hridayam) ആവേശത്തിലാണ് ഇപ്പോഴും ആരാധകര്‍. പ്രണവ് മോഹൻലാല്‍ ചിത്രം അത്രകണ്ട് വിജയമാണ് സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്. 'ഹൃദയം' എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായിരിക്കുന്നു. ഇപ്പോഴിതാ തന്റെ ചിത്രത്തിലെ നായകനും നായികയും ഭക്ഷണം കഴിച്ച ഹോട്ടലിന്റെ വിവരങ്ങള്‍ തിരക്കിയവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.
'ഹൃദയം' കണ്ട ഒരുപാടു പേർ ചോദിച്ച ഒരു കാര്യമാണ്, അരുണും നിത്യയും പൊറോട്ടയും ബീഫും കഴിക്കുന്ന കട ഏതാണെന്ന്. കൊല്ലങ്കോടു നിന്നും പൊള്ളാച്ചി പോവുന്ന റൂട്ടിൽ രണ്ടര കിലോമീറ്റർ പോയാൽ എടച്ചിറ എന്ന സ്ഥലത്തെത്തും. അവിടെയുള്ള അയ്യപ്പേട്ടന്റെ കടയാണത്. സുരാജേട്ടനും ഹരീഷ് കണാരനുമാണ് എന്നെ അവിടെ ആദ്യം കൊണ്ടുപോയത്. കിടിലം ഊണ് കിട്ടും അവിടെ. ബൺ പൊറോട്ട ഞങ്ങൾ ഷൂട്ടിനു വേണ്ടി ഒരാളെ വരുത്തി ചെയ്യിച്ചതാണ്. അയ്യപ്പേട്ടന്റെ കടയിൽ ഇപ്പൊ പൊറോട്ട ഉണ്ടോ എന്നറിയില്ല. പക്ഷെ അദ്ദേഹം കൈപ്പുണ്യം ഉള്ള മനുഷ്യനാണ്. എന്തുണ്ടാക്കിയാലും നല്ല രുചിയാണ് എന്ന് വിനീത് ശ്രീനിവാസൻ ഫേസ്‍ബുക്കില്‍ എഴുതിയിരിക്കുന്നു.
മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്‍മണ്യമാണ് 'ഹൃദയം' നിര്‍മിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍.
പ്രണവ് മോഹൻലാലിന് പുറമേ ദര്‍ശന, കല്യാണി പ്രിയദര്‍ശൻ, അരുണ്‍ കുര്യൻ, പ്രശാന്ത് നായര്‍, ജോജോ ജോസ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. 'ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യ'മെന്ന ചിത്രം പുറത്തിറങ്ങി ആറ് വര്‍ഷത്തിനു ശേഷമാണ് വിനീത് ശ്രീനിവാസന്റെ 'ഹൃദയം' എത്തിയിരിക്കുന്നത്. 'ഹൃദയം' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റായതിനാല്‍ റിലീസിനായി വലിയ കാത്തിരിപ്പുമായിരുന്നു. വളരെ കൃത്യമായിട്ടാണ് ചിത്രത്തിലെ ഓരോ ഗാനവും ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നുമാണ് 'ഹൃദയം' കണ്ടവരുടെ അഭിപ്രായങ്ങൾ.
