Asianet News MalayalamAsianet News Malayalam

'ചമ്പക്കുളം തച്ചന്‍' സമയത്തെ മുരളി, 'കമലദള'ത്തിലെ മാല; പ്രണവിന്‍റെ കഥാപാത്രത്തെക്കുറിച്ച് വിനീത് ശ്രീനിവാസന്‍

"വര്‍ഷങ്ങള്‍ക്ക് ശേഷത്തിലെ എല്ലാ അഭിനേതാക്കള്‍ക്കും നമ്മള്‍ റെഫറന്‍സുകള്‍ എടുത്തിട്ടുണ്ട്"

vineeth sreenivasan about pranav mohanlal look in Varshangalkku Shesham
Author
First Published Apr 4, 2024, 12:48 PM IST

മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ ഏറ്റവുമധികം പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, ബേസില്‍ ജോസഫ്, കല്യാണി പ്രിയദര്‍ശന്‍, നിവിന്‍ പോളി തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്. പഴയ മദ്രാസിലെ സിനിമാനിര്‍മ്മാണരംഗം പശ്ചാത്തലമാക്കുന്ന ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തിലെ പ്രണവിന്‍റെ ലുക്ക് തീരുമാനിച്ചത് എങ്ങനെയെന്ന് പറയുകയാണ് വിനീത് ശ്രീനിവാസന്‍. സില്ലി മോങ്ക്സിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം പറയുന്നത്.

"വര്‍ഷങ്ങള്‍ക്ക് ശേഷത്തിലെ എല്ലാ അഭിനേതാക്കള്‍ക്കും നമ്മള്‍ റെഫറന്‍സുകള്‍ എടുത്തിട്ടുണ്ട്. ഞാന്‍ അങ്ങനെ ജൂബ ഇട്ട് കണ്ടിട്ടുള്ള ഒരാള്‍ മുരളിച്ചേട്ടനാണ്. ചമ്പക്കുളം തച്ചന്‍റെ ഷൂട്ടിന്‍റെ സമയത്ത് റെയ്ബാന്‍ ഹോട്ടലില്‍ നമ്മള്‍ താമസിക്കുമ്പോള്‍ ദൂരെനിന്ന് കവിത പാടിക്കൊണ്ട് വരുന്ന മുരളിച്ചേട്ടന്‍. ജൂബയും മുണ്ടും തോള്‍സഞ്ചിയുമായിരുന്നു അദ്ദേഹത്തിന്‍റെ വേഷം. എന്‍റെ മനസില്‍ അതായിരുന്നു പ്രണവിനെക്കുറിച്ചുള്ള ചിത്രം. കാറ്റില്‍ ആടിപ്പോവുന്ന ഒരു മനുഷ്യന്‍. എന്നിട്ട് കമലദളത്തില്‍ ലാല്‍ അങ്കിള്‍ ഇട്ടിട്ടുള്ള മാലയുണ്ടല്ലോ. അതുപോലെ ഒന്ന് കൊടുക്കാന്‍ പറ്റുമോ എന്ന് കോസ്റ്റ്യൂം ഡിസൈനറോട് ഞാന്‍ ചോദിച്ചു. മുരളിച്ചേട്ടന്‍റെ പേര് തന്നെയാണ് അപ്പുവിന് (പ്രണവ്) ഇട്ടിട്ടുള്ളത്. മുരളി എന്നാണ് അപ്പുവിന്‍റെ ക്യാരക്റ്ററിന്‍റെ പേര്", വിനീത് പറയുന്നു.

പ്രണവ് മോഹൻലാൽ നായകനായ ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രത്തിൻ്റെയും നിർമ്മാണം. വമ്പൻ ക്യാൻവാസിൽ വലിയൊരു താരനിരയുമായി ഒരുക്കിയിരിക്കുന്ന ചിത്രം റംസാൻ - വിഷു റിലീസായി ഏപ്രിൽ പതിനൊന്നിന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും. അജു വർഗീസ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

ALSO READ : 54 ദിനങ്ങള്‍; തമിഴ്നാട് തിയറ്ററുകള്‍ക്ക് രക്ഷയായി മോളിവുഡ്; നാല് ചിത്രങ്ങള്‍ ചേര്‍ന്ന് നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios