ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഫെബ്രുവരി 18ന് ഹൃദയം പ്രീമിയര്‍ ചെയ്യും.
മലയാളികളുടെ പ്രിയതാരമാണ് വിനീത് ശ്രീനിവാസൻ(Vineeth Sreenivasan). ഗായകനായി ബിഗ് സ്ക്രീനിൽ എത്തിയ താരം പിന്നീട് അഭിനേതാവായും സംവിധായകനായും മലയാള സിനിമയിൽ തിളങ്ങി. പ്രേക്ഷകന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞ് സിനിമ ചെയ്യുന്നയാളാണെന്നാണ് ആരാധകര്‍ വിനീതിനെക്കുറിച്ച് പറയാറുള്ളത്. പ്രണവ് മോഹൻലാലിനെ നായകനാക്കി റിലീസ് ചെയ്ത ഹൃദയമാണ്(Hridayam) വിനീതിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഈ അവസരത്തിൽ തന്റെ കലാലയ ഓർമ്മകൾ ആരാധകരുമായ് പങ്കുവയ്ക്കുകയാണ് വിനീത്.
ക്ലാസ്മേറ്റ്സിനൊപ്പമുള്ള ചിത്രമാണ് വിനീത് പങ്കുവച്ചിരിക്കുന്നത്. 'അരുണും ആന്റണിയും റോണും സെൽവയും പഠിച്ച അതേ ക്ലാസ്റൂമിൽ.. with Classmates! 2002-2006, Mechanical Dept, ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന എന്റെ കലാലയ ഓർമ്മകൾ... ഇത് എന്റെ ഹൃദയം', എന്നാണ് താരം കുറിച്ചത്. ഇത് എന്റെ ഹൃദയം എന്ന ക്യാപ്ഷനോടെ ദിവ്യ വിനീതും ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ കമന്റുമായി നിരവധി പേരാണ് രംഗത്തെത്തിയത്, ഇത് നിങ്ങളുടെ കഥയായിരുന്നോയെന്നായിരുന്നു ആരാധകരുടെ ചോദ്യം.
അടുത്തിടെ റിലീസ് ചെയ്ത സിനിമയായ ഹൃദയത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച ചിത്രം ശരിക്കും ഹൃദ്യമായ അനുഭവങ്ങളാണ് സമ്മാനിച്ചത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തിൽ അണി നിരന്നത്. താന്‍ പഠിച്ചിരുന്ന കോളേജ് തന്നെയാണ് ഹൃദയത്തില്‍ കാണിച്ചതെന്ന് വിനീത് വ്യക്തമാക്കിയിരുന്നു.
ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഫെബ്രുവരി 18ന് ഹൃദയം പ്രീമിയര്‍ ചെയ്യും. ജനുവരി 21ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. തിയറ്ററുകളിലെത്തിയതിന്‍റെ 25-ാം ദിവസത്തിലാണ് ഒടിടി പ്ലാറ്റ്ഫോമിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി ആറ് വര്‍ഷത്തിനിപ്പുറമാണ് വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ മറ്റൊരു ചിത്രം പുറത്തെത്തുന്നത്. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രവുമാണിത്. കൊവിഡ് മൂന്നാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ പല പ്രധാന റിലീസുകളും മാറ്റിയപ്പോള്‍ പ്രഖ്യാപിച്ച റിലീസ് തീയതിയില്‍ തന്നെ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനായിരുന്നു നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‍മണ്യത്തിന്‍റെ തീരുമാനം. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി ക്ലബ്ബിലേക്ക് ചിത്രം കടക്കുകയും ചെയ്തിരുന്നു.
Read More: Hridayam Box Office : 50 കോടി ക്ലബ്ബിലേക്ക് പ്രണവ് മോഹന്‍ലാല്‍; കൊവിഡിലും തളരാതെ 'ഹൃദയം'
ചിത്രം ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയ ഗ്രോസ് കളക്ഷന്‍ 28.70 കോടിയാണെന്നാണ് റിപ്പോര്‍ട്ട് . ഇതില്‍ 24 കോടിക്കുമേല്‍ കേരളത്തില്‍ നിന്നുള്ള കളക്ഷനാണ്. പ്രണവിന്‍റെ ആദ്യ 50 കോടി ചിത്രമാണിത്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ആദ്യവാരം ചിത്രം നേടിയത് 16.30 കോടിയായിരുന്നു. രണ്ടാംവാരം 6.70 കോടിയും മൂന്നാംവാരം 4.70 കോടിയും നേടി. കേരളത്തിനു പുറത്ത് ചെന്നൈ, ബംഗളൂരു പോലെയുള്ള നഗരങ്ങളില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. യുഎസ്, കാനഡ, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ തുടങ്ങിയ വിദേശ മാര്‍ക്കറ്റുകളിലും മികച്ച നേട്ടമാണ് ചിത്രം ഉണ്ടാക്കിയത്.
മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്‍മണ്യമാണ് 'ഹൃദയം' നിര്‍മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍.
