അതേ സമയം ചിത്രത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനത്തില്‍  ഇപ്പോള്‍ പ്രതികരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവായ വിപുൽ ഷാ. മിഡ്-ഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ വിപുൽ ചിത്രത്തെക്കുറിച്ചുള്ള ആരോപണങ്ങളില്‍ പ്രതികരിച്ചു.

ദില്ലി: ദി കേരള സ്റ്റോറി എന്ന പേരിലുള്ള ബോളിവുഡ് ചിത്രം റിലീസിന് മുമ്പേ തന്നെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. സുദീപ്തോ സെൻ സംവിധാനം ചെയ്ത് ആദ ശർമ്മ നായികയായ സിനിമ കേരളത്തിലെ നിരവധി യുവതികളെ തീവ്രവാദ സംഘടനകളിലേക്ക് ചേര്‍ത്തിട്ടുണ്ടെന്നാണ് പറയുന്നത്. നവംബറിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഒരു ടീസറില്‍ ഇത്തരത്തില്‍ കേരളത്തില്‍ നിന്നും കാണാതായ യുവതികളുടെ എണ്ണത്തില്‍ ഗുരുതരമായ പിഴവാണ് പറയുന്നത് എന്നാണ് വിമര്‍ശനം ഉയര്‍ന്നത്.

ടീസറിൽ ആദയുടെ കഥാപാത്രമായ ശാലിനി ഉണ്ണികൃഷ്ണൻ ബുർഖ ധരിച്ച് എത്തി നടത്തുന്ന മോണോലോഗാണ് ദി കേരള സ്റ്റോറി എന്ന ചിത്രത്തിന്‍റെ ടീസറില്‍ ഉള്ളത്. "ഇപ്പോൾ ഞാൻ ഫാത്തിമ ബാ ആണ്, അഫ്ഗാനിസ്ഥാനിലെ ജയിലിൽ കഴിയുന്ന ഐഎസ് ഭീകരൻ. എന്നെപ്പോലെ 32,000 പെൺകുട്ടികളും റിക്രൂട്ട് ചെയ്യപ്പെടുകയും മതപരിവർത്തനം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും ആദയുടെ കഥാപാത്രം പറയുന്നു.

ചിത്രത്തിനെതിരെ കേരളത്തില്‍ നിന്നു തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. , അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി അടക്കം നല്‍കി. ഇതോടെ സിനിമയ്ക്കെതിരെ പൊലീസിന് കേസെടുക്കാന്‍ നിര്‍ദേശം ലഭിച്ചിരുന്നു. ഹൈടെക് സെൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സിനിമ ഒരു വിഭാഗത്തിൻെറ മതവികാരം വ്രണപ്പെടുത്തുന്നതും കലാപമുണ്ടാക്കാൻ ആഹ്വാനം ചെയ്യുന്നതുമായി പ്രമേയമുണ്ടെന്ന റിപ്പോർട്ടിലാണ് കേസെടുക്കാൻ നിർദ്ദേശം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കാണ് നിർദ്ദേശം നൽകിയത്. 

അതേ സമയം ചിത്രത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനത്തില്‍ ഇപ്പോള്‍ പ്രതികരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവായ വിപുൽ ഷാ. മിഡ്-ഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ വിപുൽ ചിത്രത്തെക്കുറിച്ചുള്ള ആരോപണങ്ങളില്‍ പ്രതികരിച്ചു.

"ഞങ്ങൾ ചിത്രത്തിനെതിരായ ആരോപണങ്ങൾ തക്കസമയത്ത് അഭിമുഖീകരിക്കും. ഞങ്ങൾ പറയുന്ന കാര്യങ്ങള്‍ തെളിവില്ലാതെ പറയില്ല. ഞങ്ങളുടെ വസ്തുതകളും കണക്കുകളും അവതരിപ്പിക്കുമ്പോൾ ആളുകൾക്ക് ഉത്തരം ലഭിക്കും. അവർ അത് സ്വീകരിക്കണോ വേണ്ടയോ എന്നത് അവരുടെ ഇഷ്ടമാണ്. സംവിധായകൻ സുദീപ്തോ സെൻ സിനിമ തുടങ്ങുന്നതിന് മുമ്പ് നാല് വർഷത്തോളം വിപുലമായ ഗവേഷണം നടത്തിയിട്ടുണ്ട്" - വിപുല്‍ ഷാ പറഞ്ഞു. 

ഒരു വലിയ ദുരന്തത്തെ ആസ്പദമാക്കിയാണ് ഞങ്ങൾ സിനിമ നിർമ്മിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ എനിക്ക് ഈ കഥ പറയണമെന്ന് തോന്നിയാൽ, ഞാൻ എസ്റ്റാബ്ലിഷ്‌മെന്റ് അനുകൂലനാണോ അല്ലയോ എന്ന ചർച്ച ഒരു വ്യക്തിയുടെ കാഴ്ചപ്പാട് മാത്രമേ പ്രതിഫലിപ്പിക്കൂ. ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ, എന്റെ ഹൃദയത്തെ സ്പർശിക്കുന്ന കഥയെക്കുറിച്ച് മാത്രമേ ഞാൻ ചിന്തിക്കുകയുള്ളൂവെന്ന് വിപുല്‍ കൂട്ടിച്ചേര്‍ത്തി.

ഈ വർഷം ആദ്യം ഡിസ്നി+ ഹോട്ട്സ്റ്റാർ മെഡിക്കൽ ത്രില്ലർ ഹ്യൂമൻ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത വ്യക്തിയാണ് വിപുല്‍ ഷാ. കീർത്തി കുൽഹാരി, വിശാൽ ജേത്വ, ഇന്ദ്രനീൽ സെൻഗുപ്ത, സീമ ബിശ്വാസ്, രാം കപൂർ, മോഹൻ അഗാഷെ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു. അർജുൻ കപൂറും പരിനീതി ചോപ്രയും അഭിനയിച്ച നമസ്‌തേ ഇംഗ്ലണ്ട് (2018) ആണ് അദ്ദേഹം സംവിധാനം ചെയ്ത അവസാന ചിത്രം.

32,000 മലയാളി സ്ത്രീകളെ മതം മാറ്റി ഐഎസിൽ എത്തിച്ചെന്ന് പ്രമേയം; 'കേരള സ്റ്റോറി' സിനിമക്കെതിരെ കേസെടുക്കും