മിസ്റ്റിക് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം

കൊവിഡ് കാലം ഇന്ത്യന്‍ ഭാഷാ ചലച്ചിത്ര വ്യവസായങ്ങളുടെ ബലതന്ത്രത്തില്‍ വലിയ മാറ്റമാണ് വരുത്തിയത്. അതുവരെ ഇന്ത്യയിലെ ഒന്നാം നമ്പര്‍ ചലച്ചിത്ര വ്യവസായം ബോളിവുഡ് ആയിരുന്നെങ്കില്‍ കൊവിഡിനു ശേഷം ഹിന്ദി സിനിമയ്ക്ക് ആ സ്ഥാനം നഷ്ടപ്പെട്ടു. തെലുങ്ക്, കന്നഡ, തമിഴ് എന്നിങ്ങനെ തെന്നിന്ത്യന്‍ ചലച്ചിത്ര വ്യവസായങ്ങളാണ് ഇന്ന് ഇന്ത്യയില്‍ ഏറ്റവും വലിയ സാമ്പത്തിക വിജയങ്ങള്‍ നേടുന്നത്. ഇപ്പോഴിതാ തെലുങ്ക് സിനിമയില്‍ നിന്ന് അടുത്ത പാന്‍ ഇന്ത്യന്‍ ചിത്രം വരികയാണ്. വിരൂപാക്ഷ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സായ് ധരം തേജ് ആണ് നായകന്‍. മലയാളി താരം സംയുക്ത മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്‍റെ ടൈറ്റില്‍ ഗ്ലിംപ്സ് വീഡിയോ പുറത്തെത്തി.

മിസ്റ്റിക് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇത്. ശ്രീ വെങ്കടേശ്വര സിനി ചിത്രാ പ്രൊഡക്ഷൻ ഹൗസും സുകുമാർ റൈറ്റിംഗ്സും ചേര്‍ന്നാണ് നിര്‍മ്മാണം. സായ് ധരം തേജയുടെ പതിനഞ്ചാമത് ചിത്രമാണ് ഇത്. കാർത്തിക് ദാന്തു ആണ് ചിത്രത്തിന്റെ സംവിധായകൻ. പ്രശസ്ത നിർമ്മാതാക്കളായ ബി വി എസ്എ ൻ പ്രസാദ് ഗരു, ബപിനീട് ഗരു എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. 

ALSO READ : അര്‍ജന്‍റൈന്‍ വിജയം കണ്ടതും ക്യൂവില്‍! നന്‍പകലിന്‍റെ അവസാന പ്രദര്‍ശനത്തിന് അര്‍ധരാത്രി മുതല്‍ കാത്തുനില്‍പ്പ്

1990 കാലഘട്ടത്തിൽ ഒരു കാടിനോട് ചേർന്നുള്ള ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ചിത്രത്തിലേത്. ചില വിശ്വാസങ്ങളുടെ പേരിൽ നായകൻ അഭിമുഖീകരിക്കുന്ന സങ്കിർണമായ പ്രശ്നങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. തിയേറ്റർ എക്സ്പീരിയൻസ് വാഗ്ദാനം നൽകുന്ന പാൻ ഇന്ത്യൻ ചിത്രം എന്നാണ് അണിയറക്കാരുടെ വാഗ്ദാനം. ശ്യാം ദത്ത് ആണ് ഛായാഗ്രഹണം. സംഗീതം അജനീഷ് ലോകനാഥ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്‌ സതീഷ് ബി കെ ആർ, അശോക് ബന്ദേരി. വിരൂപാക്ഷ ഏപ്രിൽ 21 ന് മലയാളം, തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസാകും. പി ആർ ഒ പ്രതീഷ് ശേഖർ.

Virupaksha Title Glimpse - Malayalam | Sai Dharam Tej | Samyuktha Menon | Sukumar B | Karthik Dandu