അമര്‍ ഭൂഷണ്‍ എഴുതിയ 'എസ്കേപ്പ് റ്റു നോവെയര്‍' എന്ന സ്പൈ നോവലിനെ അടിസ്ഥാനമാക്കിയുള്ള ചിത്രം

ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സിനുവേണ്ടി സിനിമയൊരുക്കാന്‍ പ്രമുഖ ബോളിവുഡ് സംവിധായകന്‍ വിശാല്‍ ഭരദ്വാജ്. 'പടാഖ'യ്ക്കുശേഷം വിശാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു സ്പൈ ത്രില്ലര്‍ ആണ്. 'ഖുഫിയ' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വിശാലിന്‍റെ പ്രിയ നടിയായ തബുവാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അലി ഫസല്‍, വമിഖ ഗബ്ബി, ആശിഷ് വിദ്യാര്‍ഥി എന്നിവരും മറ്റു വേഷങ്ങളില്‍ എത്തുന്നു.

യഥാര്‍ഥ സംഭവങ്ങളെ അധികരിച്ചുള്ള ചിത്രം അമര്‍ ഭൂഷണ്‍ എഴുതിയ 'എസ്കേപ്പ് റ്റു നോവെയര്‍' എന്ന സ്പൈ നോവലിനെ അടിസ്ഥാനമാക്കിയുമാണ് ഒരുങ്ങുക. ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്ന ഒരു ചാരനെ കണ്ടെത്താന്‍ നിയോഗിക്കപ്പെടുന്ന കൃഷ്‍ണ മെഹ്‍റ എന്ന 'റോ' (റിസര്‍ട്ട് ആന്‍ഡ് അനാലിസിസ് വിംഗ്) ഏജന്‍റിന്‍റെ കഥയാണ് ചിത്രം. രോഹന്‍ നെറുലയുമായി ചേര്‍ന്ന് വിശാല്‍ ഭരദ്വാദ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കും.

Scroll to load tweet…

മുന്‍പ് തബു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച, മീര നായരുടെ മിനി വെബ് സിരീസ് 'എ സ്യൂട്ടബിള്‍ ബോയ്' നെറ്റ്ഫ്ളിക്സിലൂടെ എത്തിയിരുന്നു. മഖ്ബൂല്‍, ഹൈദര്‍ തുടങ്ങിയ വിശാല്‍ ഭരദ്വാജ് ചിത്രങ്ങളിലെ തബുവിന്‍റെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. ഇരുവരും ചേര്‍ന്നുള്ള പുതിയ ചിത്രത്തെ ഏറെ ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ നോക്കിക്കാണുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona