വിജയ്‌യുടെ സിനിമാ വിടവാങ്ങലായും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പ്രതീകാത്മകമായ ലോഞ്ച്പാഡായും ജന നായകൻ കണക്കാക്കപ്പെടുമ്പോൾ പരാശക്തി ഒരു കൗണ്ടർ നരേറ്റീവാണ്.
ഈ പൊങ്കലിന് തമിഴ്‌നാട്ടിൽ നടക്കുന്ന ജനനായകൻ- പരാശക്തി പോരാട്ടം ഒരു ബോക്സ് ഓഫീസ് ഫൈറ്റിനുമപ്പുറമുള്ള പൊളിറ്റിക്കൽ വാറാണ്. വിജയ്‌യുടെ കരിയറിലെ അവസാനത്തേതെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രവും ശിവകാർത്തികേയന്റെ പീരിയഡ് ഡ്രാമയും ശക്തമായ രാഷ്ട്രീയ മാനങ്ങൾ വഹിക്കുന്നുണ്ട്. ജനുവരി 9നെത്തുന്ന ജന നായകൻ ഒരു സമകാലിക രാഷ്ട്രീയ ആക്ഷൻ ത്രില്ലർ ചിത്രമായി കണക്കാക്കപ്പെടുമ്പോൾ ജനുവരി 10നെത്തുന്ന പരാശക്തി തമിഴ്‌നാടിന്റെ ചരിത്രപ്രധാനമായ ഹിന്ദി പ്രക്ഷോഭ ദിനങ്ങളെ പശ്ചാത്തലമാക്കിയുള്ളതാണ്.
ഭാഷാപരമായ ആധിപത്യത്തിനെതിരായ ദ്രാവിഡ പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രപരമായ എതിർപ്പിൽ വേരൂന്നിയ ചരിത്രമാണ് തമിഴ്‌നാടിനുള്ളത്. 1930കളിലെ ആദ്യകാല പ്രതിഷേധങ്ങൾ മുതൽ 1960ൽ ശക്തിപ്രാപിച്ച ബഹുജന പ്രക്ഷോഭങ്ങൾ കടന്നും വിദ്യാഭ്യാസത്തിലും ഭരണ സംവിധാനത്തിലും ഹിന്ദി നിർബന്ധമാക്കാനുള്ള ശ്രമങ്ങളെ തമിഴ് മക്കൾ നിരന്തരം നിരാകരിച്ചു. ഹിന്ദി വിരുദ്ധ പോരാട്ടം ഭാഷയെക്കുറിച്ചു മാത്രമല്ല, തമിഴ് സ്വത്വം സംരക്ഷിക്കുന്നതിനെക്കുറിച്ചുകൂടി ഉള്ളതായിരുന്നു. വിദ്യാർത്ഥി പ്രതിഷേധങ്ങളെയും ദ്രാവിഡ സർക്കാരിന്റെ ഉദയത്തിലേക്ക് നയിച്ച രാഷ്ട്രീയ കാലാവസ്ഥയെയും ചിത്രീകരിക്കുന്നതാണ് പീരിയഡ് സെറ്റിങ്ങിൽ സുധ കൊങ്കാര സംവിധാനം ചെയ്യുന്ന പരാശക്തി.
തമിഴ് സിനിമയ്ക്ക് പരമ്പരാഗതമായി പൊങ്കൽ ഒരു പീക്ക് സീസണാണ്. തിയേറ്ററുകൾ നിറയുന്ന ഉത്സവകാലമായതുകൊണ്ടു തന്നെ മത്സരവും സ്വാഭാവികം. എന്നാൽ ജനുവരി പതിനാലിന് പ്രഖ്യാപിച്ചിരുന്ന പരാശക്തിയുടെ റിലീസ് അപ്രതീക്ഷിതമായാണ് ജനുവരി പത്തിലേയ്ക്ക് മാറ്റിയത്. വിജയ്‌യുടെ സിനിമാ വിടവാങ്ങലായും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പ്രതീകാത്മകമായ ലോഞ്ച്പാഡായും ജന നായകൻ കണക്കാക്കപ്പെടുമ്പോൾ പരാശക്തി ഒരു കൗണ്ടർ നരേറ്റീവാണ്. രാഷ്ട്രീയ മേൽകോയ്മയ്ക്കായി നടത്തുന്ന പോരാട്ടത്തിൽ നേരിട്ടല്ലാതെ നടത്തുന്ന ഡിഎംകെയുടെ ഇടപെടൽ. ആരാധകരുടെ കാത്തിരിപ്പാണ് ജന നായകനെങ്കിൽ കൾച്ചറൽ നൊസ്റ്റാൾജിയയാണ് പരാശക്തി. ശക്തമായ അധികാര കേന്ദ്രങ്ങളോട് ഒറ്റയ്ക്ക് പോരാടാനും ജനങ്ങളെ നയിക്കാനും കഴിയുന്ന നേതാവിനെ സ്ഥാപിക്കുകയെന്നത് വിജയ് ചിത്രത്തിൻ്റെ രാഷ്ട്രീയ ലക്ഷ്യമാണ്. വിജയ് ദ്രാവിഢ രാഷ്ട്രീയത്തിനെതിരല്ലെങ്കിലും ജനങ്ങളുടെ നേതാവായുള്ള രാഷ്ട്രീയ പ്രതിച്ഛായ രൂപപ്പെടുത്തുക എന്നത് സിനിമയുടെ ലക്ഷ്യമാകും.
തമിഴ്‌നാട്ടിലെ രാഷ്ട്രീയ പോരാട്ടത്തിന് വേദിയൊരുക്കുന്ന തരത്തിൽ കുറഞ്ഞത് 550 മുതൽ 600 വരെ സ്‌ക്രീനുകളിലെങ്കിലും രണ്ട് ചിത്രങ്ങളും പ്രദർശിപ്പിക്കാനാണ് സാധ്യത. വിജയ് ഡിഎംകെയുടെ രാഷ്ട്രീയ ആശയത്തിന് എതിരാളിയല്ലെങ്കിലും, പരാശക്തി സൂക്ഷ്മമായി ദ്രാവിഡ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുന്ന സിനിമയാകും. 1952ൽ പുറത്തിറങ്ങിയ ശിവാജി ഗണേശൻ ചിത്രമാണ് പരാശക്തി. എം. കരുണാനിധി എഴുതിയ തിരക്കഥയും സംഭാഷണങ്ങളും ഒരു സാധാരണ മെലോഡ്രാമയ്ക്കപ്പുറം തമിഴകത്ത് സ്വാധീനമുണ്ടാക്കി. 57ലെ പരാശക്തി ദ്രാവിഡ ഭരണം എന്ന ആശയത്തിന് ഇന്ധനം നൽകി. ഒരു രാഷ്ട്രീയേതര സിനിമയാണ് പുതിയ പരാശക്തിയെങ്കിലും, ഈ ചിത്രം യുവാക്കൾക്കിടയിൽ ദ്രാവിഡ ചിന്തകൾക്ക് ഇന്ധനം നൽകുമെന്നും വിലയിരുത്തുന്നവരുണ്ട്.
ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ അടുത്ത അനുയായി പറയപ്പെടുന്ന ആകാശ് ഭാസ്‌കരന്റെ ഉടമസ്ഥതയിലുള്ള ഡോൺ പിക്‌ചേഴ്‌സാണ് പരാശക്തിയുടെ നിർമ്മാണം. ഉദയനിധിയുടെ ഉടമസ്ഥതയിലുള്ള റെഡ് ജയിൻ്റ് മൂവീസ് ആണ് വിതരണം. സിനിമകളുടെ രാഷ്ട്രീയം തമിഴ്‌നാട്ടിലെ പ്രേക്ഷകരിൽ സിനിമയ്ക്ക് അപ്പുറമുള്ള ചർച്ചകൾ കൂടുതൽ ശക്തമാക്കിയേക്കാം. തുടർച്ചയായി റിലീസുകൾ കളക്ഷനിൽ സ്പ്ലിറ്റ് ഉണ്ടാക്കുമെങ്കിലും ഉത്സവകാലം ഇരുചിത്രങ്ങൾക്കും മുതൽക്കൂട്ടാകും. ചുരുക്കിപ്പറഞ്ഞാൽ ഈ പൊങ്കലിന് വെള്ളിത്തിര എന്നത് വെറും വിനോദം മാത്രമല്ല- തമിഴ്‌നാടിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് പുനർവിചിന്തനം നടത്തുന്ന ഒരു ഘട്ടം കൂടിയാണ്.


