ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ജോലി ചെയ്‍തു തുടങ്ങിയതാണാണെന്ന് പറയുന്നു ബിഗ് ബോസ് താരമായ വിഷ്‍ണു ജോഷി.

ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർഥികളിൽ ഒരാളായിരുന്നു വിഷ്‍ണു ജോഷി. ഫിറ്റ്നസ് രംഗത്ത് കാലങ്ങളായി പ്രതിഭ തെളിയിക്കുന്ന ആളാണ് വിഷ്‍ണു. 2019ലെ മിസ്റ്റർ ഇന്ത്യ മത്സരത്തിൽ ടോപ്പ് സിക്സിൽ വിഷ്‍ണു എത്തിയിരുന്നു. 2017ൽ മിസ്റ്റർ കേരളയും 2019ൽ മിസ്റ്റർ എറണാകുളം പട്ടവും വിഷ്ണു സ്വന്തമാക്കി. പുറമേ നിന്നു കാണുന്നതു പോലെയല്ല തന്റെ ജീവിതമെന്നും ഏഴാം ക്ലാസ് മുതലേ പലവിധ ജോലികൾ ചെയ്തു തുടങ്ങിയതാണെന്നും വിഷ്‍ണു പറയുന്നു. എല്ലാ ജോലികളും സന്തോഷത്തോടെ ചെയ്തതാണെന്നും ആരും സഹതാപത്തോടെ നോക്കേണ്ട ആവശ്യമില്ലെന്നും താരം കൂട്ടിച്ചേർത്തു.

''ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ജോലി ചെയ്‍തു തുടങ്ങിയതാണ്. രാവിലെ മൂന്നുമണി നാലുമണിക്കൊക്കെ എഴുന്നേറ്റ് പത്രം ഇടാൻ പോകുമായിരുന്നു. കോളേജിൽ പഠിക്കുന്ന സമയത്ത് ചമ്പക്കര മാർക്കറ്റിൽ നാലു വർഷത്തോളം മീൻ വിൽക്കാൻ പോയിട്ടുണ്ട്. വെളുപ്പിനെ മൂന്നര ഒക്കെ ആവുമ്പോൾ പോയിട്ട് എട്ടര ഒൻപത് മണിവരെയൊക്കെ മീൻ വിറ്റിട്ട് വന്നിട്ടാണ് കോളേജിൽ പോയിരുന്നത്. സെക്കന്റ് പീരിഡ് ഒക്കെ ആവുമ്പോഴാണ് കോളേജിൽ എത്തിയിരുന്നത്.

മഹാരാജാസിലാണ് ഞാൻ പഠിച്ചത്. എന്റെ ഡ്രസിങും ആറ്റിട്യൂട് ഒക്കെ കാണുമ്പോൾ, താൻ എവിടെ കറങ്ങി നടക്കുവാണെടോ എന്നായിരുന്നു പലരും ചോദിച്ചിരുന്നത്. മീൻ വിൽക്കാൻ പോയിട്ടാണ് വരുന്നത് എന്ന് പറയുമ്പോൾ അവർ വിചാരിക്കുന്നത് അവരെ കളിയാക്കുന്നതാണ് എന്നായിരുന്നു. മീൻ പെട്ടി വലിച്ചുകൊണ്ട് പോയി വണ്ടിയിൽ കയറ്റുന്ന ജോലിയൊക്കെ ചെയ്‍തിട്ടുണ്ട്. ഒരു പെട്ടി കൊണ്ടുവെച്ചാൽ 20 രൂപ ആയിരുന്നു കിട്ടുന്നത്.

മീൻ വിറ്റു കിട്ടിയ പൈസ ചേർത്തുവച്ചിട്ടാണ് ബോഡി ബിൽഡിങ് മത്സരങ്ങളിൽ പങ്കെടുത്തത്. ഒരുപാട് ജോലികൾ ചെയ്‍തിട്ടുണ്ട്. വീടിന്റെ വാർക്കപ്പണിക്കും പെയിന്റിങ് പണിക്കും സ്വിഗ്ഗിയും സൊമാറ്റോയും ഓടാനുമൊക്കെ പോയിട്ടുണ്ട്. ഇതൊന്നും പറഞ്ഞുകൊണ്ട് നടക്കുന്നത് ഇഷ്‍ടമല്ല. വെറുതെ സിമ്പതി ക്രിയേറ്റ് ചെയ്യാൻ താത്പര്യമില്ല. പണിയെടുത്തതൊക്കെ എനിക്കു വേണ്ടിയാണ്. എല്ലാ ജോലികളും സന്തോഷത്തോടെ ചെയ്‍തതാണ്. അതൊക്കെ എന്റെ ആവശ്യങ്ങൾക്കാണ്‌. അതുകൊണ്ട് ആരും എന്നെ സഹതാപത്തോടെ നോക്കണ്ട ആവശ്യം ഇല്ല'', കൈരളി ടിവിയിലെ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് വിഷ്‍ണു ജോഷി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക