കഴിഞ്ഞ ദിവസമാണ് ഹൃദയം കണ്ടതെന്നും പറയാൻ വാക്കുകളില്ലെന്നും അതിമനോഹരമായ യാത്രയായിരുന്നുവെന്നും വിസ്മയ
പ്രണവ് മോഹൻലാലിനെ(Pranav Mohanlal) നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം(Hridayam) വിജയകരമായി പ്രദർശനം തുടരുകയാണ്. നിറഞ്ഞ കയ്യടികളോടെയാണ് സിനിമ മുന്നേറുന്നത്. വിനീതിന്റെ സംവിധാനത്തെയും പ്രണവിന്റെ അഭിനയത്തെയും അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഈ അവസരത്തിൽ ഹൃദയം കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് വിസ്മയ മോഹൻലാൽ.
കഴിഞ്ഞ ദിവസമാണ് ഹൃദയം കണ്ടതെന്നും പറയാൻ വാക്കുകളില്ലെന്നും അതിമനോഹരമായ യാത്രയായിരുന്നുവെന്നും വിസ്മയ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. ‘ഒടുവിൽ ഞാൻ ഹൃദയം കണ്ടു. പറയാൻ വാക്കുകളില്ല. എന്തൊരു മനോഹരമായ യാത്ര. അതിസുന്ദരം. ചിത്രത്തിലെ ഓരോ ഘടകങ്ങളും ഇഷ്ടപ്പെട്ടു. സിനിമയ്ക്കു പിന്നിൽ എല്ലാവരുടെയും ഹൃദയത്തിന്റെ പങ്കുണ്ട്. അത് കാണാനുമാകും. അഭിമാനം തോന്നുന്നു’, എന്നാണ് വിസ്മയ കുറിച്ചത്.

ജനുവരി 21നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. കൊവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ, റിലീസ് സംബന്ധിച്ച് പ്രതിസന്ധികൾ ഉണ്ടായിരുന്നുവെങ്കിലും മുന്നോട്ട് പോകാൻ അണിയറപ്രവർത്തകർ തീരുമാനിക്കുക ആയിരുന്നു. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ സിനിമ കൂടിയായിരുന്നു ഇത്.
മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്‍മണ്യമാണ് 'ഹൃദയം' നിര്‍മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍.
