അടുത്തടുത്ത ദിനങ്ങളില്‍ സംഭവിച്ച ഇര്‍ഫാന്‍ ഖാന്‍റെയും ഋഷി കപൂറിന്‍റെയും വിയോഗങ്ങള്‍ക്കു പിന്നാലെയായിരുന്നു വ്യാജപ്രചരണം.
ഇന്ത്യന്‍ സിനിമയ്ക്ക് നഷ്‍ടങ്ങളുടെ രണ്ട് ദിവസങ്ങളാണ് കടന്നുപോയത്. അടുത്തടുത്ത ദിനങ്ങളില്‍ പ്രിയ നടന്മാരുടെ വിയോഗം. ആദ്യം ഇര്‍ഫാന്‍ ഖാന്‍, തൊട്ടടുത്ത ദിനത്തില്‍ ഋഷി കപൂറും. ഇരുവര്‍ക്കുമുള്ള ആരാധകരുടെ ആദരാഞ്ജലികളാവും ട്വിറ്ററില്‍ കഴിഞ്ഞ 48 മണിക്കൂറില്‍ ഏറ്റവും ട്രെന്‍റിംഗ് ആയ ടോപ്പിക്കുകള്‍. എന്നാല്‍ ഇന്നലെ രാത്രിയോടെ സിനിമാപ്രേമികളില്‍ ആശങ്കയുണര്‍ത്തിയ മറ്റൊരു വിവരവും സോഷ്യല്‍ മീഡിയയില്‍ പൊടുന്നനെ വ്യാപിച്ചു. വിഷയത്തിന്‍റെ നിജസ്ഥിതി മനസിലാക്കാതെ പലരും അത് ഷെയര്‍ ചെയ്യുകയും ചെയ്തു. ഇന്ത്യന്‍ സിനിമയിലെ മറ്റൊരു അതുല്യ നടനായ നസീറുദ്ദീന്‍ ഷായെ അനാരോഗ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നതായിരുന്നു പ്രചരിച്ച വിവരം. എന്നാല്‍ ഇതില്‍ വസ്തുത ഉണ്ടായിരുന്നില്ല. നടന്നത് വ്യാജപ്രചരണമായിരുന്നു. ഇന്നലെ രാത്രി ആയിരക്കണക്കിന് ട്വീറ്റുകള്‍ തെറ്റായ രീതിയില്‍ പ്രചരിച്ചതോടെ നസീറുദ്ദീന്‍ ഷായുടെ മകനും നടനുമായ വിവാന്‍ ഷായ്ക്ക് വിശദീകരണവുമായി രംഗത്തെത്തേണ്ടിവന്നു.
അച്ഛന്‍ സുഖമായിരിക്കുന്നുവെന്നും അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള മറ്റു പ്രചരണങ്ങളെല്ലാം വ്യാജമാണെന്നും വിവാന്‍ ട്വീറ്റ് ചെയ്തു. "എല്ലാം നന്നായിരിക്കുന്നു. ബാബയ്ക്ക് (നസീറുദ്ദീന്‍ ഷാ) ഒരു കുഴപ്പവുമില്ല. അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള പ്രചരണങ്ങളെല്ലാം വ്യാജമാണ്. അദ്ദേഹം നന്നായി പോകുന്നു." അന്തരിച്ച പ്രിയനടന്മാര്‍ക്ക് ഇതേ ട്വീറ്റില്‍ ആദരാഞ്ജലികള്‍ നേര്‍ന്നിട്ടുമുണ്ട് വിവാന്‍. "ഇര്‍ഫാന്‍ ഭായിക്കും ചിന്തു ജീക്കും (ഋഷി കപൂര്‍) വേണ്ടി പ്രാര്‍ഥിക്കുന്നു. അവരെ ഒരുപാടു മിസ് ചെയ്യുന്നു. അവരുടെ കുടുംബങ്ങളോട് അഗാധമായ വ്യസനം രേഖപ്പെടുത്തുന്നു. ഹൃദയം കൊണ്ട് ഞങ്ങള്‍ അവര്‍ക്കെല്ലാമൊപ്പമുണ്ട്. ഞങ്ങള്‍ എല്ലാവരെയും സംബന്ധിച്ച് വലിയ നഷ്ടമാണ് ഇത്", എന്നാണ് വിവാന്‍ ഷായുടെ ട്വീറ്റ്.
വ്യാജപ്രചരണങ്ങള്‍ക്കു പിന്നാലെയെത്തിയ വിവാന്‍റെ ട്വീറ്റിനുതാഴെ ആശ്വാസത്തോടെയാണ് നസീറുദ്ദീന്‍ ഷാ ആരാധകരുടെ പ്രതികരണം. പലരും നസീറുദ്ദീന്‍ തങ്ങള്‍ക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന് വ്യക്തമാക്കുന്നുണ്ട്. "ആ മനുഷ്യന്‍ ഒരു ദേശീയ നിധിയാണ്. ദയവായി അദ്ദേഹത്തെ ശ്രദ്ധിക്കൂ. സുരക്ഷിതരായിരിക്കൂ", എന്നാണ് വിവാന്‍റെ ട്വീറ്റിനു താഴെ ഒരു ആരാധകന്‍റെ പ്രതികരണം. ഒരുപാടു പേര്‍ നസീറുദ്ദീന്‍ ഷായ്ക്ക് ഭാവുകങ്ങളും ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നുമുണ്ട്.
