മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കിയുള്ള 'പിഎം നരേന്ദ്ര മോദി 'എന്ന ചിത്രം തനിക്ക് വൈകാരികമായ ഒരു യാത്രയാണെന്ന് നടന്‍ വിവേക് ഒബ്‍റോയ്‍. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. 

സിനിമ മോദിയെ വിമര്‍ശിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ "ഇതൊരു ഡോക്യുമെന്ററി അല്ല. വാസ്തവങ്ങൾ പറയാനല്ല ഞാൻ ചിത്രത്തിന്റെ ഭാ​ഗമായത്. പിഎം നരേന്ദ്രമോദി എനിക്ക് വൈകാരികമായ ഒരു യാത്രയാണ്. എന്നെ പ്രോചോദിപ്പിച്ച കഥയും കൂടിയാണത്" എന്നായിരുന്നു ഒബ്‍റോയിയുടെ മറുപടി.

'ഞാൻ വിചാരിക്കുന്നത്, വളരെ സാധാരണ നിലയിൽ നിന്ന് വന്ന ഒരാൾ, ആ​ഗോള നേതാക്കളെ പോലെ വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ട് ഭയന്ന് നിൽക്കുമെന്നാണ്. പക്ഷേ മോദി എപ്പോഴും സംസാരിക്കുന്നു. മറ്റ് നേതാക്കൾക്കൊപ്പം നടക്കുന്നു. അദ്ദേഹത്തിന്റെ ചിന്ത എപ്പോഴും മുന്നോട്ടാണ്'- ഒബ്‍റോയ് പറഞ്ഞു.

വിമർശനവും എതിർപ്പും അജണ്ടകളുമില്ലാതെ ഒരു കഥ പൂർണമാകില്ലെന്നും ഒബ്‍റോയ് പറഞ്ഞു. പ്രചോദനം നല്‍കുന്ന കഥകളെല്ലാം തന്നെ ആളുകള്‍ പ്രതിബന്ധങ്ങളെ എത്തരത്തിലാണ് മറികടന്ന് പോകുന്നതെന്നാണ് കാണിക്കുന്നതെന്നും അതെല്ലാം ഈ സിനിമയില്‍ ഉണ്ടെന്നും താരം കൂട്ടിച്ചേർത്തു.

അതേസമയം 'പിഎം നരേന്ദ്ര മോദി' സിനിമ ഈ മാസം 24 ന് റിലീസ് ചെയ്യും. തെരഞ്ഞടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് ചിത്രം റീലീസ് ചെയ്യാനുള്ള അണിയറപ്രവര്‍ത്തകരുടെ തീരുമാനം. ഏപ്രില്‍ 11 ന് സിനിമ റിലീസ് ചെയ്യാനായിരുന്നു നിര്‍മാതാക്കള്‍ ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് തെരഞ്ഞടുപ്പ് കമ്മീഷന്റെ വിലക്കിനെ തുടര്‍ന്ന് റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. 

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.