Asianet News MalayalamAsianet News Malayalam

തര്‍ക്കം മൂത്ത് 'ഹിഗ്വിറ്റ'; 'ലെയ്ക്ക'യുടെ കഥ കേള്‍ക്കെന്ന് വിജെ ജെയിംസും ആഷാദ് ശിവരാമനും

ഹിഗ്വിറ്റ വിവാദങ്ങള്‍ക്കിടെയാണ് എന്നാല്‍  തങ്ങളുടെ കഥ കൂടി കേള്‍ക്കു എന്ന് പറഞ്ഞ് പ്രശസ്ത എഴുത്തുകാരന്‍ വി ജെ ജയിംസും സംവിധായകന്‍ ആഷാദ് ശിവരാമനും രംഗത്തെത്തിയത്. 

VJ James and Ashad Sivaraman to tell the story of Leika on Higuita Controversy
Author
First Published Dec 5, 2022, 6:51 PM IST

ഴിഞ്ഞ കുറച്ച് ദിവസമായി കേരളത്തിന്‍റെ സാംസ്കാരിക ലോകത്ത് 'ഹിഗ്വിറ്റ' വിവാദം അലയടിക്കുകയാണ്. തന്‍റെ ചെറുകഥയായ ഹിഗ്വിറ്റയുടെ പേര് തന്‍റെ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് എന്‍ എസ് മാധവന്‍ ദുഃഖത്തോടെ കുറിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. ഇനി ഒരു ഭാഷയിലെയും ഒരു എഴുത്തുകാരനും ഈ വിധി ഉണ്ടാകാതിരിക്കട്ടെയെന്നും അദ്ദഹം ആഗ്രഹം പ്രകടിപ്പിച്ചു. ഇനി തന്‍റെ ചെറുകഥ സിനിമയാക്കുമ്പോള്‍ ആ പേര് ഉപയോഗിക്കാന്‍ കഴിയാത്തതിലുള്ള ദുഃഖമാണ് താന്‍ പങ്കുവച്ചതെന്നും അദ്ദേഹം പിന്നീട് കുറിച്ചു. 

അതിനിടെ കേരളത്തിന്‍റെ സാംസ്കാരിക മണ്ഡലത്തിലെ ശ്രദ്ധേയമായ പലരും അഭിപ്രായ പ്രകടനങ്ങളുമായി രംഗത്തെത്തി. കവി കെ സച്ചിദാനന്ദന്‍, എഴുത്തുകാരന്‍ ബെന്യാമിന്‍ തുടങ്ങിയ എഴുത്തുകാരും സംവിധായകന്‍ വേണു, ഹ്വിഗിറ്റ ചിത്രത്തിന്‍റെ സംവിധായകൻ ഹേമന്ത് ജി നായർ എന്നിവരും പ്രതികരണവുമായെത്തി. ചിലര്‍ അനുകൂലിച്ചും ചിലര്‍ പ്രതികൂലിച്ചും രംഗത്തെത്തി. സാമൂഹിക മാധ്യമങ്ങളില്‍ സാഹിത്യാരാധകരും സിനിമാ ആസ്വാദകരും ഏറ്റുമുട്ടി. ഇതിനിടെ എന്നാല്‍ തങ്ങളുടെ കഥ കൂടി കേള്‍ക്കു എന്ന് പറഞ്ഞ് പ്രശസ്ത എഴുത്തുകാരന്‍ വി ജെ ജയിംസും സംവിധായകന്‍ ആദര്‍ശ് ശിവരാമനും രംഗത്തെത്തിയത്. 

ആരോടെങ്കിലുമുള്ള പ്രതിഷേധമോ പരാതിയോ അല്ലെന്ന് പറഞ്ഞുകൊണ്ടാണ് കഥകളുടെ പേരിന്‍റെ 'പേരില്‍' തനിക്കുണ്ടായ അനുഭവങ്ങള്‍ ഫേസ്ബുക്ക് അക്കൌണ്ടിലൂടെ വി ജെ ജെയിംസ് പങ്കുവച്ചത്. 2006 ല്‍ പ്രസിദ്ധീകരിച്ച ലെയ്ക്ക എന്ന തന്‍റെ നോവലിന്‍റെ പേരുമായി ബന്ധപ്പെട്ടുണ്ടായ സംഭവമാണ് അദ്ദേഹം എഴുതിയത്.ലെയ്ക്ക സിനിമയാക്കാന്‍ ലാല്‍ ജോസ് താത്പര്യം പറഞ്ഞതും ചില ചര്‍ച്ചകള്‍ നടത്തിയതും.എന്നാല്‍ അതേ പേരില്‍ ഒരു സിനിമ ഇറങ്ങുകയാണെന്ന് ചിലര്‍ വിളിച്ച് തന്നെ അഭിനന്ദിച്ചപ്പോഴാണ് അറിയാന്‍ കഴിഞ്ഞതെന്നും അദ്ദേഹം കുറിച്ചു.

അനിയത്തിപ്രാവ്,അനുഭവങ്ങൾ പാളിച്ചകൾ എന്നീ സിനിമാ പേരുകള്‍ കഥയിലേക്ക് എടുത്തപ്പോഴും ചേരശാസ്ത്രം എന്ന തന്‍റെ നോവല്‍ സിനിമയാക്കിയപ്പോഴുണ്ടായ അനുഭവും പങ്കുവച്ച് കൊണ്ട് ഒരു എഴുത്തുകാരനും തങ്ങളുടെ കഥയുടെ പേരില്‍ കുത്തകാവകാശമില്ലെന്നും വി ജെ ജെയിംസ് പറയുന്നു.എന്നാല്‍ അവിടെ 16 വര്‍ഷം മുമ്പ് താനെഴുതിയ കഥ ഇനി സിനിമയാക്കുമ്പോള്‍ ആ പേര് ഉപയോഗിക്കാന്‍ പറ്റില്ലെന്നും അതൊരു 'ക്രൈ'മായി മാറുന്ന വൈപരീത്യം സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം എഴുതി.  

തൊട്ട് പിന്നാലെ ലെയ്ക്ക എന്ന സിനിമയുടെ സംവിധായകന്‍ ആഷാദ് ശിവരാമൻ വി ജെ ജെയിംസിന് നന്ദി പറഞ്ഞുകൊണ്ട് കുറിപ്പെഴുതി. വി ജെ ജെയിംസിന്‍റെ കഥ അതേ പേരില്‍ പുറത്തിറങ്ങിയാലും തങ്ങള്‍ക്ക് പരാതികളില്ലെന്ന് അദ്ദേഹം കുറിച്ചു. അത് വി ജെ ജെയിംസിൻ്റെയും ഇത് ആഷാദ് ശിവരാമൻ്റെയും ലെയ്ക്കയായി നിലനിൽക്കട്ടെയെന്നും അതു സംബന്ധിച്ച സാങ്കേതിക പ്രശ്നങ്ങള്‍ ഒരുമിച്ച് ഒഴിവാക്കാൻ ശ്രമിക്കാമെന്നും ആഷാദ് എഴുതുന്നു.

കൂടുതല്‍ വായനയ്ക്ക്:  'ഹിഗ്വിറ്റ' പേര് വിവാദം; ഫിലിം ചേമ്പർ ചര്‍ച്ചയ്ക്ക് വിളിച്ചെന്ന് അണിയറക്കാർ
 

വിജെ ജെയിംസിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്

ഹിഗ്വിറ്റയെക്കുറിച്ചുള്ള ചർച്ചകൾ പലവിധ പ്രതികരണങ്ങളിലൂടെ  മുന്നേറുമ്പോൾ എഴുത്തുകാരനെന്ന നിലയിൽ എനിക്ക് കടന്നു പോവേണ്ടി വരുന്ന ഒരു സാഹചര്യത്തെക്കുറിച്ചു കൂടി സൂചിപ്പിക്കുവാൻ തോന്നി. ആദ്യമേ പറയട്ടെ, ഇത് ആരോടെങ്കിലുമുള്ള പ്രതിഷേധമോ പരാതിയോ അല്ല. സംഗതി ലെയ്ക്കയെന്ന നോവലിനെക്കുറിച്ചാണ്. ഡി.സി. ബുക്ക്സ് 2006 ൽ പുറത്തിറക്കിയ ലെയ്ക്ക ഇതിനകം പല പതിപ്പുകൾ പ്രസിദ്ധീകരിക്കപ്പെടുകയും വായനക്കാരിൽ നിന്ന്  നല്ല പ്രതികരണങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുള്ള നോവലാണ്.  പ്രശസ്ത സംവിധായകൻ ലാൽജോസ് ഒരു വിമാന യാത്രയ്ക്കിടയിൽ ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട ആ നോവൽ വായിക്കാനിടയാവുകയും അതിന്റെ ആവേശത്തിൽ എന്നെ നേരിൽ വിളിക്കുകയും അദ്ദേഹം ഏഷ്യാനെറ്റിനു വേണ്ടി ചെയ്തു കൊണ്ടിരുന്ന മാജിക് മൊമന്റ്സ് വിത്ത് ലാൽ ജോസ് എന്ന പ്രോഗ്രാമിലേക്ക് എന്നെ അതിഥിയായി ക്ഷണിച്ച് ഇൻറർവ്യൂ നടത്തുകയും ചെയ്തത് സ്റ്റേഹപൂർവം ഓർക്കുന്നു. ലെയ്ക്കയെന്ന നോവൽ സിനിമയാക്കാനുള്ള താത്പര്യം ലാൽ ജോസ് ഉൾപ്പെടെ പലരും പ്രകടിപ്പിക്കുകയും ചില ചർച്ചകൾ മുന്നേറുകയുമൊക്കെ ചെയ്തിട്ടുള്ളതുമാണ്. അങ്ങനെയിരിക്കെ മാസങ്ങൾക്കു മുൻപ് പലരുമെന്നെ വിളിച്ച് ലെയ്ക്ക സിനിമയാകുന്നതിന്റെ പേരിൽ  അഭിനന്ദനങ്ങൾ, പറഞ്ഞു. അപ്പോഴാണ് ആ പേരിൽ ഒരു സിനിമ വരുന്നുവെന്ന കാര്യം ഞാനറിയുന്നത്. സാങ്കേതികമായി പറഞ്ഞാൽ ലെയ്ക്ക ചരിത്രത്തിൽ ഇടം നേടിയ പേരായതിനാൽ ആർക്കും യഥേഷ്ടം അതുപയോഗിക്കാൻ അവകാശമുണ്ട്.  ഒരെഴുത്തുകാരനും ആ പേരിൽമേൽ കുത്തകാവകാശമില്ല. എത്രയോപേർ മറ്റ് ഭാഷകളിലും ഇംഗ്ലീഷിലുമൊക്കെയായി ഉപയോഗിച്ചിട്ടുമുണ്ടാകും. ഞാൻ തന്നെ അനിയത്തിപ്രാവ്, അനുഭവങ്ങൾ പാളിച്ചകൾ എന്നീ സിനിമാപ്പേരുകൾ കഥയുടെ തലക്കെട്ടായി ഉപയോഗിച്ചിട്ടുണ്ട്. അനിയത്തിപ്രാവ് എന്ന കഥ പ്രസിദ്ധീകരിക്കും മുൻപ് ഫാസിൽ സാറിനെ നേരിൽ വിളിച്ചപ്പോൾ അദ്ദേഹം ഏറെ സന്തോഷത്തോടെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. ആ സിനിമകൾ കഥയിൽ കേന്ദ്ര പ്രമേയമായി വരുന്നത് സിനിമയ്ക്കുള്ള ആദരമായിട്ടാണ് ഫാസിൽ സാറും സേതുമാധവൻ സാറും സ്വീകരിച്ചത്.  നൂലേണി എന്ന കഥ പ്രസിദ്ധീകരിച്ച ശേഷമാണ് ആ പേരിൽ പ്രിയ എഴുത്തുകാരൻ  സേതുവിന്റെ ഒരു കഥയുണ്ടെന്ന് ഒരു സുഹൃത്ത് ചൂണ്ടിക്കാട്ടിയത്. ക്ഷമാപണത്തോടെ സേതുവേട്ടന് ഞാനൊരു മെസേജിട്ടപ്പോൾ അദ്ദേഹമെന്നെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു. ജയിം സായതുകൊണ്ട് പറഞ്ഞു.  മറ്റ് ചിലർ അറിഞ്ഞ ഭാവം പോലും നടിക്കില്ലെന്ന്.  ലെയ്ക്കയെന്ന പേരിൽ സിനിമ വരുന്നതായി മാസങ്ങൾക്കു മുമ്പേ അറിഞ്ഞിട്ടും  എവിടെയും ഞാൻ പ്രതികരിക്കാൻ മുതിർന്നിട്ടില്ല. എന്നാൽ അതിലൊരു നിസ്സഹായത ഉള്ളതെന്തെന്നാൽ ഞാനെഴുതിയ ലെയ്ക്കയെന്ന നോവലിനെ ആസ്പദമാക്കി സിനിമ വരുമ്പോൾ എനിക്കാ പേര് ഇനി ഉപയോഗിക്കാനാവില്ല എന്നതാണ്. 
ഏതാനും വർഷം മുൻപ് ജോസഫ് തങ്കച്ചൻ എന്ന മിടുക്കനായ ചെറുപ്പക്കാരൻ ചോരശാസ്ത്രം എന്ന പേരിൽ പത്ത് മിനിറ്റ് വരുന്ന മനോഹരമായൊരു ഷോർട് ഫിലിം ചെയ്തു. എന്റെ ചോരശാസ്ത്രമെന്ന നോവൽ സിനിമയാക്കുമ്പോൾ ആ പേര് ഉപയോഗിക്കാനാവാതെ വരുമല്ലോ എന്ന് ഞാൻ സൂചിപ്പിച്ചപ്പോൾ, താൻ അങ്ങനൊരു ബുദ്ധിമുട്ടിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല എന്നു പറഞ്ഞുകൊണ്ട് ആ ചെറുപ്പക്കാരൻ സാമ്പത്തിക നഷ്ടം സഹിച്ചുകൊണ്ടു പോലും ചോരശാസ്ത്രമെന്ന പേര് ചോരപുരാണം എന്നാക്കി മാറ്റുവാൻ  ഹൃദയവിശാലത കാട്ടിയതും സ്നേഹപൂർവം ഓർക്കുന്നു. നിയമപരമായി  അത് ചെയ്യേണ്ട യാതൊരു ബാദ്ധ്യതയും ഇല്ലായിരുന്നിട്ടും അതിനു മുതിർന്ന സൻമനസ്സിനെ എത്ര ശ്ലാഘിച്ചാലും മതിയാവില്ല. 
റഷ്യൻ ബഹിരാകാശ ഗവേഷണത്തിന് പരീക്ഷണമൃഗമാവേണ്ടി വന്ന നായയെ പ്രധാന കഥാപാത്രമാക്കി  എഴുതിയ നൊമ്പരപ്പെടുത്തുന്നൊരു കുടുംബകഥ   സിനിമയാക്കുമ്പോൾ   ലെയ്ക്ക എന്നതിനെക്കാൾ അനുയോജ്യമായൊരു ടൈറ്റിൽ സങ്കല്പിക്കാനാവില്ല. എന്നാൽ ഒരു നായയെ പ്രമേയമാക്കി അതേ പേരിൽ മറ്റൊരു സിനിമ ഇറങ്ങുന്നതോടുകൂടി അതിനുള്ള സാദ്ധ്യത എന്നേക്കുമായി അടയുന്നു എന്നത്  ഒരു യാഥാർത്ഥ്യമാണ്.   ലെയ്ക്കയെന്ന പേര് മലയാളത്തിലിറങ്ങുന്ന ഒരു സിനിമയ്ക്ക് കൊടുക്കുന്നതിൽ നിയമപരമായ ഒരു തെറ്റുമില്ലെന്നു തന്നെ ഞാനും പറയും.  അതേസമയം തന്നെ  പതിനാറു വർഷം മുൻപ് പ്രസിദ്ധീകരിച്ച  നോവൽ സിനിമയാക്കുമ്പോൾ ഇനിയെനിക്ക്  അതേ പേര്  ഉപയോഗിക്കാൻ നിയമപരമായി അവകാശമില്ലെന്ന   പ്രതിസന്ധിയും നിലനില്ക്കുന്നു. സ്വന്തം നോവലിന്റെ പേര് സ്വന്തം സിനിമയ്ക്ക് കൊടുക്കുന്നത് ക്രൈം ആയി മാറുന്ന വൈപരീത്യം. 
ഒന്നൂടെ പറയട്ടെ, ഇത് ആരോടെങ്കിലുമുള്ള പ്രതിഷേധമോ പരാതിയോ അല്ല. എൻ.എസ്. മാധവന്റെ ഹിഗ്വിറ്റയെക്കുറിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും   ചർച്ചകൾ നടക്കുന്നതു കാണുമ്പോൾ   ഞാൻ നേരിടുന്ന ഒരു നിസ്സഹായാവസ്ഥ സുഹൃത്തുക്കളുമായി പങ്കുവച്ചുവെന്ന് മാത്രം. (ലെയ്ക്കയുടെ വിവിധ പതിപ്പുകളുടെ കവർ പേജുകൾ ചിത്രത്തിൽ )


കൂടുതല്‍ വായനയ്ക്ക്:  സിനിമയുടെ പേര് 'ഹിഗ്വിറ്റ'; ദുഃഖകരമെന്ന് എൻ എസ് മാധവൻ
 

ആഷാദ് ശിവരാമന്‍റെ ഫേസ് ബുക്ക് പോസ്റ്റ്

പ്രിയ എൻ എസ് മാധവൻ സാർ,
ഒരു പേരിൽ എന്തിരിക്കുന്നു എന്ന് പലരും ചോദിക്കാറുണ്ട്. പേരിലാണ് പലതും എന്ന് വീണ്ടും ഓർമിപ്പിച്ചതിന് ആദ്യമേ  നന്ദി പറയട്ടെ.
ഒപ്പം ശ്രീ വി ജെ ജെയിംസിൻ്റ നല്ല മനസ്സു കൊണ്ടു ഞങ്ങൾ കഷ്ടിച്ച് രക്ഷപെട്ടു എന്നും അറിയിക്കുകയാണ്.
താങ്കളുടെ ഹിഗ്വിറ്റ എന്ന കഥ മനോഹരമാണ്. അത് വായിച്ച കാലത്ത്  ഒരു പുതിയ ചിന്താപദ്ധതി കണ്ടെത്തിയ അനുഭൂതി  വന്നു വീണതിൻ്റെ ഓർമ്മകൾ ഇപ്പോഴും എൻ്റെ മനസിലുണ്ട്.
അന്നത്തെ ഹിഗ്വിറ്റ എന്ന ആശയത്തിന് ശേഷം അട്ടിയട്ടികളായി എത്രയോ പുതിയ ആശയങ്ങൾ സമൂഹത്തിൽ നിറഞ്ഞിരിക്കുന്നു.
ലളിതവല്ക്കരണത്തിൻ്റെ കാലം കൂടിയാണ്...
വർഷങ്ങൾക്കിപ്പുറം ഇന്നും    താങ്കളുടെ ഹിഗ്വിറ്റാ ഓർമയിൽ നിൽക്കുന്നുണ്ടെങ്കിലും സമീപകാലത്തുണ്ടായിട്ടുള്ള  മലയാള സിനിമയിലെ ഒന്നോ രണ്ടോ ഒഴികെ മറ്റൊന്നും എൻ്റെ മനസ്സിൽ  ഇടംപിടിച്ചതായി ഓർമ്മയില്ല.
 ഓർത്തു വയ്ക്കാൻ മാത്രമുണ്ടെന്നു തോന്നിയിട്ടുമില്ല.
എൻജോയ്മെൻ്റ്, പ്രശസ്തി, പണം, വീണ്ടും എളുപ്പത്തിലുണ്ടാകുന്ന പണം...എന്ന ആശയത്തിൽ കമ്പോളവൽകരിക്കപെട്ട് പോയ മലയാള മെയിൻ സ്ട്രീം സിനിമകൾ താങ്കളുടെ ആശയത്തെയും, വാക്കുകളെയും ബഹുമാനിക്കുമോ എന്നുമറിയില്ല.
സത്യത്തിൽ താങ്കളെ ട്രോളി താണ്ഡവമാടുന്ന ഇൻ്റർനെറ്റ് പ്രതികരണ സാഹിത്യകാരന്മാർക്കും, കുറ്റം കണ്ടെത്തുന്ന മറ്റുള്ളവർക്കും താങ്കൾ എന്തു കൊണ്ടാവും ഇത്തരത്തിൽ വ്യാകുലപ്പെടുന്നത്  എന്ന് ആലോചിച്ചിട്ടുണ്ടോ ആവോ!.
പേര് ശ്രദ്ധിക്കപെട്ട് സിനിമ വിൽക്കപ്പെടുക എന്നതിനപ്പുറം , അതുവച്ച് അടുത്ത സിനിമക്ക് സൂപ്പർസ്റ്റാറിൻറ date കിട്ടുക എന്നതിനപ്പുറം വലിയ ഉദാത്ത ചിന്തകൾ ഒന്നും ഉള്ളവരല്ല  സമീപകാല മലയാള സിനിമ ഇൻ്റലക്ച്ചെൽസ് . ഞാനും വലിയ വ്യത്യസ്തനാകാനുള്ള ശക്തിയൊന്നുമുള്ള ആളല്ല.
പാവപ്പെട്ട ഒരു സ്ത്രീയുടെ നിവൃത്തികേട് കൊണ്ട് ഒരു കാലത്ത് അവരഭിനയിച്ച  A സിനിമകളുടെ ലേബലിൽ, തൻ്റെ തന്നെ A certificate ഉള്ള   സിനിമക്ക് മാർക്കറ്റിംങ്ങിനു വേണ്ടി   ബഹുമാനിക്കാൻ എന്ന വിധത്തിൽ വിളിച്ച് വരുത്തി ബുദ്ധിപൂർവ്വം അവർ അപമാനിക്കപ്പെടുന്ന അവസ്ഥ ഉണ്ടാക്കി അത് വാർത്തയാക്കി സിനിമ വിൽക്കുന്ന സമകാലിക സിനിമാക്കാർക്കിടയിൽ,  ഫുട്ബാളിൻ്റെ ഇടയിൽ ശ്രദ്ധിക്കപ്പെടാൻ സാധ്യതയുള്ള  ഒരു മാർക്കറ്റിംഗ് ടൂൾ ആയി "ഹിഗ്വിറ്റ " എന്ന പേരു ഉപയോഗിച്ചിട്ടുണ്ടാവുകയെങ്കിൽ ഇതൊക്കെ മാന്യമായ മാർക്കറ്റിംഗ് എന്ന് വേണം കരുതാൻ.. കുറെ പേരുടെ ആഗ്രഹവും പ്രതീക്ഷയും ഒക്കെയായിരിക്കുമല്ലോ.
താങ്കൾ "ഹിഗ്വിറ്റ" എന്ന ആശയം മലയാള മനസിലേക്ക് സന്നിവേ ശിപ്പിക്കുന്നതിന്  എത്രയോ മുൻപ് തന്നെ "ഹിഗ്വിറ്റ " എല്ലാവരും അറിയുന്ന പേരു മാത്രമായി നിലനിന്നിരുന്ന  യാഥാർഥ്യമുണ്ടല്ലോ.
തൻ്റെ തന്നെ "സിമുലാക്ര &  സിമുലേഷൻ "എന്ന ആശയം the Matrix എന്ന പേരിൽ ലോക  മെമ്പാടും ആഘോ ഷിക്കപ്പെട്ട ഹിറ്റ് ഹോളിവുഡ് ചലച്ചിത്രമായി ഓടിയപ്പോഴും  തൻ്റെ ചിന്തയുടെ ഏഴ് അ യലത്തില്ല matrix എന്ന്   "ഴാങ് ബോധിലാർദ്  " മനോഹരമായി തള്ളിക്കളഞ്ഞത്  ഓർമ്മ വരുന്നു.
ആശയങ്ങൾ ലോകത്തിന് വിട്ട് കൊടുക്കു..പേരുകൾ  ആരുടെയും സ്വന്തമല്ലല്ലോ. അതിനോട് ഇനിഷ്യലുകൾ  ചേർത്താണല്ലോ നമ്മൾ സ്വന്തമാക്കുന്നത് .
ശ്രീ എൻ എസ് മാധവൻ  ഇതിനിടയിൽ തല വയ്ക്കാതെ വിട്ടു കളയുന്നത് കാണാനാണ് എനിക്കാഗ്രഹം. താങ്കൾക്കും മീതെ വീഴാൻ വലുപ്പമുള്ള "വന്മരങ്ങൾ "ഒന്നും ഇപ്പോൾ മലയാള സിനിമയിൽ കാണുന്നില്ല...
ശ്രീ, വി.ജെ. ജയിംസ് 
2006  ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ  "ലെയ്ക്ക" എന്ന കഥയുടെ പേരിൽ 
ഞങ്ങൾക്ക്   "ലെയ്ക്ക" സിനിമയുടെ ടൈറ്റിൽ ഉപയോഗിക്കുന്നതിൽ  എന്തെങ്കിലും എതിർപ്പുകൾ ഉണ്ടാകില്ല എന്ന് അറിയിച്ചതിൽ സന്തോഷവും സമാധാ നവും.
റഷ്യയിൽ നിന്ന് ആദ്യമായി ബഹിരാകാശത്തേക്ക് അയച്ച  ലെയ്ക്കയുടെ ജീവിതം പ്രതിപാദിക്കുന്ന  അദ്ദേഹത്തിന്റെ കഥ വായിച്ചു.
മനോഹരവും വികാരനിർഭരവുമാണ് .
ഞങ്ങളുടെ ലെയ്‌ക്കയാകട്ടെ,കോട്ടും, സൂട്ടുമിട്ട് റഷ്യയിൽ പോയി ജീവിക്കാൻ പറ്റിയെങ്കിൽ എന്നാഗ്രഹിക്കുന്ന,  എന്നാൽ ഒരു ലുങ്കി പോലും ഉടുക്കാനില്ലതെ  തിരുവനന്തപുരത്ത് ജീവിക്കേണ്ടിവരുന്ന   സാധാരണ മലയാളി നായയാണ് . സാധാരണ മലയാളി യുടെ ജീവിതത്തെ കുറിച്ചുള്ള ഈ സറ്റയർ ജനുവരിയിൽ തീയേറ്ററുകളിൽ റിലീസ് അവുകയാണ്.
വി.ജെ. ജെയിംസിന്റെ കഥ അദ്ദേഹം ആഗ്രഹിക്കുന്ന പോലെ "ലെയ്ക്ക" എന്ന പേരിൽ തന്നെ സിനിമയായി പിന്നീട് പുറത്തിറക്കിയാലും ഞങ്ങൾക്കും പരാതികൾ ഉണ്ടാകില്ല എന്നറിയിക്കട്ടെ . 
അതു വി ജെ ജെയിംസിൻ്റെയും ഇത്  ആഷാദ്  ശിവരാമൻ്റെ യും ലെയ്ക്കയായി നിലനിൽക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.സാങ്കേതിക കുഴപ്പങ്ങൾ ഉണ്ടെങ്കിൽ നമുക്ക് ഒരുമിച്ച് ഒഴിവാക്കാൻ ശ്രമിക്കാം.
എൻ്റെ കൈയിൽ മാത്രം ഒതുങ്ങുന്നതല്ല ഈ ലോകം..
അത് നമ്മുടേതാണ് 😊.

 

കൂടുതല്‍ വായനയ്ക്ക്:  'മാധവൻ ആരോട് അനുമതി വാങ്ങിയാണ് കഥയ്ക്ക് ഹിഗ്വിറ്റയെന്ന് പേരിട്ടത്'? എൻഎസ് മാധവനെതിരെ സംവിധായകൻ  വേണു  

 

 

 

 

Follow Us:
Download App:
  • android
  • ios