ജയിലറിലെ 'ഡോ. ദണ്ഡപാണി' മലയാളത്തിലേക്ക്; ആദ്യ ചിത്രം ദിലീപിനൊപ്പം
2002ൽ പുറത്തിറങ്ങിയ റെഡ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ ആള്‍

രജനികാന്തിന്‍റെ ജയിലർ, വിജയ്‍യുടെ വാരിസ്, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും ഏറെ സുപരിചിതനായ അഭിനേതാവാണ് വി ടി വി ഗണേഷ്. വ്യത്യസ്ഥമായ ശബ്‌ദം കൊണ്ടും അഭിനയം കൊണ്ടുമാണ് അദ്ദേഹം വേറിട്ട് നിൽക്കുന്നത്. ഇപ്പോഴിതാ അദ്ദേഹം മലയാളത്തിലേക്ക് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്രയിലൂടെയാണ് വി ടി വി ഗണേഷ് മലയാളത്തിലേക്ക് എത്തുന്നത്. ഗോസ്വാമി എന്ന കഥാപാത്രത്തെയാണ് ഗണേഷ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ദിലീപിന്റെ നായികയായി തമന്ന എത്തുന്ന ചിത്രം നവംബർ പത്തിന് തിയറ്ററുകളിൽ എത്തും.
2002ൽ പുറത്തിറങ്ങിയ റെഡ് എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് കടന്നുവന്ന വി ടി വി ഗണേഷ് തമിഴകത്തിലെ അറിയപ്പെടുന്ന ഒരു പ്രൊഡ്യൂസർ കൂടിയാണ്. ഗൗതം മേനോന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം വിണ്ണൈ താണ്ടി വരുവായ എന്ന ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയാണ് അദ്ദേഹം. ആ ചിത്രത്തിലെ ഗണേഷ് എന്ന അദ്ദേഹത്തിന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. വിണ്ണൈ താണ്ടി വരുവായ എന്ന ചിത്രത്തിന്റെ ലഘൂകരിച്ച പേരായ 'വി ടി വി' അതിന് ശേഷം അദ്ദേഹം തന്റെ പേരിനൊപ്പം ചേർത്തു.
ബാന്ദ്രയിൽ മാസ്സ് ഗെറ്റപ്പിൽ ദിലീപ് എത്തുമ്പോൾ നായികാ താരയായി തമന്നയും എത്തുന്നു. മാസ്സ് ആക്ഷനൊപ്പം ആഴമേറിയ കുടുംബ ബന്ധങ്ങളെ കുറിച്ചും ചിത്രം സംസാരിക്കുന്നുണ്ട്. പാൻ ഇന്ത്യൻ താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിന് ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മംമ്ത മോഹൻദാസും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ ഒരുങ്ങുന്നത്.
ALSO READ : മറ്റുള്ളവര്‍ക്ക് ഇനി വഴി മാറാം; കേരളത്തില്‍ വിജയ് ഇന്ന് ചരിത്രം കുറിക്കും!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക