'അടിപിടി ജോസ് എന്നല്ല പേര്, കോട്ടയം കുഞ്ഞച്ചന്‍റെ തുടര്‍ച്ചയുമല്ല'; വൈശാഖ് ചിത്രത്തെക്കുറിച്ച് മമ്മൂട്ടി
അടിപിടി ജോസ് എന്നാണ് ചിത്രത്തിന്‍റെ പേരെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു

മമ്മൂട്ടിയെ നായകനാക്കിയ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നിരവധി ശ്രദ്ധേയ സംവിധായകരുണ്ട് മലയാളത്തില്‍. അദ്ദേഹം നായകനായി ഇപ്പോള്‍ തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കുന്ന കണ്ണൂര്‍ സ്ക്വാഡിന്‍റെ സംവിധായകനും ഒരു നവാഗതനാണ്. നേരത്തെ ഛായാഗ്രാഹകനായി ശ്രദ്ധ നേടിയ റോബി വര്‍ഗീസ് രാജ് ആണ് അത്. മമ്മൂട്ടി ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് വൈശാഖും. 2010 ല്‍ പോക്കിരി രാജയും അതേ കഥാപാത്രത്തെ മുന്‍നിര്‍ത്തി 2019 ല്‍ മധുര രാജയും അദ്ദേഹം ഒരുക്കി. ഇരുവരും ഒരുമിക്കുന്ന മറ്റൊരു പ്രോജക്റ്റ് അണിയറയില്‍ ഒരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി അതേക്കുറിച്ച് സംസാരിച്ചിരുന്നു.
അടിപിടി ജോസ് എന്നാണ് ചിത്രത്തിന്‍റെ പേരെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ആ പേരില്‍ ഒരു പടം ഇല്ലെന്നും ടൈറ്റില്‍ അതല്ലെന്നും മമ്മൂട്ടി പറയുന്നു. കോട്ടയം കുഞ്ഞച്ചന്‍റെ തുടര്‍ച്ചയാണോ ചിത്രമെന്ന ചോദ്യത്തിന് അല്ലെന്നും വേറെ കഥയാണെന്നും മമ്മൂട്ടിയുടെ പ്രതികരണം. മമ്മൂട്ടി വീണ്ടും അച്ചായന്‍ കഥാപാത്രമായെത്തുന്ന ചിത്രം കോമഡി മാസ് എന്‍റര്‍ടെയ്നര്‍ ആയിരിക്കുമെന്നും സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ആയിരിക്കും തിരക്കഥ ഒരുക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാവും നിര്‍മ്മാണമെന്നും.
ഭ്രമയുഗത്തിന് ശേഷം മമ്മൂട്ടി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം ഇതായിരിക്കുമെന്നാണ് അറിയുന്നത്. തെലുങ്ക് ചിത്രം യാത്ര 2 ലും മമ്മൂട്ടി അഭിനയിക്കുന്നുണ്ട്. അതേസമയം വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ കണ്ണൂര്‍ സ്ക്വാഡിന് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. ആദ്യ രണ്ട് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 12.1 കോടിയാണ് ചിത്രം നേടിയത്. പെരുമഴയെ അതിജീവിച്ച് കേരളത്തിലും മികച്ച കളക്ഷനാണ്, രണ്ട് ദിവസം കൊണ്ട് 5.15 കോടി.
ALSO READ : ഒന്നല്ല, രണ്ട് പ്രഖ്യാപനങ്ങള്‍! ആരാധകര്‍ കാത്തിരുന്ന 'എമ്പുരാന്‍' അപ്ഡേറ്റ് എത്തി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക