രാം ചരൺ നിർമ്മിക്കുന്ന 'ദി ഇന്ത്യ ഹൗസ്' സെറ്റിൽ വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ച് അപകടം. 

ഹൈദരാബാദ്: തെലുങ്ക് സിനിമാ താരം രാം ചരണ്‍ നിർമ്മിക്കുന്ന 'ദി ഇന്ത്യ ഹൗസ്' എന്ന ചിത്രത്തിന്റെ സെറ്റിൽ വൻ അപകടം. നായകനായി നിഖിൽ സിദ്ധാർത്ഥ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഒരുക്കിയ കൃത്രിമ വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. സെറ്റിൽ പ്രളയം വന്നത് പോലെയായിരുന്നു ഈ സമയത്ത് അവസ്ഥ എന്നാണ് പുറത്തുവന്ന വീഡിയോയില്‍ വ്യക്തമാകുന്നത്.

അപകടത്തിൽ അസിസ്റ്റന്റ് ക്യാമറാമാനടക്കം നിരവധി ജോലിക്കാർക്ക് പരിക്കേറ്റു. ഷംഷാബാദിനടുത്ത് കടലിലെ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനായാണ് കൂറ്റന്‍ വാട്ടര്‍ ടാങ്ക് സ്ഥാപിച്ചിരുന്നത്. ഇതാണ് വ്യാഴാഴ്ച ചിത്രീകരണത്തിനിടെ പൊട്ടിയത്.

ജൂൺ 12 ഉച്ചയ്ക്ക് ശേഷം നടന്ന ഈ അപകടത്തെ തുടർന്ന് ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. സംഭവത്തിൽ ആര്‍ക്കും സാരമായ പരിക്കില്ലെന്നാണ് വിവരം. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

നായകന്‍ നിഖിൽ സിദ്ധാർത്ഥ സംഭവത്തെക്കുറിച്ച് പ്രതികരിച്ചു "ഞങ്ങൾ ഒരു വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്" രാം ചരൺ-നിഖിൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഈ ചിത്രം, രാം ചരണിന്റെ ആദ്യ നിർമ്മാണ സംരംഭമാണ്. സായി മഞ്ജരേക്കയാണ് ചിത്രത്തിലെ നായിക.

അപകടത്തിന്റെ കാരണം ഇനിയും വ്യക്തമല്ല. എന്നാല്‍ ടാങ്കിന്‍റെ രൂപകല്‍പ്പനയോ നിർമ്മാണത്തിലോ ഉണ്ടായ പാകപ്പിഴയാണ് ഇതിന് കാരണമെന്ന് സംശയിക്കുന്നു. സിനിമാ ഷൂട്ടിംഗിനിടെ ഇത്തരത്തിലുള്ള അപകടങ്ങൾ അപൂർവമല്ലെങ്കിലും, 'ദി ഇന്ത്യ ഹൗസ്' സെറ്റിലുണ്ടായ ഈ സംഭവം സിനിമാ വ്യവസായത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കേണ്ടതിന്റെ ആവശ്യകത വീണ്ടും ഓർമ്മപ്പെടുത്തുന്നു.

 

Scroll to load tweet…

 

നിലവിൽ, പരിക്കേറ്റവരുടെ ആരോഗ്യനില സ്ഥിരതയുള്ളതാണെന്നും ചിത്രീകരണം ഉടൻ പുനരാരംഭിക്കാൻ സാധ്യതയില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 'ദി ഇന്ത്യ ഹൗസ്' എന്ന ഈ ചിത്രം, സ്വാതന്ത്ര്യസമര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു പിരീഡ് ഡ്രാമയാണ്.