നടന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുവന്ന കൂപ്പർ ഹോസ്പിറ്റലിലെ മോർച്ചറി സ്റ്റാഫാണെന്ന് സ്വയം വെളിപ്പെടുത്തിയ ഒരു വ്യക്തിയുടെ തുറന്നുപറച്ചിലാണ് ഇപ്പോൾ സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മരണം വീണ്ടും ചര്‍ച്ചയില്‍ കൊണ്ടുവന്നത്. 

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്‍പുത്തിന്‍റെ മരണം സോഷ്യൽ മീഡിയയിൽ വീണ്ടും സജീവ ചര്‍ച്ചയാകുന്നു. 2020 ജൂണിലാണ് സുശാന്ത് സിംഗ് രജ്‍പുത്ത് മുംബൈയില്‍ ആത്മഹത്യ ചെയ്‍തത്. എന്നാല്‍ ഇത് ആത്മഹത്യയല്ല കൊലപാതകമാണെന്നും സുശാന്തിന്‍റെ മൃതദേഹത്തില്‍ മര്‍ദ്ദിക്കപ്പെട്ട പാടുകള്‍ അടക്കം ഉണ്ടെന്നാണ് പുതിയ വെളിപ്പെടുത്തലുകള്‍. നടന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുവന്ന കൂപ്പർ ആശുപത്രിയിലെ മോർച്ചറി സ്റ്റാഫാണെന്ന് സ്വയം വെളിപ്പെടുത്തിയ ഒരു വ്യക്തിയുടെ തുറന്നുപറച്ചിലാണ് ഇപ്പോൾ സുശാന്ത് സിംഗ് രജ്‍പുത്തിന്‍റെ മരണം വീണ്ടും ചര്‍ച്ചയില്‍ കൊണ്ടുവന്നത്.

സുശാന്തിന്‍റെത് ആത്മഹത്യയല്ലെന്നും, കൊലപാതകമാണെന്നുമാണ് ഇപ്പോൾ പ്രചരിക്കുന്ന ഒരു വീഡിയോയിലൂടെ ഇയാള്‍ അവകാശവാദം ഉന്നയിച്ചത്. മുംബൈ കൂപ്പർ ഹോസ്പിറ്റലിലെ മോർച്ചറി ജീവനക്കാരനായിരുന്നുവെന്ന് പറയുന്ന രൂപ്‍കുമാർ ഷാ പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദത്തിനാണ് തുടക്കം ഇട്ടത്.

ഇപ്പോള്‍ ഈ വിഷയത്തില്‍ ആദ്യ പ്രതികരണം നടത്തിയിരിക്കുകയാണ് സുശാന്തിന്‍റെ കുടുംബം. സുശാന്തിന്‍റെ സഹോദരി ശ്വേത സിംഗ് കീര്‍ത്തി ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്. 2020 ലെ തന്‍റെ ഒരു ലൈവ് വീഡിയോ ട്വിറ്റര്‍ ഫീഡില്‍ പിന്‍ ചെയ്‍തുവച്ച ശ്വേത. സിബിഐ പുതിയ വെളിപ്പെടുത്തലില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന ആവശ്യമാണ് മുന്നോട്ട് വയ്ക്കുന്നത്.

ഈ തെളിവുകളിൽ എന്തെങ്കിലും തരത്തില്‍ സത്യമുണ്ടെങ്കിൽ. അത് സൂക്ഷ്‍മമായി പരിശോധിക്കാൻ സിബിഐയോട് അഭ്യർത്ഥിക്കുകയാണ്. ഇതില്‍ കൃത്യമായ അന്വേഷണം നടത്തി സത്യം വെളിവാക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന് വിശ്വസിക്കുന്നു. സത്യം അറിയുന്നതുവരെ ഇത്തരം വെളിപ്പെടുത്തലുകളും, ഒളിച്ചുകളികളും ഞങ്ങളുടെ (സുശാന്തിന്‍റെ കുടുംബത്തിന്‍റെ) ഹൃദയം വേദനിക്കുന്നു. സുശാന്തിന്‍റെ കേസ് ഒരു സമയബന്ധിതമായ പ്രശ്‍നമല്ലെന്നാണ് വെളിവാകുന്നത് -ശ്വേത ട്വിറ്ററില്‍ എഴുതി.

Scroll to load tweet…

നേരത്തെ സംഭവത്തില്‍ സുശാന്തിന്‍റെ അഭിഭാഷകനും പ്രതികരിച്ചിരുന്നു. സുശാന്ത് സിംഗ് രജ്‍പുതിന്റെ അഭിഭാഷകൻ വികാസ് സിങ് പുതിയ വെളിപ്പെടുത്തല്‍ സംബന്ധിച്ച് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത് ഇതാണ്. " സുശാന്ത് സിംഗ് രാജ്‍പുത്തിന്‍റെ മരണം സാധാരണ ഒരു ആത്മഹത്യയല്ലെന്ന് ഞാൻ വിശ്വസിക്കുന്നു, കാരണം അതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. സിബിഐക്ക് മാത്രമേ ഇതിന്റെ ചുരുളഴിക്കാൻ കഴിയൂ. അദ്ദേഹത്തിന്റെ മരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്, ” വികാസ് സിങ് പറഞ്ഞു.

സുശാന്തിന്‍റെ മരണം ലളിതമായ ഒരു ആത്മഹത്യയല്ല; സുശാന്തിന്‍റെ അഭിഭാഷകന്‍

'സുശാന്ത് കൊല്ലപ്പെട്ടതാണ്': സ്‌ഫോടനാത്മക വെളിപ്പെടുത്തലുമായി മോര്‍ച്ചറി ജീവനക്കാരന്‍