ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം 'നെടുങ്കണ്ടം മിറക്കിൾ' ഔദ്യോഗികമായി പ്രഖ്യാപിച്ചു. 

ദിലീഷ് പോത്തന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. നെടുങ്കണ്ടം മിറക്കിള്‍ എന്നാണ് ചിത്രത്തിന്‍റെ പേര്. ജോജി പുറത്തിറങ്ങി അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ശ്യാം പുഷ്കരനും പോള്‍സണ്‍ സ്കറിയയും ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്‍റെ ബാനറില്‍ അച്ചു ബേബി ജോണ്‍ ആണ്. മലൈക്കോട്ടൈ വാലിബന് ശേഷം ഈ ബാനര്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്. ഡ്രീം ടീം ആണ് ഈ ദിലീഷ്- മോഹന്‍ലാല്‍ ചിത്രത്തിന്‍റെ അണിയറയില്‍ ഒരുമിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം സുഷിന്‍ ശ്യാം ആണ്. സൈജു ശ്രീധരന്‍ ആണ് എഡിറ്റിംഗ്. പ്രൊഡക്ഷൻ ഡിസൈൻ അജയൻ ചാലിശ്ശേരി, കോസ്റ്റ്യൂം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, ഡിസ്ട്രിബ്യൂഷൻ ഭാവന റിലീസ്, തിരുവനന്തപുരം, ഇടുക്കി, ചെന്നൈ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം. അനൗണ്‍സ്മെന്‍റ് വീഡിയോയ്ക്കൊപ്പമാണ് സിനിമയുടെ പ്രഖ്യാപനം എത്തിയിരിക്കുന്നത്. ഏറെക്കാലമായി സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന പ്രോജക്റ്റ് ആണ് ഇത്. ദിലീഷ് പോത്തന്‍ സമീപകാലത്ത് ഏറ്റവുമധികം നേരിട്ട ചോദ്യവും ഈ ചിത്രത്തെക്കുറിച്ച് ആയിരിക്കും.

സമീപകാലത്ത് ഒരു അഭിമുഖത്തില്‍ ദിലീഷ് പോത്തന്‍ ഈ ചിത്രത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ- “ഇപ്പോള്‍ ഞാനൊരു ഐഡിയയില്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. അതിന്‍റെ ഒരു പ്ലോട്ട് കേട്ടപ്പോള്‍ എക്സൈറ്റഡ് ആയ ഒന്നാണ്. ഞാന്‍ എടുത്തിട്ടുള്ള എല്ലാ കഥകളിലും എനിക്ക് തോന്നുന്നത് പ്ലോട്ട് ഭയങ്കര എക്സൈറ്റിംഗും എന്നാല്‍ അതില്‍ ഒരുപാട് വെല്ലുവിളികളും ഉണ്ടായിരിക്കും. ഇതും എനിക്ക് അങ്ങനെയാണ് തോന്നുന്നത്. ഞാന്‍ ആ വെല്ലുവിളികളെ പതുക്കെ പതുക്കെ തരണം ചെയ്യാനുള്ള അതിന്‍റെയൊരു റൈറ്റിംഗ് പ്രോസസിലും പ്രീ പ്രൊഡക്ഷന്‍ പരിപാടികളിലും ഒക്കെയാണ്. പോള്‍സണും ശ്യാമും കൂടിയിട്ടാണ് എഴുതുന്നത്. അത് ഒരു ഡെവലപ്മെന്‍റല്‍ സ്റ്റേജില്‍ ആണ്. ഇത് വട്ടം എത്തുമെന്ന് തോന്നുന്നു. ഏകദേശം ഒരു ഫസ്റ്റ് ഡ്രാഫ്റ്റ് ആയിട്ടുണ്ട്. അതൊരു ഡ്രാമയാണ്. അതാണ് പറയാനുള്ളത്. ഒരു സിനിമ ചെയ്യുമ്പോള്‍ അതിന്‍റെ പ്രോസസിലാണ് അതിന്‍റെ ജോണറും പരിപാടികളുമൊക്കെ കണ്ടെത്തി വരുന്നത്. പക്ഷേ എന്‍ഗേജിംഗ് ആയിട്ടുള്ള ഒന്നായിരിക്കും ഇത്. എന്‍റെ മുന്‍പത്തെ സിനിമകളില്‍ നിന്ന് കുറച്ചുകൂടി വിട്ടിട്ടാണെന്ന് ഞാന്‍ കരുതുന്നു. കുറച്ചുകൂടി ഡ്രാമയുള്ള ഒരു കഥയാണ്”, ദിലീഷ് പോത്തന്‍ പറഞ്ഞിരുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming