വിജയ് നായകനായ 'ജനനായകന്‍' എന്ന ചിത്രത്തിന്‍റെ റിലീസ് പ്രതിസന്ധിയിലാണ്. സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് വിഷയത്തില്‍ സുപ്രീം കോടതി ഹര്‍ജി തള്ളിയതോടെ നിര്‍മ്മാതാക്കള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയാണ്
തമിഴ് സിനിമാലോകം ഈ വര്‍ഷം ഏറ്റവും കാത്തിരുന്ന ചിത്രമായിരുന്നു ജനനായകന്‍. കോളിവുഡിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍ ആയ വിജയ്‍യുടെ കരിയറിലെ അവസാന ചിത്രം എന്നതായിരുന്നു ആ ഹൈപ്പിന് ഏറ്റവും വലിയ കാരണം. എന്നാല്‍ പ്രതിസന്ധിയില്‍ റിലീസ് മുടങ്ങിയ ചിത്രം ഇനിയും തിയറ്ററുകളില്‍ എത്തിയിട്ടില്ല. എന്ന് എത്തുമെന്ന് ഇപ്പോള്‍ കൃത്യമായി പറയാന്‍ നിര്‍മ്മാതാക്കള്‍ക്ക് സാധിക്കാത്ത സാഹചര്യവുമാണ്. സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് ലഭ്യമാക്കാന്‍ ഇടപെടല്‍ തേടി നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് തള്ളിയിരുന്നു. അതേസമയം പ്രശ്നങ്ങള്‍ വൈകാതെ പരിഹരിക്കാനായാല്‍ നിര്‍മ്മാതാക്കള്‍ ചിത്രത്തിനായി ഇനി പരിഗണിക്കുന്ന റിലീസ് തീയതി ഏതെന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകളും പുറത്തെത്തിയിട്ടുണ്ട്.
വീണ്ടും മദ്രാസ് ഹൈക്കോടതിയിലേക്ക്
മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീം കോടതി നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടത്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ഡിവിഷൻ ബെഞ്ച് തീരുമാനമെടുക്കട്ടെയെന്നാണ് ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയത്. ഈ മാസം 20 നുള്ളില്‍ ഹര്‍ജി പരിഗണിക്കണമെന്നും മദ്രാസ് ഹൈക്കോടതിക്ക് സുപ്രീകോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 20-ാം തീയതി നിര്‍മ്മാതാക്കള്‍ക്ക് അനുകൂലമായ കോടതി വിധി വന്നാല്‍ റിപബ്ലിക് ദിന റിലീസ്, അതായത് 26 ന് ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാവും നിര്‍മ്മാതാക്കള്‍ ശ്രമിക്കുകയെന്ന് സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ സിനിമയിലെ ഒരു ശ്രദ്ധേയ റിലീസ് വിന്‍ഡോ ആണ് റിപബ്ലിക് ഡേ. എന്നാല്‍ ഇത്തവണത്തെ റിപബ്ലിക് ദിനം തിങ്കളാഴ്ചയാണ് എന്ന പ്രത്യേകതയുമുണ്ട്. അതിനാല്‍ത്തന്നെ ആ ദിവസത്തെ റിലീസിന് നിര്‍മ്മാതാക്കള്‍ തയ്യാറാവുമോ അതോ ആ വാരാന്ത്യത്തിലേക്ക് കാത്തിരിക്കുമോ എന്നറിയാന്‍ 20 വരെ കാക്കേണ്ടതുണ്ട്.
ജനുവരി 9 ന് തിയറ്ററുകളില്‍ എത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്ന ചിത്രമായിരുന്നു ഇത്. ഇതിന് മുന്നോടിയായി നടന്ന അഡ്വാന്‍സ് സെയില്‍സില്‍ എല്ലാ മാര്‍ക്കറ്റുകളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് മാത്രം ആദ്യ ദിനത്തിലേക്ക് 40 കോടിയുടെയും ആദ്യ വാരാന്ത്യത്തിലേക്ക് 60 കോടിയുടെയും ടിക്കറ്റ് വില്‍പ്പന ചിത്രം നടത്തിയിരുന്നു. ഇന്ത്യയിലേത് ഉള്‍പ്പെടെയുള്ള ആഗോള പ്രീ സെയിലിലൂടെ 100 കോടി ക്ലബ്ബിലും കടന്നിരുന്നു ചിത്രം. എന്നാല്‍ റിലീസ് മാറ്റിയതോടെ ആ നേട്ടങ്ങളൊക്കെ വൃഥാവിലായി.



