നടി അപ്സര തനിക്കെതിരായ അഭ്യൂഹങ്ങൾ നിഷേധിച്ചു. ഭർത്താവുമായി പിരിഞ്ഞെന്നും ബിഗ് ബോസ് വിജയി ജിന്റോയുമായി പ്രണയത്തിലാണെന്നുമുള്ള വാർത്തകൾ വ്യാജമാണെന്ന് പറഞ്ഞു. ഷോയ്ക്ക് ശേഷം ജിന്റോയുമായി യാതൊരു ബന്ധവുമില്ലെന്നും അപ്സര വ്യക്തമാക്കി.
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് നടി അപ്സര. സാന്ത്വനം സീരിയലിലെ പ്രതിനായക കഥാപാത്രം ജയന്തിയെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയ അപ്‌സര, പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മത്സരാര്‍ത്ഥി എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഭർത്താവ് ആൽബിയും അപ്സരയും പിരിഞ്ഞാണ് താമസിക്കുന്നതെന്ന തരത്തിലുള്ള വാർത്തകൾ ഇതിനിടെ പ്രത്യക്ഷപ്പെട്ടിരുന്നു. ബിഗ് ബോസ് മുൻ വിജയി ജിന്റോയുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഇതേക്കുറിച്ചെല്ലാം സംസാരിക്കുകയാണ് അപ്സര.
''ഇങ്ങനെയുള്ള ചൊറി വാര്‍ത്തകളൊന്നും ഞാന്‍ ശ്രദ്ധിച്ചിട്ടില്ല. ഞാന്‍ അറിഞ്ഞിട്ടില്ല ഇങ്ങനെയൊരു സംഭവം. തുടക്കത്തില്‍ ഞാന്‍ പാവം പോലെയായിരുന്നു. ജിന്റോ ചേട്ടനും ഞാനും തമ്മില്‍ അങ്ങനെ വലിയ വഴക്കുകളൊന്നുമുണ്ടായിട്ടില്ല. ഞങ്ങളൊന്നിച്ചാണ് കുറേ പെര്‍ഫോമന്‍സുകള്‍ ചെയ്തത്. പുറത്തിറങ്ങിയതില്‍ പിന്നെ ഞാനും ജിന്റോ ചേട്ടനുമായി ഒരു കോണ്ടാക്റ്റുമില്ല. അവിടെ നല്ല സുഹൃത്തുക്കളായിരുന്ന പല ആള്‍ക്കാരും പുറത്ത് വന്നപ്പോള്‍ ഒരു കോണ്ടാക്റ്റുമില്ലാതെയായിട്ടുണ്ട്. അതിലൊരാള്‍ ജിന്റോ ചേട്ടനാണ്'', എന്ന് അപ്സര പറയുന്നു.
''ഈ ന്യൂസ് എന്താണെന്ന് എനിക്കറിയില്ല. അവരെയൊന്ന് വിളിച്ച് നോക്കണം. ജീവിക്കാന്‍ വേണ്ടിയാണ് എല്ലാവരും പണിയെടുക്കുന്നത്. എന്നുവെച്ച് ഒരാളെ വിറ്റ് ജീവിക്കരുത്. ഒരാളുടെ ഇമോഷൻ വെച്ചിട്ടോ, ഇല്ലാത്ത കാര്യം പറഞ്ഞോ ജീവിക്കരുത്. കര്‍മയില്‍ വിശ്വസിക്കുന്ന ആളാണ് ഞാനും. നമ്മളൊരാളെ ദ്രോഹിച്ച് എന്തുണ്ടാക്കിയാലും അത് ശാശ്വതമല്ല. ഇത് ഞാന്‍ അറിയാത്ത കാര്യമാണ്. ഇതുപോലെ അവരെക്കുറിച്ച് ഒരു വാര്‍ത്ത വരുമ്പോള്‍ അവർക്ക് മനസിലാകും. ഞാന്‍ ചെയ്ത കാര്യങ്ങളെക്കുറിച്ചാണ് പറഞ്ഞതെങ്കില്‍ എനിക്കൊരു പ്രശ്‌നവുമില്ല. ജിന്റോ ചേട്ടന്‍ ഇതറിഞ്ഞോ എന്നറിയില്ല. അദ്ദേഹത്തിന്റെ കല്യാണം ഏകദേശം ആയിരിക്കുകയാണ്. ഞങ്ങള്‍ തമ്മില്‍ കോൺടാക്റ്റ് പോലുമില്ല'', എന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അപ്സര പറഞ്ഞു.



