ആക്രമിക്കപ്പെട്ട നടിക്കെതിരായ ഇടവേള ബാബുവിന്‍റെ പരാമര്‍ശത്തില്‍ അമ്മ നേതൃത്വം തുടരുന്ന മൌനത്തിനെതിരെ തുറന്ന കത്തുമായി രേവതിയും പത്മപ്രിയയും. അമ്മ സംഘടനയിലെ അംഗമായ പാര്‍വ്വതി തിരുവോത്ത് ഇടവേള ബാബുവിന്‍റെ പരാമര്‍ശങ്ങളില്‍ എതിര്‍പ്പ് വ്യക്തമാക്കി സംഘടനയില്‍ നിന്ന് രാജി വച്ച ശേഷവും നേതൃത്വം തുടരുന്ന മൌനത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ളതാണ് കത്ത്. അമ്മ സംഘടനയ്ക്കുള്ളിലുള്ള പലരില്‍ നിന്നുമുണ്ടായ മനോഭാവത്തേക്കുറിച്ച് തുറന്ന് പറയുന്നത് തന്നെയാണ് മാറ്റങ്ങള്‍ക്ക് കാരണമാകുകയെന്നാണ് വിശ്വാസം. ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം അതീവ വിഷമത്തോടെ അമ്മയില്‍ നിന്ന് രാജിവച്ചതുമായ 2018 ലെ സാഹചര്യത്തിലേക്കാണ് പാര്‍വ്വതിയുടെ രാജിയും എത്തി നില്‍ക്കുന്നത്.

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളേക്കുറിച്ച് ആരോഗ്യപരമായ ചര്‍ച്ചകള്‍ നടക്കാന്‍ ഒരു ഇടം ഒരുക്കിയതായിരുന്നു ആ രാജി. എന്നാല്‍ നടപടിയെടുക്കാതെയുള്ള അമ്മയുടെ നേതൃത്വത്തിന്റെ നിലാപാട് ഒരു ചര്‍ച്ചകളിലും കാണാന്‍ സാധിച്ചില്ല. അമ്മയുടെ ജനറല്‍ സെക്രട്ടറിയുടെ അടുത്തിടെ നടന്ന അഭിമുഖം അപകടകരമായ മാതൃകയാണ് സൃഷ്ടിക്കുന്നത്. ഇനിയും വിധി വന്നിട്ടില്ലാത്ത ഒരു ക്രിമിനല്‍ കേസിനെ താഴ്ത്തിക്കെട്ടാന്‍ അമ്മയുടെ നേതൃത്വത്തിലുള്ള ചിലര്‍ ശ്രമിക്കുന്നതാണ് ആ മാതൃക.

ആക്രമിക്കപ്പെട്ട നടിക്ക് എതിരായ ഇടവേള ബാബുവിന്റ പരാമർശത്തിൽ അമ്മ നിലപാട് വ്യക്തമാക്കണമെന്നും രേവവതിയും പത്മ പ്രിയയും അമ്മ നേതൃത്വത്തിന് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു. പാര്‍വ്വതിയുടെ രാജിക്ക് പിന്നാലെ നിങ്ങളുടെ നിലപാടെന്താണെന്ന് ചോദിക്കുന്ന മാധ്യമങ്ങള്‍ അത് ചോദിക്കേണ്ടത് അമ്മയുടെ നേതൃത്വത്തോടാണെന്നും കത്ത് വിശദമാക്കുന്നു.