മോഹന്‍ലാലുമായി ഒരു സിനിമ ചെയ്യാന്‍ ഒരുങ്ങുന്നതായ പ്രചാരണങ്ങളോട് ആദ്യമായി പ്രതികരിച്ച് സംവിധായകന്‍ ചിദംബരം

മോഹന്‍ലാല്‍ യുവതലമുറയിലെ പല സംവിധായകര്‍ക്കുമൊപ്പം ഒരുമിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി വരുന്നുണ്ട്. ഇതില്‍ ചിലതൊക്കെ യാഥാര്‍ഥ്യമാവുകയും ചെയ്തു. അക്കൂട്ടത്തില്‍ സമീപകാലത്തെത്തിയ ഒരു റിപ്പോര്‍ട്ട് ആയിരുന്നു മഞ്ഞുമ്മല്‍ ബോയ്സ് സംവിധായകന്‍ ചിദംബരവും മോഹന്‍ലാലും ഒന്നിക്കുന്നു എന്ന വാര്‍ത്ത. ചിദംബരത്തിന്‍റെ അച്ഛനും ചലച്ചിത്ര പ്രവര്‍ത്തകനുമായ സതീഷ് പൊതുവാള്‍ ഇത്തരത്തിലൊരു വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ ഇത്തരത്തിലൊരു പ്രോജക്റ്റ് ഉറപ്പായും സംഭവിക്കുമെന്ന് സിനിമാപ്രേമികള്‍ വിശ്വസിച്ചു. എന്നാല്‍ അത് വെറും പ്രചാരണമായിരുന്നെന്ന് പറയുകയാണ് ചിദംബരം. അച്ഛന്‍ എന്തിനാണ് അത്തരമൊരു പോസ്റ്റ് ഷെയര്‍ ചെയ്തതെന്ന് തനിക്ക് അറിയില്ലെന്നും ചിദംബരം പ്രതികരിച്ചു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ചിദംബരത്തിന്‍റെ പ്രതികരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

“ലാലേട്ടനുമായി സിനിമ ചെയ്യുന്നു എന്ന പ്രചരണം എങ്ങനെ വന്നുവെന്ന് അറിയില്ല. ഓരോ സ്ഥലത്തുനിന്ന് ആരെങ്കിലുമൊക്കെ പറഞ്ഞ് വരുന്നതായിരിക്കും. ഭയങ്കര ആഗ്രഹമുണ്ട് ലാലേട്ടനുമായി ഒരു സിനിമ ചെയ്യണമെന്ന്. അവസരം കിട്ടിയാല്‍ ചെയ്യും. അത്തരമൊരു പ്രോജക്റ്റ് സംബന്ധിച്ച് ഡിസ്കഷന്‍ ഒന്നും നടന്നിട്ടില്ല”, ചിദംബരം പറയുന്നു. മോഹന്‍ലാലിനെ ഒരുപാട് തവണ കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ സംസാരിച്ചിട്ടില്ലെന്നും ചിദംബരം പറയുന്നു. “മമ്മൂക്കയുമായിട്ട് ഞാന്‍ സംസാരിച്ചിട്ടുണ്ട്. പക്ഷേ ലാലേട്ടനുമായി സംസാരിച്ചിട്ടില്ല”, ചിദംബരത്തിന്‍റെ വാക്കുകള്‍.

മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒപ്പം സിനിമ ചെയ്യാന്‍ അവസരം ലഭിച്ചാല്‍ എത്തരത്തിലുള്ള സിനിമകള്‍ ചെയ്യുമെന്ന ചോദ്യത്തിന് ആദ്യം കഥയാണ് കാര്യമെന്നാണ് ചിദംബരത്തിന്‍റെ മറുപടി. “ലാലേട്ടനും മമ്മൂക്കയും എന്തിലേക്കും അഡാപ്റ്റ് ആവുന്ന ആള്‍ക്കാരാണ്. എന്തുതരം കഥാപാത്രം കൊടുത്താലും അവര്‍ അതിലേക്ക് എത്തും. ഒരു കഥയിലേക്ക് അവരിലെ താരങ്ങളേക്കാള്‍ അഭിനേതാക്കളെയാണ് കൊണ്ടുവരേണ്ടതെന്ന് ഞാന്‍ കരുതുന്നു. അങ്ങനെയാവണം ഒരു താരവുമായി ഒരുമിക്കേണ്ടതെന്നാണ് എന്‍റെ ആ​ഗ്രഹം”, ചിദംബരം പറയുന്നു. ഒപ്പം ഇങ്ങനെയും പറയുന്നു മഞ്ഞുമ്മല്‍ ബോയ്സ് സംവിധായകന്‍. “ലാലേട്ടനെ കൊണ്ടുവന്നാല്‍ പൊടി പറത്തണം. മീശ പിരിക്കണം. ലാലേട്ടന്‍ വന്നാല്‍ അത്രയെങ്കിലും ചെയ്യണ്ടേ? കാരണം അദ്ദേഹത്തിന്‍റെ ആരാധകര്‍ അത് ആഗ്രഹിക്കുന്നുണ്ട്. ലാലേട്ടന്‍റെ പടങ്ങള്‍ സെലിബ്രേഷന്‍ ആണ്”. മമ്മൂട്ടി വന്നാല്‍ ഒരു റിവെഞ്ച് ത്രില്ലര്‍ ചെയ്യണമെന്ന് തനിക്ക് ആ​ഗ്രഹമുണ്ടെന്നും ചിദംബരം പറയുന്നു. രണ്ട് പേരും അവരുടെ കരിയറിന്‍റെ ഏറ്റവും മികച്ച ഘട്ടത്തിലാണെന്നും ചിദംബരം അഭിപ്രായപ്പെടുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming