ലോക്ക് ഡൗണ്‍ സമയത്ത് ചിത്രീകരണ സംഘം ജോര്‍ദാനിലെ വാദിറം മരുഭൂമിയില്‍ അകപ്പെട്ടുപോയിരുന്നു. ചിത്രീകരണത്തിന് പിന്നീട് ഇത് ഗുണകരമായി ഭവിച്ചുവെന്ന് സുനില്‍ കെ എസ്

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ ചിത്രം ആടുജീവിതമാണ്. മികച്ച നടനായി പൃഥ്വിരാജും മികച്ച സംവിധായകനായി ബ്ലെസിയും തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ചിത്രത്തെ ആകെ തേടിയെത്തിയത് എട്ട് പുരസ്കാരങ്ങളാണ്. മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം ആടുജീവിതത്തിലൂടെ മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യങ്ങള്‍ സമ്മാനിച്ച സുനില്‍ കെ എസ്. ദൃശ്യങ്ങളിലൂടെ കഥ പറഞ്ഞ ആടുജീവിതത്തിന്‍റെ ഛായാഗ്രാഹകന് ചിത്രത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട ഷോട്ട് ഏതായിരിക്കും? ഇപ്പോഴിതാ ഏഷ്യാനെറ്റ് ന്യൂസിനോട് അക്കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് സുനില്‍ കെ എസ്.

മണലാരണ്യത്തിലൂടെയുള്ള ദീര്‍ഘ സഞ്ചാരത്തിന് ശേഷം നജീബ് റോഡ് കണ്ടെത്തുന്ന ഷോട്ട് ആണ് സിനിമയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഷോട്ട് എന്ന് സുനില്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനസില്‍ ആഗ്രഹിച്ചത് തന്നെ ചിത്രീകരിച്ചെടുക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിരുന്നെന്ന് സുനില്‍ പറയുന്നു. "കോംപ്രമൈസ് എന്ന ഒരു വാക്ക് നമ്മളാരും ഈ പടത്തിന്‍റെ വര്‍ക്കിനിടെ ഉപയോഗിച്ചിട്ടില്ല. അത്രയും അര്‍പ്പണത്തോടെ വളരെ സമയമെടുത്ത് ഏറ്റവും ഭംഗിയായി ചിത്രീകരിക്കുക എന്ന ആഗ്രഹത്തോടെയാണ് നിന്നത്. ഇവിടെനിന്ന് പേപ്പറില്‍ എഴുതിക്കൊണ്ടുപോയി, മനസില്‍ കണ്ട സിനിമ തന്നെയാണ് ഫൈനല്‍ ഔട്ട് ആയി ലഭിച്ചതെന്ന് എനിക്ക് പറയാം", സുനില്‍ പറയുന്നു.

ലോക്ക് ഡൗണ്‍ സമയത്ത് ബ്ലെസിയും സംഘവും ജോര്‍ദാനിലെ വാദിറം മരുഭൂമിയില്‍ അകപ്പെട്ടുപോയിരുന്നു. ചിത്രീകരണത്തിന് പിന്നീട് ഇത് ഗുണകരമായി ഭവിച്ചുവെന്നും സുനില്‍ കെ എസ് പറയുന്നു. "ലോക്ക് ഡൗണ്‍ സമയത്ത് വാദിറം മരുഭൂമിയില്‍ പെട്ടുപോയ സമയത്ത് മരുഭൂമിയെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ പറ്റി. നമുക്ക് അറിഞ്ഞുകൂടാത്ത ഒരു പ്രദേശമാണല്ലോ. ലോക്ക് ഡൗണ്‍ ഞങ്ങള്‍ക്ക് ഒരു അനുഗ്രഹമായി മാറി എന്ന് പറയാം, അവിടെ നിന്നതുകൊണ്ട്", ഛായാഗ്രാഹകന്‍റെ വാക്കുകള്‍.

"വലിയ പ്രചോദനമാണ് ബ്ലെസിയേട്ടന്‍ തന്നത്. എല്ലാ ദിവസവും ഷൂട്ട് പോകുന്നതിന് മുന്‍പ് ഒരു ചര്‍ച്ചയൊക്കെ ഉണ്ടാവും. എന്താണ് വേണ്ടതെന്ന് കൃത്യമായി ഒരു പേപ്പര്‍ വര്‍ക്കോടെ തന്നെയാവും ദിവസേന ചിത്രീകരണത്തിന് പോകുന്നത്. ചിത്രീകരണ സംഘത്തിലെ എല്ലാവര്‍ക്കും എന്താണ് നമ്മള്‍ ചെയ്യാന്‍ പോകുന്നത് എന്നത് സംബന്ധിച്ച് കൃത്യമായ അറിവ് ഉണ്ടായിരുന്നു. അങ്ങനെയുള്ള ഒരു കൂട്ടായ്മയുടെ നേട്ടമാണ് ഈ സന്തോഷം", സുനില്‍ പറയുന്നു. പുതിയ പ്രോജക്റ്റുകളെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെ- "മറ്റ് ചിത്രങ്ങളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല. പരസ്യങ്ങളാണ് അധികവും. പുതിയ പ്രോജക്റ്റുകള്‍ക്കുവേണ്ടി വെയ്റ്റിം​ഗ് ആണ്. ക്യാമറ കൊണ്ട് കഥ പറയാന്‍ പറ്റുന്ന നല്ലൊരു പ്രോജക്റ്റ് വരികയാണെങ്കില്‍ തീര്‍ച്ചയായും ചെയ്യും". 

ALSO READ : 'ഈ സിനിമ ഉണ്ടാവാനുള്ള ആദ്യ കാരണം വിനയ് ഫോര്‍ട്ട്'; 'ആട്ടം' സംവിധായകന്‍ ആനന്ദ് ഏകര്‍ഷി പറയുന്നു

'ഒരു കോംപ്രമൈസുമില്ലാത്ത ആടുജീവിതം', പുരസ്കാര നിറവിൽ ഛായാ​ഗ്രാഹകൻ കെഎസ് സുനിൽ