Asianet News MalayalamAsianet News Malayalam

ആരാവും മികച്ച നടന്‍? സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് മണിക്കൂറുകള്‍

തിയറ്ററുകള്‍ അടഞ്ഞുകിടന്ന കൊവിഡ് പശ്ചാത്തലത്തില്‍ 80 സിനിമകളാണ് ആകെ മത്സരിച്ചത്. ഇതില്‍ നിന്ന് രണ്ട് പ്രാഥമിക ജൂറികള്‍ കണ്ടുവിലയിരുത്തി രണ്ടാം റൗണ്ടിലേക്ക് നിര്‍ദേശിച്ചത് 30 ചിത്രങ്ങളാണ്.

who will be best actor in this years kerala state film awards
Author
Thiruvananthapuram, First Published Oct 16, 2021, 12:08 PM IST
  • Facebook
  • Twitter
  • Whatsapp

51-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് (Kerala State Film Awards) പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ ആരൊക്കെയാവും പുരസ്‍കാര ജേതാക്കള്‍ എന്നറിയാനുള്ള ആകാംക്ഷയിലാണ് സിനിമാ പ്രേമികള്‍. മികച്ച നടനുള്ള (Best Actor) പുരസ്‍കാരത്തിന് ഇക്കുറി കടുത്ത മത്സരമാണ്. തിയറ്ററുകള്‍ അടഞ്ഞുകിടന്ന കൊവിഡ് പശ്ചാത്തലത്തില്‍ 80 സിനിമകളാണ് ആകെ മത്സരിച്ചത്. ഇതില്‍ നിന്ന് രണ്ട് പ്രാഥമിക ജൂറികള്‍ കണ്ടുവിലയിരുത്തി രണ്ടാം റൗണ്ടിലേക്ക് നിര്‍ദേശിച്ചത് 30 ചിത്രങ്ങളാണ്. ഈ സിനിമകളില്‍ നിന്നാണ് മികച്ച നടന്‍ അടക്കമുള്ള പുരസ്‍കാരങ്ങളൊക്കെത്തന്നെ നിശ്ചയിക്കുക.

ഇത്തവണ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന നടന്മാരിലൊരാള്‍ ബിജു മേനോന്‍ (Biju Menon) ആണ്. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ കരിയറിലെ അവസാനചിത്രമായിരുന്ന 'അയ്യപ്പനും കോശിയു'മാണ് ബിജു മേനോന്‍റേതായി ജൂറിക്കു മുന്നിലെത്തിയ ചിത്രം. ടൈറ്റില്‍ കഥാപാത്രങ്ങളില്‍ ഒന്നായിരുന്ന 'എസ്ഐ അയ്യപ്പന്‍ നായര്‍' ബിജുവിന്‍റെ എക്കാലത്തെയും മികച്ച വേഷങ്ങളിലൊന്നാണ്. മികച്ച നടനുള്ള പുരസ്‍കാരം നേടാന്‍ ബിജു മേനോനുള്ള അസുലഭ അവസരമാണ് ഇത്തവണത്തേത്. സംസ്ഥാന അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‍കാരം ഇതിനു മുന്‍പ് രണ്ടുതവണ ലഭിച്ചിട്ടുണ്ട് അദ്ദേഹത്തിന്.

ഫഹദ് ഫാസില്‍ (Fahadh Faasil), ഇന്ദ്രന്‍സ് (Indrans), ജയസൂര്യ (Jayasurya), സുരാജ് വെഞ്ഞാറമൂട് (Suraj Venjaramoodu), ടൊവീനോ തോമസ് (Tovino Thomas) എന്നിവരൊക്കെ ഇതേ അവാര്‍ഡിനുവേണ്ടി മത്സരസ്ഥാനത്തുള്ളവരാണ്. അന്‍വര്‍ റഷീദിന്‍റെ 'ട്രാന്‍സ്', മഹേഷ് നാരായണന്‍റെ 'മാലിക്', 'സി യു സൂണ്‍' എന്നിവയാണ് ഫഹദിന്‍റെ ചിത്രങ്ങള്‍. 'പാസ്റ്റര്‍ ജോഷ്വ കാള്‍ട്ടണ്‍' ആയിമാറുന്ന മോട്ടിവേഷണല്‍ സ്‍പീക്കര്‍ 'വിജു പ്രസാദും' (ട്രാന്‍സ്) 'റമദാപള്ളിക്കാരുടെ' ജീവിതത്തെ സ്വാധീനിച്ച 'അഹമ്മദലി സുലൈമാനും' (മാലിക്) സി യു സൂണിലെ 'കെവിന്‍ തോമസു'മെല്ലാം, ഒന്നിനൊന്ന് വ്യത്യസ്‍ത കഥാപാത്രങ്ങളുമായാണ് ഫഹദ് ഫാസില്‍ ഇത്തവണ ഉള്ളത്. പ്രകടന സാധ്യതയുള്ള വേഷങ്ങളിലേക്കു മാത്രം കാസ്റ്റ് ചെയ്യപ്പെടുന്ന നടനായി ഇന്ദ്രന്‍സ് മാറിയിരിക്കുന്നു. അതിന്‍റെ തുടര്‍ച്ചയാണ് മേക്കോവറിലും പ്രകടനത്തിലും ഇന്ദ്രന്‍സ് വ്യത്യസ്‍തത കാഴ്ചവച്ച 'വേലുക്കാക്ക ഒപ്പ് കാ'യിലെ ടൈറ്റില്‍ കഥാപാത്രം.

സൂഫിയും സുജാതയും, വെള്ളം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലാണ് ജയസൂര്യ പരിഗണിക്കപ്പെടുന്നത്. ഇതില്‍ 'വെള്ള'ത്തിലെ മുരളി നമ്പ്യാര്‍ ജയസൂര്യയ്ക്ക് വലിയ പ്രേക്ഷകപ്രീതി നേടിക്കൊടുത്ത കഥാപാത്രമാണ്. ഡയറക്റ്റ് ഒടിടി റിലീസ് ആയെത്തി അന്തര്‍ദേശീയ തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ട ജിയോ ബേബിയുടെ 'ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി'ലെ 'ഭര്‍ത്താവാ'ണ് സുരാജിന്‍റെ കഥാപാത്രം. അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ തുടര്‍ച്ചയായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന സുരാജിന്‍റെ ശ്രദ്ധേയ പ്രകടനമായിരുന്നു ചിത്രത്തിലേത്. ജിയോ ബേബിയുടെ തന്നെ 'കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്', ഫോറന്‍സിക് എന്നീ ചിത്രങ്ങളാണ് ടൊവീനോ തോമസിന്‍റേതായി ഉള്ളത്. അന്തരിച്ച അഭിനയപ്രതിഭ നെടുമുടി വേണുവിനും ഒരുപക്ഷേ ഈ പുരസ്‍കാരം ലഭിച്ചേക്കാം. ഡോ: ബിജുവിന്‍റെ 'ഓറഞ്ച് മരങ്ങളുടെ വീട്' എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് നെടുമുടി ആയിരുന്നു. 

Follow Us:
Download App:
  • android
  • ios