തെലുങ്ക് സിനിമ ഭാഷയുടെ അതിരുകള്‍ ഭേദിച്ച് പലപ്പോഴും ബോളിവുഡിനെപ്പോലും വെല്ലുവിളിക്കുമ്പോള്‍ പുതിയ മറുഭാഷാ പ്രേക്ഷകരെ നേടാനാവാതെ നില്‍ക്കുകയാണ് തമിഴ് സിനിമ. 

തെന്നിന്ത്യന്‍ ഭാഷാ സിനിമകളില്‍ ഒരു വ്യവസായമെന്ന നിലയില്‍ ഏറ്റവും ചലനാത്മകമായ ഇടങ്ങളില്‍ ഒന്ന് കോളിവുഡ് ആയിരുന്നു, ഒരു കാലത്ത്. എന്നാല്‍ ഇന്ന് ആ സ്ഥാനം തെലുങ്കും മലയാളവും ഒരു പരിധി വരെ കന്നഡയുമൊക്കെ കൊണ്ടുപോയിരിക്കുന്നു. ബാഹുബലി-അനന്തരം തെലുങ്ക് സിനിമയും കെജിഎഫ്-അനന്തരം കന്നഡ സിനിമയും ചാടിക്കടന്ന വലിയ ദൂരങ്ങളുണ്ട്. തൊട്ടപ്പുറത്തുള്ള മോളിവുഡ് ആണെങ്കില്‍ ഇന്ത്യയൊട്ടുക്കുമുള്ള ഫിലിം മേക്കേഴ്സും പ്രേക്ഷകരും ചര്‍ച്ച ചെയ്യുന്ന ഉള്ളടക്കങ്ങള്‍ ഒന്നിന് പിറകെ ഒന്നെന്ന നിലയില്‍ സൃഷ്ടിക്കുന്നു. തമിഴ് സൂപ്പര്‍സ്റ്റാറുകളുടെ വലിയ ചിത്രങ്ങള്‍ ഇന്ന് വരുമ്പോള്‍ കോളിവുഡ് വ്യവസായം ഉറ്റുനോക്കുന്നത് പ്രധാനമായും ഒരു നേട്ടത്തിനായാണ്. കോളിവുഡില്‍ ഒരു 1000 കോടി ക്ലബ്ബ് തുറക്കപ്പെടുമോ? ഏറ്റവുമൊടുവില്‍ ഒരുപക്ഷേ അത് സാധിച്ചേക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട രജനികാന്ത്- ലോകേഷ് കനകരാജ് ചിത്രം കൂലിക്കും ആ സ്വപ്ന ക്ലബ്ബിലേക്കുള്ള യാത്ര പാതി വഴിയില്‍ അവസാനിപ്പിക്കേണ്ടിവന്നു. സമീപ ഇന്‍ഡസ്ട്രികളില്‍ നിന്ന് ഉള്ളടക്കം കൊണ്ടും ബോക്സ് ഓഫീസ് വിജയങ്ങള്‍ കൊണ്ടും സിനിമകള്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോള്‍ കോളിവുഡ് പിന്നോക്കം പോകുന്നത് എന്തുകൊണ്ടാണ്? അതിനുള്ള കാരണങ്ങള്‍ തിരയുകയാണ് ഇവിടെ.

ഉടന്‍ വാതില്‍ കുറക്കേണ്ട 1000 കോടി ക്ലബ്ബ്

ഏത് ഇന്‍ഡസ്ട്രികളിലെയും സൂപ്പര്‍താരങ്ങളുടെ പ്രധാന ചിത്രങ്ങള്‍ക്ക് ആ ഇന്‍ഡസ്ട്രിയുടെതന്നെ ബോക്സ് ഓഫീസ് സാധ്യത വളര്‍ത്തുകയെന്ന ലക്ഷ്യം, അതിന്‍റെ അണിയറക്കാര്‍ കണക്കാക്കിയില്ലെങ്കിലും ഉണ്ട്. എന്നാല്‍ ഈ 1000 കോടി എന്നത് എത്രയും വേ​ഗം നേടേണ്ടതാണെന്നത് ഒരു സമ്മര്‍ദ്ദം ആവുന്നത് ഒരു ചലച്ചിത്ര വ്യവസായത്തെ സംബന്ധിച്ച് ​ഗുണകരമല്ല. സൂപ്പര്‍താരങ്ങളുടെ പ്രധാന പ്രോജക്റ്റുകള്‍ ഒരുക്കുന്ന സംവിധായകര്‍ക്കാവും ഈ സമ്മര്‍ദ്ദം ഏറ്റവുമധികം നേരിടേണ്ടിവരിക. ആ നേട്ടം ആദ്യമായി സ്വന്തമാക്കുന്നവരെ സംബന്ധിച്ച് കാത്തിരിക്കുന്നത് എക്കാലത്തേക്കുമുള്ള വാഴ്ത്തുപാട്ടുകള്‍ ആയിരിക്കും. എന്നാല്‍ ഒരു സൂപ്പര്‍സ്റ്റാര്‍ നായകനാവുന്ന ചിത്രം ഒരുക്കുക അവരെ സംബന്ധിച്ച് മുന്‍കാലങ്ങളിലേക്കാളൊക്കെ സമ്മര്‍ദ്ദമേറിയ ഒന്നായി മാറുന്നു. ആ സമ്മര്‍ദ്ദത്തില്‍ ബോധ്യമില്ലാത്ത രീതിയിലുള്ള ഒരു പ്രോഡക്റ്റ് അവര്‍ക്ക് പലപ്പോഴും ഉണ്ടാക്കേണ്ടിയും വരുന്നു. ലോകേഷിന്‍റെ ഫിലിമോ​ഗ്രഫിയില്‍ ഏറ്റവും കുറവ് പ്രേക്ഷകപ്രീതി നേടിയ സിനിമയായി കൂലി മാറിയത് തീര്‍ത്തും അവിചാരിതമല്ല.

പാന്‍ ഇന്ത്യ- ഭാഷയുടെ മായുന്ന അതിരുകള്‍

തെലുങ്ക് സിനിമയുടെ മാര്‍ക്കറ്റിനെ ബാഹുബലിക്ക് മുന്‍പും ശേഷവും എന്ന് വിഭജിക്കാവുന്നതാണ്. അതുപോലെതന്നെ റീച്ചിന്‍റെ കാര്യത്തില്‍ കന്നഡ സിനിമയെ കെജിഎഫിന് മുന്‍പും ശേഷവുമെന്നും വിഭജിക്കാം. ബാഹുബലിയിലൂടെയും കെജിഎഫിലൂടെയും നേടിയ റീച്ച് ആണ് പിന്നീട് പുഷ്പ ഫ്രാഞ്ചൈസിയിലൂടെയും ആര്‍ആര്‍ആറിലൂടെയും കല്‍കി 2898 എഡിയിലൂടെയും തെലുങ്ക് സിനിമയും കാന്താരയിലൂടെ കന്നഡ സിനിമയും ആഘോഷിച്ചത്. ബോളിവുഡിനെപ്പോലും വെല്ലുന്ന രീതിയിലാണ് ഇന്ത്യന്‍ സിനിമാ മേഖലയില്‍ തെലുങ്ക് സിനിമ ഇന്ന് പ്ലേസ് ചെയ്യപ്പെടുന്നത്. എന്നാല്‍ മറുഭാഷാ പ്രേക്ഷകരെ നേടുന്നതില്‍ മറ്റ് തെന്നിന്ത്യന്‍ ഭാഷാ സിനിമകളെല്ലാം മുന്നോട്ട് പോയപ്പോള്‍ തമിഴ് സിനിമ ആ സാധ്യതയിലേക്ക് വളരുന്നില്ല. കേരളം ഒഴിച്ച് നിര്‍ത്തിയാല്‍ തമിഴ് സിനിമകള്‍ക്കായി അത്രയും ആവേശത്തോടെ കാത്തിരിക്കുന്ന മറ്റൊരു മറുനാട് ഇല്ല. സിനിമയുടെ ഉള്ളടക്കവും അവതരണവും മറുഭാഷക്കാരെ കൂടി ആകര്‍ഷിക്കുന്ന തരത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതിന് പകരം മറുഭാഷകളിലെ പ്രധാന താരങ്ങളെ ഒപ്പം കാസ്റ്റ് ചെയ്യുക എന്ന എളുപ്പവഴിയാണ് പല പ്രധാന പ്രോജക്റ്റുകളിലും അവലംബിക്കപ്പെടുന്നത്. ഫലം, മാര്‍ക്കറ്റ് ഭാഷകള്‍ കടന്ന് വളരുന്നില്ല.

അപ്ഡേറ്റഡ് ആവുന്ന തമിഴ് പ്രേക്ഷകര്‍

തമിഴ് സിനിമകള്‍ മറുഭാഷാ പ്രേക്ഷകരെ പുതുതായി കണ്ടെത്തുന്നതില്‍ പരാജയമാണെങ്കിലും മറുഭാഷാ സിനിമകള്‍ തമിഴ് പ്രേക്ഷകരിലേക്ക് പുതുതായി എത്തുന്നുണ്ട്. അക്കൂട്ടത്തില്‍ മലയാള സിനിമയാണ് മുന്‍പില്‍. കൊവിഡ് കാലത്തിന് മുന്‍പ് ചെന്നൈ അടക്കമുള്ള തമിഴ്നാട്ടിലെ പ്രധാന സെന്‍ററുകളില്‍ റിലീസ് ചെയ്യപ്പെടുന്ന മലയാള സിനിമകള്‍ കണ്ടിരുന്നത് അവിടങ്ങളുള്ള മലയാളികള്‍ ആയിരുന്നെങ്കില്‍ ഇന്നത് മാറി. തമിഴരായ ഒരു വലിയ ആരാധകവൃന്ദം മലയാള സിനിമയ്ക്ക് ഇന്നുണ്ട്. ഉണ്ടെന്ന് മാത്രമല്ല, അവര്‍ തിയറ്ററുകളിലെത്തി മലയാള സിനിമകള്‍ കാണാറുമുണ്ട്. ഒടിടി പ്ലാറ്റ്‍ഫോമുകള്‍ ജനകീയമായ കൊവിഡ് കാലത്താണ് തമിഴ് പ്രേക്ഷകരില്‍ ഒരു വലിയ വിഭാ​ഗം മലയാള സിനിമകള്‍ ആദ്യമായി കാണാന്‍ തുടങ്ങിയത്. മഞ്ഞുമ്മല്‍ ബോയ്സിന്‍റെ വരവോടെ മലയാള സിനിമ തിയറ്ററുകളിലെത്തി കാണുന്ന ശീലത്തിനും അവിടെ തുടക്കമായി. തമിഴ്നാട്ടില്‍ നിന്ന് മാത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ആദ്യ മലയാള സിനിമയായിരുന്നു മഞ്ഞുമ്മല്‍. അവതരണത്തിന്‍റെയും പശ്ചാത്തലത്തിന്‍റെയുമൊക്കെ പ്രത്യേകത കൊണ്ട് മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട്ടില്‍ നേടിയ വിജയത്തെ ഒരു ഒറ്റപ്പെട്ട സംഭവമായി മാറ്റിനിര്‍ത്താന്‍ പറ്റില്ല. കാരണം മലയാളത്തിലെ ഹയസ്റ്റ് ​ഗ്രോസര്‍ ആയി മാറിയ ഓണച്ചിത്രം ലോകയുടെ തമിഴ് പതിപ്പ് നേടിയ നെറ്റ് കളക്ഷന്‍ മാത്രം 15 കോടിയോളം വരും. മലയാളത്തിലടക്കം വരുന്ന വേറിട്ട ഉള്ളടക്കങ്ങളുമായി തമിഴ് സിനിമകളെ അവിടുത്തെ പ്രേക്ഷകര്‍ താരതമ്യം ചെയ്യുക സ്വാഭാവികം. പ്രേക്ഷകരുടെ ഈ പുതിയ എക്സ്പോഷര്‍ അവിടുത്തെ സംവിധായകര്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

ഒഴിയുന്ന സിംഹാസനങ്ങള്‍

സമീപകാല തമിഴ് സിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍ ആയ വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനം കോളിവുഡ് വ്യവസായത്തെ സംബന്ധിച്ച് വലിയ ഞെട്ടല്‍ ആണ് സൃഷ്ടിച്ചത്. ഏറ്റവും ജനപ്രീതിയുള്ള താരങ്ങളിലൊരാള്‍ കരിയറിന്‍റെ പീക്ക് ടൈമില്‍ നടത്തിയ ഈ പ്രഖ്യാപനം കോളിവുഡിന് ഏറെ നിരാശ പകരുന്ന ഒന്നായിരുന്നു. വിജയ് തന്‍റെ സിംഹാസനം ഒഴിയുന്നതിനൊപ്പം അദ്ദേഹത്തിനൊപ്പം മുന്‍നിരയില്‍ ഉണ്ടായിരുന്ന അജിത്ത് കുമാര്‍ കാര്‍ റേസിം​ഗിലേക്ക് തന്‍റെ പകുതി ശ്രദ്ധയും സമയവും തിരിച്ചിരിക്കുകയാണ്. അതായത് രജനികാന്തിനൊപ്പം സമീപകാലത്തെ മുഖ്യധാരാ തമിഴ് സിനിമയുടെ പതാകാവാഹകരായിരുന്ന ഒരാള്‍ പിന്മാറുകയും മറ്റൊരാള്‍ ഇനി പകുതി സമയത്തേ ലഭ്യമാവൂ എന്ന് അറിയിച്ചിരിക്കുകയുമാണ്. താരങ്ങള്‍ ഇല്ലാതെ ഒരു സിനിമാ വ്യവസായത്തിന് മുന്നോട്ട് പോകാനാവില്ല. വിജയ്‍‍യുടെ സിംഹാസനത്തിലേക്ക് ആരെത്തും എന്നതാണ് കോളിവുഡിലെ ഒരു വലിയ ചര്‍ച്ച. പുതുനിര താരങ്ങളില്‍ ശിവകാര്‍ത്തികേയന്‍റെ പേരാണ് ഏറ്റവുമധികം പറഞ്ഞുകേള്‍ക്കുന്നത്. അമരനിലൂടെ 300 കോടി ക്ലബ്ബില്‍ കയറി തന്‍റെ സാധ്യതകള്‍ അദ്ദേ​ഹം തെളിയിച്ചിട്ടുമുണ്ട്. എന്നിരിക്കിലും പ്രമുഖ താരങ്ങളുടെ ഈ വിടവാങ്ങല്‍ കോളിവുഡ് വ്യവസായത്തിന് നല്‍കുന്ന അനിശ്ചിതത്വമുണ്ട്.

പരീക്ഷണങ്ങള്‍

ഇതിനര്‍ഥം കഥയിലോ ആഖ്യാനത്തിലോ പുതുമകളുള്ള ചിത്രങ്ങള്‍ തമിഴ് സിനിമയില്‍ നിന്ന് ഉണ്ടാവുന്നില്ല എന്നല്ല. ലബ്ബര്‍ പന്ത്, മെയ്യഴകന്‍, പാര്‍ക്കിം​ഗ് തുടങ്ങിയ ചിത്രങ്ങളൊക്കെ കാഴ്ചയില്‍ പുതിയ അനുഭവം പകര്‍ന്ന ചിത്രങ്ങളാണ്. അത്തരം ചിത്രങ്ങളുടെ വിജയ ശതമാനം കുറവാണ്. 5 കോടി ബജറ്റിലെത്തിയ ലബ്ബര്‍ പന്ത് 50 കോടിക്ക് മുകളില്‍ കളക്റ്റ് ചെയ്തെങ്കില്‍ മെയ്യഴകന്‍ അടക്കമുള്ള പല ചിത്രങ്ങളും വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. വേറിട്ട ആഖ്യാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് തമിഴ് പ്രേക്ഷകരെക്കുറിച്ച് അവിടുത്തെ സംവിധായകര്‍ക്ക് തന്നെ വിമര്‍ശനമുണ്ട്. മെയ്യഴകന്‍ മലയാളത്തിലാണ് ചെയ്തിരുന്നതെങ്കില്‍ വിജയിച്ചേനെയെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ തനിക്ക് വിഷമം തോന്നിയെന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ സി പ്രേം കുമാര്‍ പറഞ്ഞിരുന്നു. താരങ്ങളുടെ തോളിലേറിയാണ് കോളിവുഡ് ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ എപ്പോഴും കുതിച്ചിട്ടുള്ളത്. എന്നാല്‍ പ്രേക്ഷകാഭിരുചി മാറുന്ന കാലത്ത് ഉള്ളടക്കത്തില്‍ അതിനനുസരിച്ച് വേണ്ട മാറ്റം വരുത്തി പ്രേക്ഷകരെ ആകര്‍ഷിക്കുന്ന സംവിധായകര്‍ക്കായാണ് നിര്‍മ്മാതാക്കള്‍ കാത്തിരിക്കുന്നത്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming