ബോളിവുഡ് ചിത്രം 'കമ്പനി'യിലേക്ക് മോഹൻലാലിനെ തെരഞ്ഞെടുക്കാനുണ്ടായ കാരണം വെളിപ്പെടുത്തി സംവിധായകൻ രാം ഗോപാൽ വർമ്മ
കഥപറച്ചിലിലെ നവീനതയും പരീക്ഷണസ്വഭാവവും കൊണ്ട് ബോളിവുഡില്‍ ഒരുകാലത്ത് വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കിയ സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. അദ്ദേഹത്തിന്‍റെ ഏറ്റവും ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായിരുന്നു കമ്പനി. മോഹന്‍ലാലിന്‍റെ ഹിന്ദി അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. കമ്പനിയെ മുന്‍നിര്‍ത്തി മോഹന്‍ലാലിന്‍റെ അഭിനയത്തെക്കുറിച്ച് പലപ്പോഴും നല്ല വാക്കുകള്‍ പറഞ്ഞിട്ടുണ്ട് രാം ഗോപാല്‍ വര്‍മ്മ. ഇപ്പോഴിതാ ആ കഥാപാത്രത്തിലേക്ക് മോഹന്‍ലാലിനെ തെരഞ്ഞെടുക്കാനുണ്ടായ കാരണത്തെക്കുറിച്ച് പറയുകയാണ് അദ്ദേഹം. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലെ ഈ ഭാഗം സോഷ്യല്‍ മീഡിയയിലും ശ്രദ്ധ നേടുകയാണ്.
‘കമ്പനി’യിലെ കാസ്റ്റിംഗ്
വീരപ്പള്ളി ശ്രീനിവാസന്‍ ഐപിഎസ് എന്ന പൊലീസ് ഐജിയെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്. എന്നാല്‍ ഈ കഥാപാത്രമായി ആദ്യം തന്‍റെ മനസിലെത്തിയത് കമല്‍ ഹാസന്‍ ആയിരുന്നുവെന്ന് രാം ഗോപാല്‍ വര്‍മ്മ പറയുന്നു. കമല്‍ എന്ന ഓപ്ഷന്‍ പിന്നീട് മോഹന്‍ലാലിലേക്ക് എത്തിയത് എങ്ങനെയെന്നും അദ്ദേഹം പറയുന്നു- “കമ്പനിയിലെ റോളിലേക്ക് കമല്‍ ഹാസനെ കാസ്റ്റ് ചെയ്യാനാണ് ഞാന്‍ ആദ്യം ആഗ്രഹിച്ചിരുന്നത്. പക്ഷേ പിന്നീട് എനിക്ക് തോന്നി അതാവില്ല നന്നാവുക എന്ന്. കമ്പനി ഒരു റിയലിസ്റ്റിക് സിനിമയാണല്ലോ. കമല്‍ ഹാസന്‍ ഒരു ഗംഭീര നടനാണ്. പക്ഷേ വളരെ സ്റ്റൈലൈസ്ഡ് ആയ നടന്‍ കൂടിയാണ് അദ്ദേഹം. കമ്പനിയുടെ രീതികള്‍ക്കനുസരിച്ച് ആ സ്റ്റൈല്‍ മാച്ച് ആവില്ലെന്ന് തോന്നി എനിക്ക്. മോഹന്‍ലാലിനെ സമീപിക്കാനുള്ള കാരണം അതായിരുന്നു. ചിത്രത്തിന്‍റെ ആശയവും ഒപ്പം കഥാപാത്രത്തെക്കുറിച്ചും കേട്ടപാടെ അദ്ദേഹം ഓകെ പറഞ്ഞു”, രാം ഗോപാല്‍ വര്‍മ്മ പറഞ്ഞവസാനിപ്പിക്കുന്നു.
ഒരു കാലത്ത് ബോളിവുഡില്‍ തരംഗം തീര്‍ത്ത സംവിധായകന്‍റെ പുതിയ വര്‍ക്കുകളൊന്നും കാര്യമായി ശ്രദ്ധ നേടുന്നില്ല. 2017 ല്‍ പുറത്തെത്തിയ സര്‍ക്കാര്‍ 3 ന് ശേഷം അദ്ദേഹം ചെയ്ത സിനിമകളൊന്നും പ്രേക്ഷകപ്രീതി നേടിയിട്ടില്ല. അതേസമയം മോഹന്‍ലാലിനെ സംബന്ധിച്ച് മികച്ച വിജയങ്ങള്‍ ലഭിച്ച വര്‍ഷമായിരുന്നു 2025. എമ്പുരാന്‍, തുടരും, ഹൃദയപൂര്‍വ്വം എന്നിങ്ങനെ അദ്ദേഹം നായകനായി എത്തിയ മലയാള ചിത്രങ്ങളൊക്കെ വലിയ കളക്ഷന്‍ നേടി. പാന്‍ ഇന്ത്യന്‍ ചിത്രമായ വൃഷഭയിലും മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. എന്നാല്‍ ഇത് പരാജയപ്പെട്ടു. അതിഥി താരമായി രണ്ട് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു. കണ്ണപ്പ, ഭഭബ എന്നിവ ആയിരുന്നു അത്.



