ഐ നോബഡി എന്ന ചിത്രത്തിന്‍റെ പോസ്റ്ററിൽ തന്‍റെ പേരിന് മുകളിൽ പാർവതി തിരുവോത്തിന്‍റെ പേര് നൽകിയതിന്‍റെ കാരണം വെളിപ്പെടുത്തുകയാണ് പൃഥ്വിരാജ്. 

കെട്ട്യോളാണ് എന്‍റെ മാലാഖ, റോഷാക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐ നോബഡി. മലയാളത്തിലെ യുവനിര സംവിധായകരില്‍ ശ്രദ്ധേയനായ നിസാമിനൊപ്പം പൃഥ്വിരാജ് സുകുമാരനും പാര്‍വതി തിരുവോത്തും എത്തുന്നു എന്നതാണ് ചിത്രത്തിന്‍റെ യുഎസ്പി. ഇപ്പോഴിതാ പോസ്റ്ററിലെ കൗതുകകരമായ ഒരു കാര്യത്തിന് പിന്നിലുള്ള കാരണം വ്യക്തമാക്കുകയാണ് പൃഥ്വിരാജ്. ഐ നോബഡിയുടെ പോസ്റ്ററുകളില്‍ പൃഥ്വിരാജിനേക്കാള്‍ മുകളില്‍ എഴുതിയിരിക്കുന്നത് പാര്‍വതിയുടെ പേരാണ്. താരമൂല്യമുള്ള നായകന്മാര്‍ ഉണ്ടെങ്കില്‍ അവരുടെ പേരാണ് ചിത്രത്തിന്‍റെ ടൈറ്റിലിന് മുകളില്‍ പൊതുവെ കൊടുക്കാറ്. ഐ നോബഡി പോസ്റ്ററിലെ ആ മാറ്റത്തിന്‍റെ കാരണം പറയുകയാണ് പൃഥ്വിരാജ്. ​ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ഇത് സംബന്ധിച്ചുള്ള ചോദ്യത്തിന് പൃഥ്വിരാജിന്‍റെ മറുപടി ഇങ്ങനെ...

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

“കേന്ദ്ര കഥാപാത്രങ്ങളിലൊന്നിനെ പാര്‍വ്വതിയാണ് അവതരിപ്പിക്കുന്നത്. ഞാന്‍ ഈ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് കൂടിയാണ്. എല്ലാ പോസ്റ്ററിലും ഞാനുണ്ട്. അതിനാല്‍ ആത്മാനുരാഗപരമല്ലാതെ എനിക്ക് ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും ചെറിയ കാര്യമാണ് അത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, സുപ്രിയ മേനോന്‍ പ്രസന്‍റ്സ് പിന്നെയും പൃഥ്വിരാജ് സുകുമാരന്‍ ഇന്‍ എന്ന് ചേര്‍ക്കുന്നത്...”, പൃഥ്വിരാജിന്‍റെ വാക്കുകള്‍. സിനിമയെന്ന മാധ്യമത്തെ പാര്‍വതി മനസിലാക്കുന്നതിനെക്കുറിച്ചും ഇതേ അഭിമുഖത്തില്‍ പൃഥ്വിരാജ് വിശദീകരിക്കുന്നുണ്ട്.

“പാര്‍വതി വളരെ ബുദ്ധിശാലിയായ നടിയാണ്. അഭിനയകലയിലെ ആഴമല്ല ഞാന്‍ ഉദ്ദേശിച്ചത്. എനിക്ക് എത്ര ചെയ്യാനുണ്ടാവും എന്ന് നോക്കിയല്ല പാര്‍വതി ഒരു തിരക്കഥ വിലയിരുത്തുന്നതെന്ന് ഞാന്‍ കരുതുന്നു. ഇത് ഒരു മികച്ച സിനിമയാകാന്‍ സാധ്യതയുള്ള തിരക്കഥയാണെന്നും താന്‍ അതിന്‍റെ ഭാഗമാവുമ്പോള്‍ അത് ഇനിയും മെച്ചപ്പെടുമെന്നും മനസിലാക്കുന്ന ആളാണ് അവര്‍. ഏറെക്കാലമായി എനിക്ക് അറിയാവുന്ന ആളാണ് പാര്‍വ്വതി. ഒരു നല്ല സംവിധായികയുമായിരിക്കും അവര്‍. ഒരു ദിവസം അത് കാണാനുള്ള കാത്തിരിപ്പിലാണ് ഞാന്‍. കാരണം ആ രീതിയില്‍ സിനിമയെ മനസിലാക്കുന്ന ആളാണ് പാര്‍വതി”, പൃഥ്വിരാജ് പറയുന്നു.

ഹക്കിം ഷാജഹാന്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്ന് നിന്റെ മൊയ്തീൻ, കൂടെ തുടങ്ങിയ സൂപ്പർഹിറ്റുകൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജേക്സ് ബിജോയ് ആണ് സം​ഗീത സംവിധായകന്‍. ജൂലൈ 9 നാണ് ചിത്രത്തിന്‍റെ റിലീസ്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming