'ബിലാല്‍' എന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് പ്രതികരണവുമായി ദുല്‍ഖര്‍.
മമ്മൂട്ടിയെയും മകൻ ദുല്‍ഖറിനെയും വെള്ളിത്തിരിയില്‍ ഒന്നിച്ചു കാണാൻ ആരാധകര്‍ തീര്‍ച്ചയായും ആഗ്രഹിക്കുന്നുണ്ട്. അങ്ങനെയൊന്ന് സംഭവിച്ചാല്‍ അത് മലയാളത്തിന്റെ അഭിമാന ചിത്രമാകും എന്നും ആരാധകര്‍ പറയാറുണ്ട്. 'ബിലാല്‍' എന്ന ചിത്രത്തില്‍ മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കാൻ സാധ്യതയുണ്ട് എന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്. ബോളിവുഡ് ലൈഫിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് ദുല്‍ഖര്‍.
'ബിലാലി'ല്‍ മമ്മൂട്ടിയുമായി സ്‍ക്രീൻ സ്‍പേസ് പങ്കിടുന്നുവെന്ന അഭ്യൂഹം താനും കേട്ടിട്ടുണ്ട്. എന്നാല്‍ അത് എവിടെനിന്ന് വരുന്നതാണ് എന്ന് അറിയിച്ചില്ല. തന്റെ അച്ഛന്റെ വിജയകരമായ ഒരു സിനിമയുടെ തുടര്‍ച്ചയാണ് ഇത്. അതിനാല്‍ സ്‍ക്രിപ്റ്റ് ആവശ്യപ്പെടുന്നുവെങ്കില്‍ മാത്രമേ ഇത് സംഭവിക്കൂ( വെള്ളിത്തിരയിിലെ ഒന്നിക്കല്‍). ഇതിനെ കുറിച്ച് അഭിപ്രായം പറയാൻ യോജിച്ച ആളുകള്‍ സംവിധായകനും തിരക്കഥാകൃത്തുമാണ്. അത് സംഭവിക്കുകയാണെങ്കില്‍ മഹത്തരമായിരിക്കും. ആവശ്യമുണ്ടെങ്കില്‍ മാത്രമേ അത് നടക്കൂ എന്നും ദുല്‍ഖര്‍ പറഞ്ഞു.
അമല്‍ നീരദിന്റെ സംവിധാനത്തില്‍ എത്തിയ 'ബിഗ് ബി' എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 'ബിലാല്‍'. 'ബിലാല്‍ ജോണ്‍ കുരിശിങ്കല്‍' എന്ന കഥാപാത്രമായി മമ്മൂട്ടി വേഷമിട്ട 'ബിഗ് ബി' 2007ലാണ് റിലീസ് ചെയ്‍തത്. രണ്ടാം ഭാഗവും അമല്‍ നീരദ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. അമല്‍ നീരദും മമ്മൂട്ടിയും ഏറ്റവും ഒടുവില്‍ ഒന്നിച്ച 'ഭീഷ്‍മ പര്‍വം' വൻ ഹിറ്റായിരുന്നു.
'ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്' എന്ന ബോളിവുഡ് ചിത്രമാണ് ദുല്‍ഖറിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്. ആര്‍ ബല്‍കി ആണ് സംവിധാനം ചെയ്യുന്നത്. രചനയും ബല്‍കിയുടേതാണ്. പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കുന്നത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് 'ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്'. വിശാല്‍ സിന്‍ഹ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്. എഡിറ്റിംഗ് നയന്‍ എച്ച് കെ ഭദ്ര. സംവിധായകനൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്ദീപ് ഷറദ് റവാഡെ, സൌണ്ട് ഡിസൈനിംഗ് ദേബഷിഷ് മിശ്ര, വരികള്‍ സ്വാനന്ദ് കിര്‍കിറെ, വസ്ത്രാലങ്കാരം അയ്ഷ മര്‍ച്ചന്‍റ്, സംഘട്ടനം വിക്രം ദഹിയ. ഗൗരി ഷിന്‍ഡെ, ആര്‍ ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഇര്‍ഫാന്‍ ഖാനൊപ്പം എത്തിയ റോഡ് കോമഡി ഡ്രാമ ചിത്രം 'കര്‍വാന്‍' (2018) ആയിരുന്നു ദുല്‍ഖറിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. തൊട്ടടുത്ത വര്‍ഷം അഭിഷേക് ശര്‍മ്മയുടെ സംവിധാനത്തില്‍ ദുല്‍ഖര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ 'നിഖില്‍ ഖോഡ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച 'ദി സോയ ഫാക്ടറും' എത്തി. ഈ ചിത്രങ്ങളിലെ താരത്തിന്‍റെ അഭിനയം പ്രേക്ഷക നിരൂപക പ്രശംസകള്‍ നേടിയിരുന്നു. 'സീതാ രാമം' ആണ് ദുല്‍ഖറിന്‍റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
Read More : 'ശകുന്തള'യായി സാമന്ത, 'ദുഷ്യന്തനാ'യി മലയാളി താരം, ദേവ് മോഹന്റെ ഫസ്റ്റ് ലുക്ക്
