ചിരഞ്ജീവി ആരാധകരില്‍ ആവേശം സൃഷ്ടിച്ച വാര്‍ത്തയായിരുന്നു 'ലൂസിഫറി'ന്‍റെ തെലുങ്ക് റീമേക്ക്. ആദ്യകാഴ്‍ചയില്‍ത്തന്നെ അത്ഭുതപ്പെടുത്തിയ ചിത്രമെന്നാണ് ലൂസിഫറിനെക്കുറിച്ച് ചിരഞ്ജീവി പറഞ്ഞത്. പിന്നാലെ ചിരഞ്ജീവിയും മകന്‍ രാം ചരണും ചേര്‍ന്ന് ചിത്രത്തിന്‍റെ തെലുങ്ക് റീമേക്ക് അവകാശം വാങ്ങുകയായിരുന്നു. ഒഫിഷ്യലി ഇനിയും അനൗണ്‍സ് ചെയ്‍തിട്ടില്ലാത്ത പ്രോജക്ടില്‍ ആരൊക്കെ ഉണ്ടാവുമെന്നതു സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങള്‍ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. പുതിയ റിപ്പോര്‍ട്ടുകള്‍ മലയാളം പതിപ്പില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച വേഷം തെലുങ്കില്‍ ആര് അവതരിപ്പിക്കും എന്നതു സംബന്ധിച്ചാണ്.

ലൂസിഫര്‍ തെലുങ്കിലെത്തുമ്പോള്‍ മഞ്ജു വാര്യര്‍ മലയാളത്തില്‍ അവതരിപ്പിച്ച വേഷം വിജയശാന്തി ചെയ്യുമെന്നായിരുന്നു ആദ്യം കേട്ടിരുന്നത്. എന്നാല്‍ ചില കാരണങ്ങളാല്‍ വിജയശാന്തി പിന്മാറിയെന്നും പകരം സുഹാസിനിയാണ് ഈ റോളിലേക്കു വരികയെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ലൂസിഫറിന്‍റെ കഥാഗതിയിലും പ്രിയദര്‍ശിനി എന്ന കഥാപാത്രത്തിലും മതിപ്പു തോന്നിയ സുഹാസിനി ഉപേക്ഷകളില്ലാതെ സമ്മതം മൂളിയെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ പറയുന്നത്. 

 

അതേസമയം ഇനിയും ഒഫിഷ്യല്‍ പ്രഖ്യാപനം വന്നിട്ടില്ലാത്ത ചിത്രം ആര് സംവിധാനം ചെയ്യും എന്നതു സംബന്ധിച്ചും വ്യക്തത വന്നിട്ടില്ല. 'രംഗസ്ഥലവും' 'ആര്യ'യും ഒരുക്കിയ സുകുമാര്‍ ആണ് ചിത്രത്തിന്‍റെ സംവിധായകനെന്നാണ് ആദ്യം കേട്ടിരുന്നത്. എന്നാല്‍ പ്രഭാസ് നായകനായ 'സാഹൊ'യുടെ സംവിധായകന്‍ സുജീതിന്‍റെ പേരാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. പൃഥ്വിരാജിന്‍റെ സംവിധായക അരങ്ങേറ്റ ചിത്രമായിരുന്ന ലൂസിഫര്‍ മലയാളം ബോക്സ് ഓഫീസിലെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രവുമാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആയിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം.