ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണവിധേയര്‍ അമ്മയുടെ തലപ്പത്ത് വരില്ലെന്ന ശ്വേത മേനോന്‍റെ പ്രസ്താവനയോട് പ്രതികരിച്ച് സംവിധായകന്‍ വിനയന്‍
താന്‍ ഉള്ളിടത്തോളം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്നവര്‍ അമ്മയുടെ തലപ്പത്ത് വരില്ലെന്ന ശ്വേത മേനോന്‍റെ പ്രസ്താവനയില്‍ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍. ശ്വേത മേനോന്‍റെ ഫേസ്ബുക്ക് കുറിപ്പ് ആസ്പദമാക്കിയ ഒരു സോഷ്യല്‍ മീഡിയ ന്യൂസ് കാര്‍ഡ് പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ തന്നെയാണ് വിനയന്‍റെ പ്രതികരണം. പോരാടുന്നത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം നേരിടുന്ന പവര്‍ ഗ്രൂപ്പിനോടെന്ന് ശ്വേത മേനോന്‍ പറഞ്ഞതായാണ് കാര്‍ഡില്‍. ഇതിലാണ് വിനയന്‍റെ പ്രതികരണം.
വിനയന്‍റെ വാക്കുകള്‍
"ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സപ്പോർട്ട് ചെയ്തും സിനിമയിലെ പവർ ഗ്രൂപ്പിനെ എതിർത്തും ശ്രീമതി ശ്വേത മേനോൻ പറയുന്ന കമന്റുകൾ നിരവധി ഓൺലൈൻ മാദ്ധ്യമങ്ങളിൽ വരുന്നുണ്ട്. അതിൽ കണ്ട ഒരു പോസ്റ്ററാണിത്. ഇത് ശരിയാണങ്കിൽ വളരെ നല്ല കാര്യം. പക്ഷേ ഇതേവരെ അമ്മയിൽ നിന്ന് ആരും ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സപ്പോർട്ട് ചെയ്യുകയോ ആ റിപ്പോർട്ട് മുഴുവൻ പുറത്തു വിടണമെന്ന് പറയുകയോ ചെയ്തതായി കണ്ടിട്ടില്ല. റിപ്പോർട്ടിൽ പറയുന്ന പവർ ഗ്രൂപ്പിനെതിരെ ആത്മാർത്ഥമായും നിങ്ങളാൽ കഴിയുന്ന നടപടികളുമായി മുന്നോട്ടു പോകാൻ അമ്മയുടെ പ്രസിഡന്റ് ശ്വേത മേനോൻ തയ്യാറാണോ? കാരണം അതിന്റെ നടപടികളൊക്കെ നിങ്ങളുടെ ആൾക്കാർ തന്നെ തടഞ്ഞിരിക്കുകയാണല്ലൊ?
അന്വേഷണം പുനരാരംഭിക്കാൻ സർക്കാരിനോട് നിങ്ങൾ ആവശ്യപ്പെടുമോ? പത്തു പന്ത്രണ്ടു വർഷം സിനിമയിലെ എന്റെ കരിയർ തന്നെ ബ്ളോക്ക് ചെയ്തതും മഹാനടൻ തിലകൻ ചേട്ടനെ ഉൾപ്പടെ വിലക്കിയതും സിനിമയിലെ ഇതേ പവർഗ്രൂപ്പാണെന്ന് അതേ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ 141 മുതൽ 144 വരെ പേജുകളിൽ വ്യക്തമാക്കിയിട്ടുള്ളതു കൊണ്ടുതന്നെ എനിക്കാ റിപ്പോർട്ടിൻമേലുള്ള നടപടിയിൽ താല്പര്യമുണ്ട്. നമ്മുടെ നികുതിപ്പണത്തിൽ നിന്നും ഒരു കോടിയിലേറെ രൂപ ചെലവു ചെയ്ത് ഉണ്ടാക്കിയ റിപ്പോർട്ട് ആണത്."
കുറ്റാരോപിതർ സംഘടനയിലെ ചിലരെ മുൻ നിർത്തി തന്നെ തുടർച്ചയായി അപമാനിക്കുകയാണെന്നും കഴിഞ്ഞ 12 വർഷമായി രാജ്യം ഭരിക്കുന്ന ദേശീയ പാർട്ടിക്ക് സ്ഥാനാർഥികളെ കിട്ടാൻ തനിക്ക് കോടികൾ തന്നു എന്ന ആരോപണത്തിന് പിന്നിലുള്ള ലോജിക്ക് എന്താണെന്നും ശ്വേത ചോദിച്ചിരുന്നു.

