സംവിധായകനും നടനുമായ സതീഷ് കൗശികിന്റെ മരണം ആസൂത്രീത കൊലപാതകമെന്ന് പരാതിയുമായി വ്യവസായിയുടെ ഭാര്യ.

ബോളിവുഡ് നടനും സംവിധായകനും നിര്‍മാതാവുമായ സതീഷ് കൗശിക് അടുത്തിടെയാണ് അന്തരിച്ചത്. 66 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യമെന്നായിരുന്നു റിപ്പോര്‍ട്ട്. ഇപ്പോഴിതാ ഒരു സ്‍ത്രീ തന്റെ ഭര്‍ത്താവാണ് സതീഷ് കൗശികിനെ കൊലപ്പെടുത്തിയതെന്ന് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നു.

സതീഷ് കൗശിക് നല്‍കിയ 15 കോടി രൂപ തിരിച്ചു ചോദിച്ചതിനാണ് ഭര്‍ത്താവ് നടനെ കൊന്നത് എന്നാണ് പരാതിക്കാരിയായ സ്‍ത്രീ പറയുന്നത്. സതീഷ് കൗശിക്കിനെ തന്റെ ഭര്‍ത്താവ് ഗുളികകള്‍ നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ദില്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യവസായിയുടെ ഭാര്യ പരാതിയില്‍ പറയുന്നത്. ദില്ലി പൊലീസ് കമ്മിഷണറുടെ ഓഫീസില്‍ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. സതീഷ് കൗശിക് അവസാനമായി പങ്കെടുത്ത സ്വകാര്യ പാര്‍ട്ടി നടന്ന ഫാം ഹൗസില്‍ നിന്ന് പൊലീസ് ചില മെഡിസിനുകള്‍ കണ്ടെത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇത് കരുതിക്കൂട്ടിയുള്ള കൊലപാതകം ആയിരുന്നു എന്നാണ് പരാതിക്കാരിയായ സ്‍ത്രീ പറയുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 23ന് കൗശിക് തന്റെ വീട് സന്ദര്‍ശിക്കുകയും നേരത്തെ നല്‍കിയ 15 കോടി തിരിച്ചുവേണമെന്ന് ഭര്‍ത്താവിനോട് ആവശ്യപ്പെടുകയും ചെയ്‍തിരുന്നു. സതീഷ് കൗശികും ഭര്‍ത്താവും തര്‍ക്കിച്ചതിന് താൻ സാക്ഷിയാണ്. ദുബായില്‍ കൗശിക് ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന്റെ ഫോട്ടോയും പൊലീസിന് നല്‍കിയ പരാതിക്കാരി അന്ന് അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ മകനും ഉണ്ടായിരുന്നുവെന്നും പറയുന്നു.

പണം വൈകാതെ തിരിച്ചുനല്‍കാം എന്ന് തന്റെ ഭര്‍ത്താവ് കൗശികിനോട് പറഞ്ഞിരുന്നതായും സ്‍ത്രീ പൊലീസിനെ അറിയിച്ചു. താൻ അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ കൊവിഡ് കാലത്ത് പണം അദ്ദേഹത്തിന് നഷ്‍ടപ്പെട്ടുവന്നാണ് പറഞ്ഞത്. സതീഷ് കൗശിക്കിനെ ഒഴിവാക്കാൻ പോകുകയാണ് എന്ന് ഭര്‍ത്താവ് പറഞ്ഞിരുന്നുവെന്നും പരാതിക്കാരിയായ സ്ത്രീ പൊലീസിനോട് വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ പൊലീസ് പ്രതികരണമൊന്നും നടത്തിയിട്ടില്ല.

Read More: പ്രദീപിന് അര്‍ദ്ധ സെഞ്ച്വറി, പഞ്ചാബിനെതിരെ കര്‍ണാടകയ്‍ക്ക് തകര്‍പ്പൻ ജയം