Asianet News MalayalamAsianet News Malayalam

'ഈ വിഷംചീറ്റലിനെ ഒറ്റപ്പെടുത്തണം'; 'ഈശോ' സിനിമയുടെ പേര് വിവാദത്തില്‍ സക്കറിയ

"അവർ താഴ്ത്തികെട്ടുകയും കരിതേയ്ക്കുകയും അപകടപ്പെടുത്തുകയും  ചെയ്യുന്നത് കേരളസംസ്കാരത്തിന്‍റെ ആധാരശിലയായ  സാമുദായികസൗഹാർദം പങ്കുവച്ച്  ഇവിടെ ഐശ്വര്യപൂർവം  ജീവിക്കുന്ന ക്രൈസ്തവസമൂഹത്തെയാണ്"

writer zacharia reacts to controversy about nadhirshah movie eesho
Author
Thiruvananthapuram, First Published Aug 13, 2021, 5:09 PM IST

നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'ഈശോ' എന്ന സിനിമയുടെ പേരിനെച്ചൊല്ലി ഉയര്‍ന്ന വിവാദത്തില്‍ പ്രതികരണവുമായി സാഹിത്യകാരന്‍ സക്കറിയ. സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെടുന്നവര്‍ താഴ്ത്തികെട്ടുകയും കരിതേയ്ക്കുകയും അപകടപ്പെടുത്തുകയും ചെയ്യുന്നത് കേരളസംസ്കാരത്തിന്‍റെ ആധാരശിലയായ  സാമുദായികസൗഹാർദം പങ്കുവച്ച്  ഇവിടെ ഐശ്വര്യപൂർവം  ജീവിക്കുന്ന ക്രൈസ്തവസമൂഹത്തെയാണെന്ന് സക്കറിയ വിമര്‍ശിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് സക്കറിയ വിഷയത്തില്‍ തന്‍റെ പ്രതികരണം അറിയിച്ചിരിക്കുന്നത്. സക്കറിയയുടെ കുറിപ്പ് ഇങ്ങനെ..

"ഈശോ": ഈ വിഷംചീറ്റലിനെ ഒറ്റപ്പെടുത്തണം 

കേരളക്രൈസ്തവസഭകളുടെ ചരിത്രത്തിൽ അരങ്ങേറിയിട്ടുള്ള അതീവലജ്‌ജാവഹങ്ങളായ സംഭവികാസങ്ങളുടെ പട്ടികയിലേക്ക്  ഒരു പുതിയ നാണംകെട്ട  കൂട്ടിച്ചേർക്കലാണ് ഒരു സംഘം ബുദ്ധിശൂന്യരായ പുരോഹിതന്മാരും "വിശ്വാസി"കളും ചേർന്ന് "ഈശോ" എന്ന സിനിമയുടെ പേരിൽ ചെയ്തുവച്ചിരിക്കുന്നത്. ഭാഗ്യവശാൽ അവരുടെ സംസ്കാരശൂന്യതയും ഇരുളടഞ്ഞ മനസ്സുകളും ക്രൈസ്തവരിലെ ബഹുഭൂരിപക്ഷം പങ്കുവയ്ക്കുന്നില്ല. ശരാശരി മലയാളി ക്രിസ്ത്യാനി വീണ്ടുവിചാരത്തോടെയും പക്വതയോടെയും  കേരളത്തിന്‍റെ സവിശേഷമായ മതമൈത്രീസംസ്കാരത്തിൽ  ഇണങ്ങിച്ചേർന്നു ജീവിക്കുന്നു - അങ്ങനെയായിട്ട്  ശതാബ്ദങ്ങളായി. 

മേൽപ്പറഞ്ഞ ദുഷ്ടമനസ്സുകളുടെ വിഡ്ഢിത്തം ആപൽക്കരമായിത്തീരുന്നത് നാദിർഷായ്‌ക്കോ മലയാളസിനിമയ്ക്കോ മുസ്ലിങ്ങൾക്കോ അല്ല, ക്രൈസ്തവർക്ക് തന്നെയാണ്. അവർ താഴ്ത്തികെട്ടുകയും കരിതേയ്ക്കുകയും അപകടപ്പെടുത്തുകയും  ചെയ്യുന്നത് കേരളസംസ്കാരത്തിന്‍റെ ആധാരശിലയായ  സാമുദായികസൗഹാർദം പങ്കുവച്ച്  ഇവിടെ ഐശ്വര്യപൂർവം  ജീവിക്കുന്ന ക്രൈസ്തവസമൂഹത്തെയാണ്. ഒപ്പം മലയാളികളെ ഒന്നടങ്കവും അവരുടെ കുറ്റകരമായ അസഹിഷ്ണുത  അപമാനിക്കുന്നു. 

യേശു അഥവാ ഈശോ എന്ന നല്ലവനായ  മനുഷ്യൻ ഒരിക്കൽ കണ്ട സുന്ദരമാനവികസ്വപ്നത്തിന്‍റെ എന്തെങ്കിലും ഒരംശം ഇവിടെ അവശേഷിക്കുന്നുണ്ടെങ്കിൽ അതിനെക്കൂടി ഉന്മൂലനം  ചെയ്യാൻ ശ്രമിക്കുകയാണ് ഈ ക്രിസ്ത്യാനിതാലിബൻ. ഈ വിഷംചീറ്റലിനെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും ചെയ്യേണ്ടത്   കേരളക്രൈസ്തവസമൂഹത്തിന്‍റെ ഉത്തരവാദിത്തമാണ്, സാംസ്കാരികകേരളത്തിന്‍റെ ആവശ്യവുമാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios