പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.
റോക്കിംഗ് സ്റ്റാർ യാഷ് നായകനാകുന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ എന്ന ചിത്രത്തിന്റെ റിലീസ് തീയതിയിൽ മാറ്റം വരുത്തിയതായി നിർമാണ കമ്പനികളായ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും കെ.വി.എൻ പ്രൊഡക്ഷൻസും അറിയിച്ചു. 2026 ജൂൺ 4ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ചിത്രം, പുതിയ തീയതിയിൽ ആഗോളതലത്തിൽ വിപുലമായി റിലീസ് ചെയ്യാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. പുതുക്കിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.
അടുത്തിടെ നടന്ന സിനിമാകോൺ 2026 വേദിയിൽ ചിത്രത്തിന്റെ പ്രത്യേക അവതരണം ശ്രദ്ധേയമായ പ്രതികരണമാണ് നേടിയത്. ആഗോള വിതരണക്കാരിലും അന്താരാഷ്ട്ര സിനിമാ മേഖലയിലെ പ്രമുഖരിലും നിന്നുള്ള മികച്ച പ്രതികരണം ചിത്രത്തിന് കൂടുതൽ വലിയ അന്താരാഷ്ട്ര റിലീസിനുള്ള സാധ്യതകൾ തുറന്നതായാണ് റിപ്പോർട്ട്. ഇതോടെയാണ് ചിത്രത്തിന്റെ റിലീസ് പുതുക്കി ആലോചിക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചത്.
ചിത്രം പൂർത്തിയായിരിക്കുന്ന സാഹചര്യത്തിൽ ആഗോള വിതരണ കരാറുകളും പ്രധാന അന്താരാഷ്ട്ര പങ്കാളിത്തങ്ങളും ഉറപ്പാക്കുന്നതിനുള്ള നടപടികളിലാണ് നിർമ്മാതാക്കൾ. ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് ചിത്രം അതിന്റെ അർഹമായ വലിയ സ്കെയിലിൽ തന്നെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ റിലീസ് പ്ലാൻ തയ്യാറാക്കുന്നതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. യാഷും ഗീതു മോഹൻദാസും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഗീതു മോഹൻദാസ് തന്നെയാണ് സംവിധാനം ചെയ്യുന്നത്.
ചിത്രത്തെക്കുറിച്ച് യാഷ് പറഞ്ഞത് ഇങ്ങനെ:
"നമ്മൾ ചെയ്യുന്ന ചില സിനിമകൾക്ക് അപ്പുറം, സിനിമയെ എന്തുകൊണ്ടാണ് നമ്മൾ ഇഷ്ടപ്പെട്ടത് എന്ന് വീണ്ടും ഓർമ്മിപ്പിക്കുന്ന ചില സിനിമകളുണ്ട്. ‘ടോക്സിക്’ അത്തരമൊരു അനുഭവമാണ്. സിനിമാകോണിൽ ചിത്രം അവതരിപ്പിച്ചപ്പോൾ ലഭിച്ച ആഗോള പ്രതികരണം, ഈ ചിത്രം ലോകവ്യാപകമായി അതിന്റെ പൂർണ ശേഷിയിൽ എത്തണമെന്ന ഞങ്ങളുടെ വിശ്വാസത്തെ കൂടുതൽ ഉറപ്പിച്ചു.
ടോക്സിക് പൂർത്തിയായിരിക്കുന്നു, ആഗോള വിതരണ കരാറുകളും പ്രധാന അന്താരാഷ്ട്ര പങ്കാളിത്തങ്ങളും ഉറപ്പാക്കുന്നതിനുള്ള നടപടികളിലാണ് ഇപ്പോൾ ഞങ്ങൾ. ഇതിന്റെ ഭാഗമായാണ് റീലീസ് തീയതി പുതുക്കാൻ തീരുമാനിച്ചത്. നേരത്തെ പ്രഖ്യാപിച്ച പോലെ ജൂൺ 4 ന് റിലീസ് ചെയ്യുന്നില്ലെങ്കിലും, ആഗോളതലത്തിൽ യോജിച്ച മറ്റൊരു തീയതിയിൽ റിലീസ് ചെയ്യും. ടോക്സിക് ഉടൻ തന്നെ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും.
ഇന്ത്യൻ സിനിമ സ്വന്തം സ്വരം കണ്ടെത്തി ആഗോള വേദിയിലേക്ക് ഉയരുന്ന ഇത്തരമൊരു ഘട്ടത്തിൽ അതിന്റെ നിലവാരം ഉയർത്തേണ്ടത് നമ്മളൊരൊരുത്തരുടെയും ഉത്തരവാദിത്തമാണ്. ഒരു നടനെന്ന നിലയിലും നിർമ്മാതാവെന്ന നിലയിലും, ഇന്ത്യൻ സിനിമയ്ക്ക് വേണ്ടിയും നമ്മൾക്ക് എല്ലാവർക്കും വേണ്ടിയും എന്റെ ഉത്തരവാദിത്തം നിർവഹിക്കേണ്ട ഒരു അവസരമായി ഞാൻ ഇതിനെ കാണുന്നു. ഈ ചിത്രം ലോകത്തെത്തേണ്ട രീതിയിൽ എത്തിക്കാൻ വേണ്ട സമയം എടുക്കുന്നത് എന്റെ കടമയാണെന്ന് ഞാൻ വിശ്വസിക്കുന്നു."
ഓരോ ചുവടുവയ്പ്പിലും ഓരോ മാറ്റത്തിലും നിങ്ങളുടെ പിന്തുണ എന്നോടൊപ്പം ഉണ്ടായിരുന്നു, ഞാൻ അത് വളരെ നന്ദിയോടെ ഓർക്കുന്നു. ചില കഥകൾ ക്ഷമ ആവശ്യപ്പെടുന്നു. ചില യാത്രകൾ ക്ഷമ ആവശ്യപ്പെടുന്നു. ആസ്വദിക്കാനും ആഘോഷിക്കാനും ഒരു സിനിമ നിങ്ങൾക്ക് നൽകുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു - ഇന്ത്യൻ സിനിമയ്ക്ക് അഭിമാനകരമായ നിമിഷമായി നിലകൊള്ളുന്ന ഒരു സിനിമ. ”
യാഷിനൊപ്പം നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
കന്നഡയിലും ഇംഗ്ലീഷിലും ചിത്രീകരിച്ചിരിക്കുന്ന ചിത്രം, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും ഡബ്ബ് ചെയ്ത് പ്രേക്ഷകരിലേക്ക് എത്തും.
കെ.വി.എൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’, പുതിയ റിലീസ് തീയതിയോടെ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തും.
