കന്നഡ നടൻ ചിരഞ്‍ജീവി സര്‍ജയുടെ മരണം ആരാധകരെ വലിയ സങ്കടത്തിലാക്കിയിരുന്നു. മലയാളികളുടെ പ്രിയ താരം മേഘ്‍ന രാജിന്റെ ഭര്‍ത്താവാണ് ചിരഞ്‍ജീവി സര്‍ജ. ചിരഞ്‍ജീവി സര്‍ജയുടെ മരണ വാര്‍ത്ത ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. മേഘ്‍ന രാജ് ഗര്‍ഭിണിയായിരുന്നുവെന്നതും കുഞ്ഞിനെ കാണാനാകാതെയാണ് ചിരഞ്‍ജീവി സര്‍ജ വിടവാങ്ങിയതുമെന്ന വാര്‍ത്തയും വിഷമിപ്പിക്കുന്നതായിരുന്നു. ചിരഞ്‍ജീവി സര്‍ജ അച്ഛനാകാൻ പോകുന്നതിന്റെ വലിയ സന്തോഷത്തിലായിരുന്നുവെന്ന് അടുത്ത സുഹൃത്തായ യോഗിഷ് ദ്വാരകിഷ് പറയുന്നു.

ചിരഞ്‍ജീവി സര്‍ജയും മേഘ്‍ന രാജും ഒന്നിച്ചഭിനയിച്ച ആട്ടഗാര എന്ന സിനിമയുടെ നിര്‍മ്മാതാവാണ് യോഗിഷ് ദ്വാരകിഷ്. ചിരഞ്‍ജീവി സര്‍ജയുടെ വിയോഗം ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. വളരെ നല്ല മനുഷ്യനാണ് അദ്ദേഹം. ആട്ടഗാര എന്ന സിനിമയുടെ കഥ പറയുമ്പോള്‍ അത് അദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നു. അത് കൊമേഴ്‍സ്യലായിരുന്നില്ല. കാമ്പുള്ള സിനിമകള്‍ ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ലോക്ക് ഡൗണ്‍ കാരണം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാകുന്നതിന്റെ സന്തോഷത്തിലായിരുന്നു ചിരഞ്‍ജീവി സര്‍ജ. മേഘ്‍നയുമായി ഏറെ പ്രണയത്തിലായിയെന്ന് പറഞ്ഞിരുന്നു. അച്ഛൻ ആകാൻ പോകുന്നതിന്റെ വലിയ സന്തോഷത്തിലായിരുന്നു. മേഘ്‍നയ്‍ക്ക് വേണ്ടിയാണ് ഞാൻ ഇപ്പോള്‍ പ്രാര്‍ഥിക്കുന്നത്. അവരെന്റെ കുടംബത്തെ പോലെയാണ്. ചിരഞ്‍ജീവിയെ പോലൊരു സുഹൃത്തിനെ എനിക്കിനി എങ്ങനെ ലഭിക്കും. ചിരഞ്‍ജീവി സര്‍ജയുടെ വിയോഗം തന്നെ തകര്‍ത്തുകളഞ്ഞുവെന്നും യോഗിഷ് ദ്വാകിഷ് പറയുന്നു.