വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രം 'ജേഴ്‍സി'യുടെ സംവിധായകനൊപ്പം
വിജയ് ദേവെരകൊണ്ട പാൻ ഇന്ത്യൻ ചിത്രത്തില്‍ വീണ്ടും.

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളായ വിജയ് ദേവെരകൊണ്ടയുടെ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. 'ജേഴ്‍സി' എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ഗൗതം ടിന്നനുരിയുമായി വിജയ് ദേവെരകൊണ്ട കൈകൊര്‍ക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത. ചിത്രത്തിന്റെ അനൗണ്‍സ്‍മെന്റ് പോസ്റ്റര്‍ പുറത്തുവിട്ടിട്ടുണ്ട്. പൊലീസ് ഓഫീസറായിട്ടായിരിക്കും വിജയ് ദേവെരകൊണ്ട ചിത്രത്തില്‍ എത്തുക എന്നാണ് പോസ്റ്ററില്‍ നിന്ന് വ്യക്തമാകുന്നത്.
വിജയ് ദേവെരകൊണ്ടയുടേതായി 'ലൈഗര്‍' എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വിജയ് ദേവെരകൊണ്ടയുടെ പാൻ ചിത്രമായി രാജ്യമൊട്ടാകെ കൊട്ടിഘോഷിക്കപ്പെട്ടതായിരുന്നു എങ്കിലും തിയറ്ററുകളില്‍ വീണുപോയി. വിഷ്‍ണു ശര്‍മയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. പുരി ജഗന്നാഥ് സംവിധാനം ചെയ്‍ത ചിത്രത്തില്‍ അനന്യ പാണ്ഡെ ആണ് നായികയായിഎത്തിയത്.
യാഷ് രാജ് ഫിലിംസായിരുന്നു ചിത്രത്തിന്റെ വിതരണം. 100 കോടിയലിധകം ബജറ്റിലായിരുന്നു ചിത്രം നിര്‍മിച്ചത്. എന്നാല്‍ ബോക്സ് ഓഫീസില്‍ പ്രതീക്ഷകള്‍ നിറവേറ്റാനാകാതെ പോയ ചിത്രത്തിന് ചിലവാക്കിയ പണം പോലും നേടാനായില്ല. യുഎസില്‍ അടക്കമുള്ള രാജ്യങ്ങളിലായിരുന്നു ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചത്. മിക്സഡ് മാർഷ്യൽ ആർട്‍സ് താരമായാണ് വിജയ് ദേവെരകൊണ്ട 'ലൈഗറില്‍' അഭിനയിച്ചത്. ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് 'ലൈഗര്‍' എന്ന ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയാണ് പ്രദര്‍ശനത്തിന് എത്തിയത്. സംവിധായകൻ പുരി ജഗന്നാഥ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണ്‍ ചിത്രത്തില്‍ അതിഥി താരമായും എത്തി. രമ്യാ കൃഷ്‍ണൻ, റോണിത് റോയ്, വിഷു റെഡ്ഡി, അലി, മകരന്ദ് ദേശ്‍പാണ്ഡേ, ചങ്കി പാണ്ഡെ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തി.
വിജയ് ദേവരകൊണ്ടയുടേതായി റിലീസ് ചെയ്യാനുള്ള ചിത്രം 'ഖുഷി'യാണ്. ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ സംവിധാനം . വിജയ് ദേവെരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന ചിത്രമാണ് 'ഖുഷി'. ജയറാമും വിജയ് ദേവെരകൊണ്ടയുടെ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമ്പോള്‍ സച്ചിൻ ഖെഡേക്കര്‍, മുരളി ശര്‍മ, വെണ്ണെല കിഷോര്‍, രാഹുല്‍ രാമകൃഷ്‍ണ, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളായുണ്ട്.
Read More: വി കെ പ്രകാശിന്റെ സംവിധാനത്തില്‍ അനുപം ഖേര്‍, ഹിന്ദി ചിത്രം പ്രഖ്യാപിച്ചു