അന്ന് പട്ടാളക്കാരനായി മോഹൻലാലിനൊപ്പം, മമ്മൂട്ടിയുടെ മകനായ മുഖ്യമന്ത്രിയാകാനും ആ യുവ നടൻ
മുഖ്യമന്ത്രിയായിട്ട് മമ്മൂട്ടിയും ഉണ്ടാകും.

തമിഴകത്തിന്റെ യുവ നടൻമാരില്‍ പ്രധാനിയായ താരമാണ് ജീവ. മോഹൻലാല്‍ നായകനായ കീര്‍ത്തി ചക്രയെന്ന ചിത്രത്തില്‍ ഹവില്‍ദാര്‍ ജയ്‍കുമാര്‍ എന്ന വേഷത്തില്‍ എത്തി ജീവ പ്രേക്ഷകരുടെ പ്രിയം നേടിയിരുന്നു. ഇപ്പോഴിതാ ജീവ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ മകനായി എത്തുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. യാത്ര 2വില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി ജീവയുണ്ടാകും എന്ന് ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളൈ ട്വീറ്റ് ചെയ്‍തിരിക്കുകയാണ്.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായ വൈ എസ് രാജശേഖര റെഡ്ഡിയുടെ പദയാത്ര കേന്ദ്ര പ്രമേയമായിട്ടായിരുന്നു യാത്ര ഒരുങ്ങിയത്. മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തിയ തെലുങ്ക് ചിത്രം വൻ ഹിറ്റായി മാറി. മഹി വി രാഘവാണ് ചിത്രം സംവിധാനം ചെയ്‍തത്. ഇപ്പോള്‍ യാത്രയുടെ രണ്ടാം ഭാഗം സിനിമയുമായി എത്തുമ്പോള്‍ പ്രധാന്യം നിലവിലെ മുഖ്യമന്ത്രിയായ വൈ എസ് ജഗൻമോഹൻ റെഡ്ഡിക്കാണ്. തിരക്കഥയും മഹി വി രാഘവിന്റേതാണ്. മമ്മൂട്ടിയും യാത്ര രണ്ടില്‍ കുറച്ച് രംഗങ്ങളില്‍ ഉണ്ടാകുമെങ്കിലും വൈ എസ് ജഗൻമോഹൻ റെഡ്ഡിയായി വേഷമിടുന്ന ജീവയായിരിക്കും നായകൻ. മറ്റ് ആരൊക്കെയാകും യാത്രയുടെ രണ്ടാം ഭാഗത്തില്‍ ഉണ്ടാകുക എന്ന് വ്യക്തമായിട്ടില്ല.
യാത്രയില്‍ മമ്മൂട്ടിക്കൊപ്പം സുഹാസിനി, ജഗപതി ബാബു, റാവു രമേഷ്, അനസൂയ ഭരദ്വാജ്, സച്ചിൻ ഖെഡേകര്‍, വിജയചന്ദര്‍, തലൈവാസല്‍ വിജയ്, സൂര്യ, രവി കലേ, ദില്‍ രമേഷ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ വേഷമിട്ടിരുന്നു. സംഗീതം നല്‍കിയത് കെയായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് സത്യൻ സൂര്യനാണ്. വിതരണം ശിവ മേക ആയിരുന്നു.
പേരും പുള്ളിയിലൂടെ ബാല നടനായിട്ടായിരുന്നു സിനിമയില്‍ ജീവയുടെ അരങ്ങേറ്റം. ആശൈ ആശൈയിലൂടെ ജീവ നായകനായി. കട്ട്രധു തമിഴ് ജീവയുടേതായി ശ്രദ്ധയാകര്‍ഷിച്ചു. വരലരു മുഖ്യമാണ് ജീവ നായകനായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.
Read More: ഉദയനിധി സ്റ്റാലിൻ ലിയോയെ തടയുന്നോ?, വാര്‍ത്തയില്‍ വിശദീകരണവുമായി നിര്‍മാതാക്കള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക