30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ 'മീറ്റ് ദി ഡയറക്ടർ' സെഷനിൽ സംസാരിക്കുകയായിരുന്നു തനിഷ്ഠ ചാറ്റർജി
ഒരു വ്യക്തി ധരിക്കുന്ന വസ്ത്രമല്ല അയാളുടെ സ്വാതന്ത്ര്യബോധത്തെ നിര്‍വ്വചിക്കുന്നതെന്ന് സംവിധായികയും അഭിനേത്രിയുമായ തനിഷ്ഠ ചാറ്റർജി. 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയോട് അനുബന്ധിച്ച് നടന്ന 'മീറ്റ് ദി ഡയറക്ടർ' സെഷൻ, രാഷ്ട്രീയവും സാമൂഹികപരവുമായ വിഷയങ്ങളിലുള്ള ചലച്ചിത്ര പ്രവർത്തകരുടെ തുറന്ന ചർച്ചകൾക്ക് വേദിയായി. ഒരാളുടെ വസ്ത്രധാരണരീതി സാംസ്കാരികപരമായ സാഹചര്യങ്ങളെ ആശ്രയിച്ചുള്ള ശീലമാണ്, അത് അവരുടെ മാനസികമായ സ്വാതന്ത്ര്യത്തെ അളക്കുന്നതിനുള്ള മാനദണ്ഡമാകരുതെന്ന് അവർ പറഞ്ഞു.
ബുസാൻ ഫിലിം ഫെസ്റ്റിവലിൽ മേരി ക്ലെയർ വിഷണറി ഡയറക്ടർ അവാർഡ് നേടിയ തൻ്റെ സിനിമ 'ഫുൾ പ്ലേറ്റ്' ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ചതിലും കേരളത്തിലെ പ്രേക്ഷകരുടെ പ്രതികരണത്തിലും ഏറെ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. ഭക്ഷണം, മതം, ജാതി, വർഗ്ഗം എന്നിവയെല്ലാം ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളായി മാറിയ ഈ കാലഘട്ടത്തിൽ, ഈ വിഷയങ്ങളെ മുഖ്യധാരാസിനിമയുടെ ഘടകങ്ങളുമായി സമന്വയിപ്പിച്ച്, എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് താൻ 'ഫുൾ പ്ലേറ്റ്' ഒരുക്കിയതെന്നും തനിഷ്ഠ പറഞ്ഞു.
ആദിത്യ ബേബി, തൻ്റെ പുതിയ ചിത്രം 'ആംബ്രോസി'യെ മുൻ ചിത്രങ്ങളേക്കാൾ വലിയ കാൻവാസിൽ ചെയ്ത പരീക്ഷണാത്മക സിനിമയെന്നാണ് വിശേഷിപ്പിച്ചത്. ഓസ്കർ എൻട്രിക്ക് പപ്പുവാ ന്യൂഗിനിയ തിരഞ്ഞെടുത്ത 'പാപ ബുക്ക' എന്ന ചിത്രത്തിൻ്റെ സംവിധായകൻ ഡോ. ബിജുവും സെഷനിൽ പങ്കെടുത്തു. രണ്ടാം ലോകമഹായുദ്ധത്തിൽ അജ്ഞാതരായി മരണപ്പെട്ട ഇന്ത്യൻ സൈനികരുമായി ബന്ധപ്പെട്ട ഗവേഷണങ്ങളാണ് ഈ ചിത്രത്തിൻ്റെ മൂലകഥാതന്തുവെന്ന് അദ്ദേഹം പറഞ്ഞു. ചിലിയൻ സംവിധായകൻ പാബ്ലോ ലാറെയ്ൻ, അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ നിന്നുള്ള ‘ദ ഇവി’യുടെ ഇക്വഡോറിയൻ സംവിധായിക അന്ന ക്രിസ്റ്റീന ബരാഗൻ, അരങ്ങേറ്റ ചിത്രമായ ‘സോങ്സ് ഓഫ് ഫൊർഗോട്ടൻ ട്രീസു’മായി എത്തിയ അനുപർണ്ണ റോയ് എന്നിവരും മേളയിലെ തങ്ങളുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും സദസ്സുമായി പങ്കുവെച്ചു.
ചലച്ചിത്ര സംവിധായകൻ ബാലു കിരിയത്ത് മോഡറേറ്ററായ സെഷനിൽ, കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് കൂട്ടായ്മയിൽ പിറന്ന ‘കാത്തിരിപ്പ്’ സിനിമയുടെ സംവിധായകൻ നിപിൻ നാരായൺ, 'ഒരു അപസർപക കഥ’യുടെ സംവിധായകൻ അരുൺ വർഗീസ് എന്നിവരും പങ്കെടുത്തു.



