മുപ്പതാമത് ഐഎഫ്എഫ്കെയിൽ അന്താരാഷ്‌ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഖിഡ്കി ഗാവ് എന്ന ചിത്രത്തിന്റെ സംവിധായകൻ സഞ്ജു സുരേന്ദ്രനുമായി അഭിമുഖം

ദേശീയ പുരസ്‌കാര ജേതാവ് സഞ്ജു സുരേന്ദ്രന്റെ രണ്ടാം ഫീച്ചർ സിനിമയായ ഖിഡ്കി ഗാവ് (If On A Winter's Night) മുപ്പതാമത് ഐഎഫ്എഫ്കെയിൽ അന്താരാഷ്‌ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നു. ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഹൈലൈഫ് വിഷൻ അവാർഡ് കരസ്ഥമാക്കിയ ചിത്രത്തിന്റ വിശേഷങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഓണലൈനുമായി പങ്കുവയ്ക്കുന്നു സംവിധായകൻ സഞ്ജു സുരേന്ദ്രൻ.

എന്താണ് ഖിഡ്കി ഗാവ്?

ഖിഡ്കി ഗാവ് ഡൽഹി ബേസ് ചെയ്തിട്ടുള്ള ഒരു സിനിമയാണ്. ഡൽഹിയിലുള്ള ഒരു സ്ഥലത്തിന്റെ പേരാണ് ഖിഡ്കി ഗാവ് എന്നുള്ളത്. പ്രധാനമായിട്ടും ആർട്ടിസ്റ്റുകളോ അല്ലെങ്കിൽ സ്റ്റുഡൻ്റ്സോ അങ്ങനെ ആൾക്കാരൊക്കെ താമസിക്കുന്ന സ്ഥലമാണ്. കുറച്ചുംകൂടി ഒരു ചീപ്പ് അക്കോമഡേഷൻ ഒക്കെ അവിടെ കിട്ടും. രസമുള്ള ഒരു കൾച്ചറും സംഭവങ്ങളും ഒക്കെയുള്ള ഒരു സ്പേസ് ആണ് ഖിഡ്കി ഗാവ്. അപ്പോ ആ ഒരു സ്പേസിനെ ബേസ് ചെയ്തിട്ടാണ് നമ്മുടെ കഥ നടക്കുന്നത്. അതിലൊരു മൂന്ന് കഥകൾ ഇഴചേരുന്ന രീതിയിലാണ് നമ്മൾ ചെയ്തിട്ടുള്ളത്. ഇംഗ്ലീഷ് ടൈറ്റിൽ വരുന്നത് 'ഇഫ് ഓൺ എ വിന്റേഴ്സ് നൈറ്റ്' എന്നുള്ള രീതിയിലാണ്. ഡൽഹി പശ്ചാത്തലമായിട്ടുള്ള, ഡൽഹിയിൽ നടക്കുന്ന മലയാളികളുടെ ഒരു കഥ എന്നുള്ള രീതിയിലാണ് സിനിമ ചെയ്തിട്ടുള്ളത്.

ഡൽഹി ഒരു പ്രധാന കഥാപാത്രം

ഒരു ക്ലോസർ ആയിട്ടുള്ള ഹ്യൂമൻ റിലേഷൻഷിപ്പിൽ ലെൻസ് ഫോക്കസ് ചെയ്യുകയാണ് ഈ ചിത്രത്തിൽ. അതായത് മനുഷ്യ ബന്ധങ്ങൾ, സൗഹൃദങ്ങൾ അല്ലെങ്കിൽ ഒരു മോഡേൺ റിലേഷൻഷിപ്സ് അതിനെക്കുറിച്ചുള്ള ഒരു എക്സ്പ്ലോറേഷൻസ് ഈയൊരു തരത്തിലാണ് സിനിമ ചെയ്തിരിക്കുന്നത്. ഒപ്പം തന്നെ ഈ സിറ്റി സ്പേസ് അതിലൊരു ഇംപോർട്ടന്റ് ക്യാരക്ടർ ആയിട്ട് മാറുകയാണ്. ഡൽഹി എന്ന് പറഞ്ഞ നഗരം വളരെ ഇംപോർട്ടന്റ് ആയിട്ടുള്ള ഒരു ക്യാരക്ടർ ആവുകയാണ്. ഒരു വിനോദസഞ്ചാര കേന്ദ്രത്തെ എന്ന തരത്തിലുള്ള ഡൽഹിയല്ല നമ്മൾ ചിത്രീകരിച്ചിരിക്കുന്നത്. സാധാരണക്കാർ അവിടെ പോകുന്ന സമയത്ത് കാണുന്നതും എക്സ്പീരിയൻസ് ചെയ്യുന്നതും അല്ലെങ്കിൽ ഫീൽ ചെയ്യുന്നതുമായിട്ടുള്ള ഒരു ഡൽഹി ഉണ്ട്. അപ്പോ അങ്ങനത്തെ ഒരു ഡൽഹിയുടെ ഒരു ഫീലും സംഭവവുമാണ് നമ്മൾ കൊണ്ടുവന്ന് ശ്രമിച്ചിട്ടുള്ളത്. അപ്പോ കുറേകൂടി ഒരു ഇന്റർപേഴ്സണൽ ഹ്യൂമൻ റിലേഷൻഷിപ്സ്, പുതിയ കാലത്തിലെ പ്രണയങ്ങൾ, ലോങ്ങ് ഡിസ്റ്റൻസ് റിലേഷൻഷിപ്സ്, ഡേറ്റിംഗ് അത്തരത്തിലുള്ള സംഭവങ്ങളെക്കുറിച്ചുള്ള ഒരു ഒരു ആലോചനകളൊക്കെയാണ് സിനിമയിലുള്ളത്. 

ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം നേടിയപ്പോഴുണ്ടായ പ്രേക്ഷക പ്രതികരണം

ബുസാൻ സത്യത്തിൽ ഒരു മനോഹരമായ അനുഭവമായിരുന്നു, ഞാൻ ആദ്യമായാണ് പുറത്തുള്ള ഒരു അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്. അവിടുത്തെ പ്രേക്ഷകർ വളരെ റിസപ്റ്റീവ് ആയിട്ടുള്ള രീതിയിലായിരുന്നു സിനിമയെ സ്വീകരിച്ചിട്ടുണ്ടായിരുന്നത്. സിനിമയായിട്ട് വളരെയധികം ഇൻവോൾവ് ആയിട്ടാണ് സിനിമയെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും സംസാരിക്കുന്നതൊക്കെ. സിനിമ കഴിഞ്ഞതിന് ശേഷമുള്ള ചോദ്യോത്തര വേള ഗംഭീരമായിരുന്നു. നമ്മുടെ സിനിമയുടെ എല്ലാവരും അവിടെയുണ്ടായിരുന്നു. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഭാനുപ്രിയയും, റോഷനും ഉണ്ടായിരുന്നു. അവരെ സംബന്ധിച്ചും മികച്ച അനുഭവമായിരുന്നു ബുസാൻ. റെഡ് കാർപ്പറ്റ് ഒക്കെ നന്നായിരുന്നു, റോഷന്റെ കോസ്റ്റ്യൂം ഒക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

റോഷനും ഭാനുപ്രിയയും മറ്റ് കാസ്റ്റിംഗും

എന്റെ ഒരു ഐഡിയയിൽ ഇപ്പോൾ സിനിമയിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് കാസ്റ്റിങ്ങ്. അത് ലൊക്കേഷൻ കാസ്റ്റിംഗ് ആയിക്കോട്ടെ, അതേസമയം ആക്ടേഴ്സിന്റെ കാസ്റ്റിംഗ് ആയിക്കോട്ടെ. പൊതുവെ അതിന് ഒരുപാട് സമയം ആവശ്യമായി വരാറുണ്ട്. ഈ സിനിമയിൽ ചില ആക്ടേഴ്സ് വളരെ ഫിക്സ്ഡ് ആയിരുന്നു. തുയടക്കം മുതലേ അവരുണ്ടായിരുന്നു. റോഷൻ ആദ്യം മുതലേ ഈ ഒരു പ്രൊജക്റ്റിന്റെ ഭാഗം ആയിരുന്നു. റോഷന് ഒരു നിഷ്കളങ്കതയുണ്ട്. അത് ഈ കഥാപാത്രത്തിന് ചേരുന്നതായിരുന്നു. ഭാനുപ്രിയ ലാസ്റ്റ് മിനിറ്റിലാണ് വരുന്നത്. പക്ഷെ ഭാനു പെട്ടെന്ന് തന്നെ ആ ഒരു സ്ക്രിപ്റ്റ് പഠിച്ചെടുത്തിരുന്നു. പെട്ടെന്ന് തന്നെ കഥാപാത്രത്തിന്റെ മൂഡിലേക്ക് എത്തിയിട്ടുണ്ടായിരുന്നു. ഭാനുവും റോഷനും തമ്മിലുള്ള കെമിസ്ട്രിയും വളരെ നല്ലതായിരുന്നു. ഡൽഹിയിൽ വന്നതിന് ശേഷമാണ് ആദ്യമായി അവർ തമ്മിൽ കാണുന്നത് തന്നെ. ആ കെമിസ്ട്രി രൂപപ്പെട്ടതുകൊണ്ട് തന്നെ നമുക്ക് കുറച്ചുകൂടി ഇമ്പ്രവൈസ് ചെയ്യാനും ചില രംഗങ്ങൾ വേറെ രീതിയിൽ ശ്രമിച്ചുനോക്കാനൊക്കെ വളരെയധികം സഹായിച്ചു. ഒപ്പം തന്നെ എടുത്ത് പറയേണ്ട രണ്ട് പേരാണ് ജിതേഷും ആരതിയും. ജിതേഷ് കെ. ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എന്റെ സ്റ്റുഡന്റ് ആയിരുന്നു. ജിതേഷ് വളരെ മനോഹരമായിട്ടാണ് ആ ഒരു ക്യാരക്ടറിനെ പോർട്രൈ ചെയ്തിട്ടുള്ളത്. സിനിമ കണ്ടാൽ മനസിലാവും വളരെ ഗ്രേസ്ഫുൾ ആയാണ് ജിതേഷ് ചെയ്‌തിട്ടുള്ളത്‌. അതുപോലെ തന്നെ ആരതിയുടെ കഥാപാത്രം. ആരതി കഥാപാത്രത്തിന് വളരെ അനുജോജ്യമായ ഒരാളായിരുന്നു.

തിരക്കഥാകൃത്തായി ഡോ. രേഖ രാജ്

ഇതൊരു ഇൻഡിപെൻഡന്റ് സ്ക്രിപ്റ്റ് ആണ്. പൊതുവായി നമുക്ക് പല ഫിലിം പ്രൊജക്റ്റുകളെ കുറിച്ചുള്ള ഐഡിയകളും മറ്റുമൊക്കെ ഉണ്ടായിരിക്കും. പക്ഷെ അത് പലതും നടക്കാറില്ല. നടന്നത് ഈ പ്രൊജക്ട് മാത്രമാണ്. ഏദന്റെ സമയത്ത് ഞാൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വർക്ക് ചെയ്യുകയായിരുന്നു. ആ സമയത്ത് രേഖയാണ് എസ്. ഹരീഷിന്റെ കഥകൾ പരിചയപ്പെടുത്തുന്നത്. ഹരീഷിന്റെ കഥകൾ എനിക്ക് ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു. അപ്പൊ ഹരീഷിനായിട്ട് സംസാരിച്ചു. പിന്നെ നമ്മളത് സ്ക്രിപ്റ്റ് ആയിട്ടുള്ള രീതിയിൽ ഡെവലപ്പ് ചെയ്യുകയും സിനിമ ചെയ്യുകയുമാണ് ചെയ്തിട്ടുണ്ടായിരുന്നത്. രേഖയാണ് ഇതിന്റെ സ്ക്രിപ്റ്റ് ചെയ്തത്. എല്ലാ വിന്റർ സീസണിലും നമ്മളിത് ചിത്രീകരിക്കണമെന്ന് വിചാരിച്ചിട്ടുണ്ടായിരുന്നു. പല കാരണങ്ങൾകൊണ്ടും അത് നടന്നില്ല. ഒരു പ്രൊഡ്യൂസർ ഈ സിനിമയ്ക്ക് വന്നിട്ടുണ്ടായിരുന്നു. പക്ഷെ അവസാന നിമിഷം അദ്ദേഹം പിന്മാറി. അതിനുശേഷം നമ്മൾ തന്നെ എല്ലാ റിസോഴ്സും കണ്ടെത്തി, സുഹൃത്തുക്കളുമായി ചേർന്നാണ് ചെയ്തത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി പായൽ കപാഡിയ

പായൽ സത്യത്തിൽ ഒരു ഇന്റർനാഷണൽ സെലിബ്രിറ്റിയാണ്. കാരണം നമ്മൾ ജപ്പാനയിലുള്ള ആരെയെങ്കിലും പരിചയപ്പെടുമ്പോൾ എഫ്ടിഐഐലാണ് പഠിച്ചത് എന്ന് പറയുമ്പോൾ അവർക്ക് പെട്ടെന്ന് മനസിലാവും. ഞാൻ പായലിന് സിനിമ അയച്ചു കൊടുത്തിട്ടുണ്ടായിരുന്നു. പായലിന് അത് വളരെയധികം ഇഷ്ടപ്പെട്ടു. ഞങ്ങൾ അതിനെ കുറിച്ച് ഒരുപാട് ചർച്ച ചെയ്തിരുന്നു. അങ്ങനെയാണ് പായൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി എത്തുന്നത്.

എട്ട് വർഷങ്ങൾക്ക് ശേഷം രണ്ടാമത്തെ സിനിമയുമായി ഐഎഫ്എഫ്കെയിൽ

കോളേജിൽ പഠിക്കുന്ന കാലംതൊട്ടേ ഐഎഫ്എഫ്കെയിൽ പോകുന്നുണ്ട്. ഇപ്പോഴും ഓർമ്മയുണ്ട് സുഹൃത്തിനൊപ്പം ആദ്യമായി ഐഎഫ്എഫ്കെയ്ക്ക് പോകുന്ന സമയത്ത് ഒരു സംവിധായകനെ ട്രെയിനിൽ വച്ച് പരിചയപ്പെടുന്നു, അവരുമായി സിനിമയെ പറ്റി സംസാരിക്കുന്നു. ഞാൻ ഞാൻ തൃശ്ശൂരാണ് പഠിച്ചിട്ടുണ്ടായിരുന്നത്. അവിടെ ഓൾറെഡി ഒരു നല്ല ഫിലിം കൾച്ചറും അതുപോലെ ഫിലിം സൊസൈറ്റീസും ഒക്കെ ഉണ്ടായിരുന്നു. ഐഎഫ്എഫ്കെയിൽ പോയത് കൊണ്ട് കുറെയേറെ പുതിയ സിനിമകൾ കാണാൻ കഴിഞ്ഞിരുന്നു. എന്റെയൊരു ഫിലിമോഗ്രഫി നോക്കുന്ന സമയത്ത്, എന്റെ ഡിപ്ലോമ സിനിമ ഉണ്ട്. നെടുമുടി വേണു ചേട്ടൻ ഒക്കെയാണ് അതിൽ അഭിനയിച്ചിട്ടുണ്ടായിരുന്നത്. അത് ഐഎഫ്എഫ്കെയിൽ സെലക്ഷന് ഉണ്ടായിരുന്നു. ഇരുപത്തിരണ്ടാം ഐഎഫ്എഫ്കെയിൽ ഏദൻ തിരഞ്ഞടുക്കപ്പെട്ടിരുന്നു, ഇതിപ്പോൾ മുപ്പതാമത്തെ ഐഎഫ്എഫ്കെയായി. എന്റെ സിനിമാജീവിതത്തിൽ ഐഎഫ്എഫ്കെയ്ക്ക് വലിയ പങ്കുണ്ട്. ഇതിപ്പോൾ ഒരു ഹോംകമിങ്ങ് പോലെയുണ്ട്. ബുസാനിൽ പോയി, അവാർഡ് നേടി, പക്ഷെ ഇതിപ്പോൾ സുഹൃത്തുക്കൾക്കും കാണാൻ കഴിയും. അത് വ്യത്യസ്തമായ ഒരനുഭവമാണ്.

ഐഎഫ്എഫ്‌കെ പ്രതീക്ഷകൾ, മാറ്റങ്ങൾ

സത്യത്തിൽ ഇത് വളരെ നല്ലതാണ്. നല്ല ഫിലിം മേക്കേഴ്‌സിനെ, പുതിയ സംവിധായകരെ, സ്വതന്ത്ര സംവിധായകരെയെല്ലാം അവർ പ്രൊമോട്ട് ചെയ്യുന്നുണ്ട്. അത് നല്ലതാണ്. ആ വർഷത്തെ പ്രധാന മെയിൻസ്ട്രീം സിനിമകൾ, ഇൻഡസ്ട്രിയിൽ ലാൻഡ്മാർക്ക് ആയിട്ടുള്ള സിനിമകൾ എന്നിവയ്ക്ക് മാത്രമായി ഗാല സെഷൻ പോലെയുള്ളത് വച്ചാൽ നല്ലതായിരിക്കും. ഡൈവേഴ്സിറ്റി, ഇൻക്ലൂഷൻ ഒക്കെയുണ്ടാവുന്നത് ഫെസ്റ്റിവലിന് ഗുണം ചെയ്യും. ബെർലിനിൽ എല്ലാം അങ്ങനെയുണ്ട്. ചില ബോളിവുഡ് സിനിമകളെല്ലാം അവിടെ സ്‌ക്രീൻ ചെയ്യാറുണ്ട്.

ഇഷ്ടപ്പെട്ട ഫിലിംമേക്കേഴ്‌സ്

രണ്ട് പ്രധാന ഫിലിം മേക്കേഴ്‌സ് ആണുള്ളത്. ഒന്ന് തീർച്ചയായും മണി കൗൾ. എനിക്ക് തോന്നുന്നത് മണി കൗൾ ഇന്ത്യയിൽ നിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട ഫിലിംമേക്കേഴ്‌സിൽ ഒരാളാണ്. അബ്ബാസ് കിയറോസ്തമിയെ പോലെയൊരു സ്വീകാര്യത മണി കൗളിന് കിട്ടിയിട്ടുണ്ടോ എന്നുള്ളത് സംശയമാണ്. ഷിമോൺ ഘടക്കുമായുള്ള അദ്ദേഹത്തിന്റെ ഒരു അഭിമുഖം വായിക്കുകയായിരുന്നു ഞാൻ. സിനിമയെ കുറിച്ചുള്ള വ്യക്തമായ ധാരണ, ചിന്തകളിലുള്ള വ്യക്തത എല്ലാം കാണാൻ കഴിയും. ഇൻസ്റ്റിറ്റ്യൂട്ടിൽ എന്റെ അധ്യാപകനായിരുന്നു. മനോഹരമായ അനുഭവമായിരുന്നു അത്. അന്നത്തെ ഞങ്ങൾ ഒൻപത് പേരുടെ ജീവിതത്തിലും വലിയ സ്വാധീനമാണ് അത് ചെലുത്തിയത്. എഴുത്തിന്റെ കാര്യത്തിലും വർക്കുകളുടെ കാര്യത്തിലും മണി കൗൾ ഏറ്റവും പ്രധാനപ്പെട്ട ഫിലിംമേക്കർ തന്നെയാണ്. പിന്നെയൊരാൾ റോബർട്ട് ബ്രസൺ ആണ്. നോട്ട്സ് ഓൺ ദി സിനിമാട്ടോഗ്രാഫർ എന്ന അദ്ദേഹത്തിന്റെ പുസ്തകമുണ്ട്. സിനിമയുടെ ബൈബിൾ എന്ന് പറയാം അതിനെ. അദ്ദേഹത്തിന്റെ സിനിമയെ കുറിച്ചും, ജീവിതത്തെ കുറിച്ചുമുള്ള മനസിലാക്കലുകളാണ് ആ പുസ്തകം. ചില സമയത്ത് പോയട്രി പോലെയൊക്കെ തോന്നാറുണ്ട്. സിനിമയുടെ ആത്മാവിനെ സ്പർശിച്ച ചുരുക്കം ചില ഫിലിംമേക്കേഴ്‌സേയുള്ളൂ. റോബർട്ട് ബ്രസൺ അത്തരത്തിലൊരാളാണ്. വളരെ വിഷണറി ആയിട്ടുള്ള ഫിലിം മേക്കർ ആണ്. മണി കൗളിനെയും അങ്ങനെ തന്നെയാണ് ഞാൻ കാണുന്നത്.